ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ ആകർഷണമാണ്.ഒന്നുരണ്ട് വർഷങ്ങൾ കഴിഞ്ഞ് തീവ്രമായ അഭിനിവേശമായപ്പൊഴും അഭിമാനം വിട്ട് കളിച്ചില്ല.ഒരു തവണ പോലും അവനോട് അങ്ങോട്ടുചെന്ന് ഒന്നും പ്രകടിപ്പിക്കാൻ പോയിട്ടില്ല.അവൻ സ്ക്കൂളിലെ ഏറ്റവും സമർത്ഥനായ കുട്ടിയൊന്നും ആയിരുന്നില്ല ,ഗംഗ ഓർത്തു. പക്ഷെ തീർച്ചയായും അന്നുവരെ (ഇന്നുവരെയും) കണ്ടിട്ടുള്ള ആണ്‍കുട്ടികളിൽ ഏറ്റവും സുന്ദരൻ അവൻ തന്നെയായിരുന്നു. അച്ഛൻറെ ഡെന്റൽ ക്ലിനിക്കിലിരിക്കുമ്പോൾ പല്ലുവേദനയുമായി അവൻ അമ്മയേയും കൂട്ടി വന്നു . “ഈ കുട്ടിയെ എനിക്കറിയാം. ഏഴ് സീയിലാണ്” എന്നു പറഞ്ഞതോടെയാണ് എല്ലാം തുടങ്ങിയത്.അവൻ പത്ത് ബീയിലാണെന്നും പേര് വിനോദെന്നാണെന്നും ജനാലയോട് ചേർന്നാണ് ഇരിക്കുന്നതെന്നും അദ്ധ്യാപകരുടെ മുറിയിൽ കയറിച്ചെല്ലാൻ ധൈര്യമുള്ളവനാണെന്നും ഒരുപാട് പെണ്‍കുട്ടികൾ മോഹിക്കുന്നവനാണെന്നും തനിക്കും അറിയാമായിരുന്നു.
പത്ത് കഴിഞ്ഞാൽ അവൻ കാണാമറയത്താകുമോ എന്ന് പേടിയുണ്ടായിരുന്നു.മഹാഭാഗ്യത്തിന് തങ്ങളുടെ ബസിൽ തന്നെ അവൻ കോളേജിൽ പോകാൻ തുടങ്ങിയതോടെ സമാധാനമായി. ഒന്നുരണ്ട് തവണ അവൻറെ പുസ്തകങ്ങളും ചോറുപൊതിയും പിടിക്കാനേൽപ്പിച്ചിട്ടുണ്ട്. നിധി പോലെയാണവ വാങ്ങി സൂക്ഷിച്ചത്. അവൻ സദാ പുഞ്ചിരി പൊഴിക്കുന്നവനും കുലീനനുമായിരുന്നു.പിന്നീടെപ്പൊഴോ അവനെ കാണാതെയായി.
റോബിനോട് ഇഷ്ടം തോന്നിയത് അവന്റെ ചിരിക്ക് വിനോദിന്റെ ചിരിയുമായി സാമ്യമുള്ളതുകൊണ്ടാണ്.താൻ അവനെ ശ്രദ്ധിക്കുന്നത് കണ്ട് അവൻ തന്നെയും ശ്രദ്ധിക്കാൻ തുടങ്ങി.അവന്റെയൊപ്പം കോളേജിനു പിന്നിലുള്ള കശുമാവിൽ കയറി കണ്ണോടു കണ്ണ് നോക്കിയിരുന്നു. വേറൊരു പെണ്‍കുട്ടിയുമായി അവൻ അതേപടി ഇരിക്കുന്നതുകണ്ടിട്ടും തൻറെ ഊഴം കാത്തിരുന്നതല്ലാതെ കലമ്പലൊന്നുമുണ്ടാക്കിയില്ല.അവനിലൂടെ താൻ വിനോദിനെ തേടുക മാത്രമായിരുന്നു .അതാണ് കാരണം.പക്ഷെ മാസങ്ങൾ കടന്നുപോയതോടെ അവൻ സ്വന്തം നിലയിൽ തന്നെ തന്റെ ഉള്ളിൽ സ്ഥാനം നേടി. അവൻറെ ബൈക്കിനു പിന്നിൽ ഒരു തവണ നഗരം ചുറ്റി.പെട്ടെന്നു വേഗം കൂട്ടിയും ബ്രേക്ക് ചവിട്ടിയും അവൻ വണ്ടിയോടിച്ചു.പ്രാണനും മാനവും കയ്യിലെടുത്ത് പിന്നിലിരുന്നു.
അച്ഛന്റെ കണ്ണിൽ പെട്ടെന്നത് മാസങ്ങൾക്കു ശേഷമാണറിഞ്ഞത്. അച്ഛൻ കല്ല്യാണമാലോചിക്കാൻ തുടങ്ങിയത് നല്ലൊരു കാര്യമായാണ് തോന്നിയത്.പ്രണയവും വിവാഹവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതുണ്ടെന്നു തോന്നിയില്ല.അതുകൊണ്ടുതന്നെ ഉല്ലാസത്തോടെയാണ് മധുവിനൊപ്പം കതിർമണ്ഡപത്തിലിരുന്നത്.
കുറ്റങ്ങളും കുറവുകളുമില്ലാത്ത വ്യക്തിത്വം എന്ന നിലയിൽ മധു ആദ്യകാലങ്ങളിൽ വിസ്മയിപ്പിച്ചു.തുടർന്നങ്ങോട്ട് മധുവിൻറെ എല്ലാക്കാര്യങ്ങളിലുമുള്ള യാന്ത്രികമായ പൂർണ്ണത വിഷമിപ്പിക്കാൻ തുടങ്ങി.ഒന്നു ശണ്ഠകൂടാനും മുഷിയാനും കൂടി അവസരമില്ലെങ്കിൽ പിന്നെന്ത് ദാമ്പത്യം! ഒന്നുരണ്ട് തവണ കാരണമുണ്ടാക്കി വഴക്കുകൂടി നോക്കി.മധു പുൽക്കൊടിപോലെ താണ് ആത്മപരിശോധന നടത്തി സ്വന്തം ‘കുറ്റം’ കണ്ടുപിടിച്ചതോടെ അവിടെയും തോറ്റു.
ഇരുപത് വർഷങ്ങൾക്കിടയിൽ മധുവിനെ ഒരു തവണ പോലും തെറ്റുപറ്റി കണ്ടിട്ടില്ല.അദ്ധ്വാനി, പക്വമതി,സ്നേഹ സമ്പന്നൻ, മാന്യൻ,കുടുംബവും സമൂഹവും ഒരുപോലെ നോക്കുന്നവൻ ഇങ്ങനെയൊക്കെയാണ് മധുവിനെ ഏവരും വിശേഷിപ്പിക്കുന്നത്. കുട്ടികളും അതേ വഴി തന്നെ വളർന്നു വന്നത് വിസ്മയിപ്പിച്ചു . കുത്തിയിരുന്ന് പഠിക്കുന്ന ശീലം ,വികൃതി പോയിട്ട് കുസൃതി പോലുമില്ല, എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്തം , കുട്ടികളും പേരെടുക്കാൻ തുടങ്ങി.തനിക്കുള്ള പേര് ‘ഭാഗ്യവതി’ എന്നും. ഇരട്ടക്കുട്ടികൾ രണ്ടുപേർക്കും മെഡിസിന് കിട്ടിയപ്പോൾ മധു എല്ലാവരുടെയും മുമ്പിൽ വച്ച് തന്നെ ചേർത്തുപിടിച്ച് പറഞ്ഞു , “എല്ലാം ഗംഗയുടെ ഭാഗ്യം”.
ഫെയ്സ്ബുക്ക് കാലഘട്ടമായപ്പോൾ താനും അതിൽ ഊളിയിടാൻ തുടങ്ങി.റോബിൻ തന്നെ കണ്ടുപിടിച്ചു.താൻ വിനോദിനേയും തിരഞ്ഞു പിടിച്ചു .ഇരുവരുമായും ചാറ്റിങ്ങും ശീലമായി.വിനോദ് ചെന്നൈയിൽ ജോലി സമ്മർദത്തിൽ പെട്ടുകിടക്കുന്ന ബാങ്ക് ഓഫീസറാണ്.റോബിൻ അഭിഭാഷകനും. വിനോദ് ദിവസം കഴിയും തോറും കൂടുതൽ അടുത്തു.പഴയ കൊച്ചുകൊച്ചു കാര്യങ്ങൾ ഓർമ്മിപ്പിക്കുമ്പോൾ അത്ഭുതപ്പെട്ടു.റോബിൻ ആള് പാടെ മാറി.പൂർണ്ണമായും നേരെ ചൊവ്വെ പ്രകൃതമായിരിക്കുന്നു.എങ്കിലും പഴയ ഉല്ലാസത്തിന് മാറ്റമൊന്നുമില്ല.
ഇരുവരും തന്നെക്കാത്ത് പാതിരാത്രികളിൽ ഫെയ്സ്ബുക്കിൽ കിടന്നു.ഒരേ സമയം ഇരുവരുമായും ചാറ്റിങ് പലതവണ നടത്തി.അതൊരു വല്ലാത്ത അനുഭൂതിയായിരുന്നു.ഇരുവരെയും ഒരുമിച്ചു കാണാനുള്ള ആഗ്രഹം അങ്ങനെയാണ് ഉണ്ടായത്. അവർ തമ്മിൽ സംസാരിക്കുന്നത് കാണണം.ഇരുവരോടും ഒരേ സമയം സംസാരിക്കണം.അതിന്റെ അനുഭൂതിയും നൊമ്പരവുമൊന്നറിയണം. മധുവിനോട് പറഞ്ഞാൽ ഒരു പ്രയാസവുമില്ലാതെ മോഹം സാധിച്ചു തരും.മധു ഇതും ഇതിനപ്പുറവും താങ്ങും.എങ്കിലും പറയുന്നത് ക്രൂരതയാണ്.വേറെ എന്തെങ്കിലും വഴി നോക്കണം.
അങ്ങനെയാണ് ഇരുപതാം വിവാഹ വാർഷികം ആഘോഷിക്കുന്ന കാര്യം അവതരിപ്പിച്ചത്. കുട്ടികൾക്ക് പരീക്ഷ കഴിഞ്ഞിരിക്കും (വിനോദ് നാട്ടിൽ എത്തുന്നുമുണ്ട്).മധു ഒരുക്കങ്ങൾ തുടങ്ങി.മധുവിന്റെ
സുഹൃദ് ശൃംഖലയിലെമ്പാടും ക്ഷണം പോയി .കുട്ടികളും ധാരാളം പേരെ ക്ഷണിച്ചു.തനിക്ക് ക്ഷണിക്കാൻ രണ്ടുപേരേ ഉണ്ടായിരുന്നുള്ളു.
വാർഷിക ദിനത്തിന് വിനോദും റോബിനും ഏതാണ്ട് അടുത്തടുത്താണ് എത്തിയത്. അപ്പോഴേക്കും ധാരാളം ആളുകൾ വന്നുകഴിഞ്ഞിരുന്നു. ഇരുവർക്കും ഒരുപാട് സുഹൃത്തുക്കൾ അവിടെ ഉണ്ടായിരുന്നു.കഷ്ടപ്പെട്ടിട്ടാണ് രണ്ടുപേരെയും ഒരുമിച്ചാക്കിയത്. മാറിനിന്ന് നോക്കുമ്പോൾ അവർ ഹസ്തദാനം നടത്തി പിരിയുന്നു. തങ്ങളുടെ സുഹൃത്തുക്കളുടെ സമീപത്തേക്ക് പോകുന്നു.ഒരു തവണ കൂടി ഒരുമിച്ചാക്കി കുറെ സംസാരിച്ചു.മധു കടന്നുവന്ന് ഇരുവരെയും ആഴത്തിൽ തന്നെ പരിചയപ്പെട്ടു.
റോബിൻ തിരക്കുണ്ടെന്നു പറഞ്ഞ് ആദ്യം മടങ്ങി.അൽപം കൂടിക്കഴിഞ്ഞ് വിനൊദും യാത്ര പറയാനെത്തി.ഇരുവരും പോകുന്നതിനുമുമ്പ് തന്റെ കണ്ണിൽ കുറെ നേരം നോക്കി.വിനോദ് കരം മൃദുവായമർത്തുക കൂടി ചെയ്തു.മതി.അവരിരുവരും പരസ്പരം വലുതായി ഗൌനിക്കാഞ്ഞതിലുള്ള വ്യസനം മാറി.
അതിഥികൾ എല്ലാം പിരിഞ്ഞുകഴിഞ്ഞപ്പോൾ രാത്രി ഏറെ കഴിഞ്ഞു.മധു ശരിക്കും പരിക്ഷീണനായിരുന്നു.വല്ലാത്ത സ്നേഹം മധുവിനോട് തോന്നി.കിടന്നു കഴിഞ്ഞപ്പോൾ മധുവിന്റെ പാദങ്ങൾ ഉഴിഞ്ഞുകൊണ്ടിരുന്നു .താൻ വിനോദിനെയും റോബിനെയും ഒഴികെ മറ്റാരെയും ക്ഷണിച്ചില്ലല്ലോ എന്ന് മധു അത്ഭുതപ്പെട്ടു. ഇരുവരെയും പറ്റി കല്ല്യാണം കഴിഞ്ഞ ഇടക്കുതന്നെ പറഞ്ഞിട്ടുള്ളതാണ്. മധു അതെല്ലാം മറന്നിട്ടുണ്ടാവണം. വീണ്ടും പറയാൻ തീരുമാനിച്ചു.എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മധു ഇത്ര മാത്രം പറഞ്ഞു “ഇറ്റീസ് ഗുഡ് റ്റു ഹാവ് സം റൊമാൻസ് അറ്റ് ഹാർട്ട്”.ആ പ്രസ്താവത്തിന്റെ അഗാധതയെപ്പറ്റി സന്ദേഹിച്ചു നിൽക്കെ മധുവിന്റെ കൂർക്കം വലി ഉയർന്നു.
Click this button or press Ctrl+G to toggle between Malayalam and English