പ്രണയ മത്സ്യങ്ങൾ

പ്രളയം കാത്തിരിക്കുന്ന പുഴയിലെ
പ്രണയ മത്സ്യങ്ങൾ നമ്മൾ
എങ്ങുനിന്നെങ്ങുനിന്നോ ഒഴുകിയെത്തിയവർ

ചുണ്ടിനുംചൂണ്ടക്കുമിടയിൽ
ആദ്യമായ് കണ്ടവർ.
നിലാവ് കലങ്ങിയ വെള്ളത്തിൽ
രതി ചെയ്തവർ.
ഉരസിയ ശരീരങ്ങളിൽ
ക്രീഡയാനന്ദത്തിൻ
ചിതമ്പലുകൾ പൊലിച്ചവർ.
ആശ്വാസത്തിൻ കുമിളകളെ നോക്കി
ചത്ത മീനു കണക്കെ
കണ്ണു തുറിച്ചു നിന്നവർ.

ശേഷിച്ച മണൽ മെത്തയിൽ
നാട്ടിയ മുൾക്കൊടിക്കു ചുറ്റും
ജിവിതത്തിനായ് സമരം
ചെയ്തവർ.
പട്ടിണിയാലുള്ളിലെ മുള്ളിനാൽ
പരസ്പരം പഴി പറഞ്ഞു
കുത്തിനോവിച്ചവർ.

നൂലിലിറക്കിയ മരണത്തെ
വിശപ്പിനാൽ കടിച്ചിരായവൾ
വേദനയാൽ വെള്ളാരം
കല്ലുകൾക്കിടയിൽ
മുഖമമർത്തി കരഞ്ഞ ഞാൻ
ചുണ്ടിലറിഞ്ഞ മാറിയ സ്വാദ് തേടി നീന്തി
ചത്തുപൊങ്ങുന്ന കൂട്ടുകാരനൊപ്പം
ഞാനും ഉയർന്നു നോക്കി

കരയ്ക്ക് ചുറ്റുമാളുകളൊത്തുകൂടി
കുഴലീലൂടെ പൊങ്ങുന്ന
പുകയുടെ ജാലവിദ്യയിലയിച്ചു
നിന്നു ഞാൻപതിവുപോലെ.

നിത്യവും കുളിക്കുന്ന പശുവതാ പുല്ലിൽ കിടക്കുന്നു
ചുറ്റും നിന്നൊരു സ്ത്രീകരയുന്നു!
പുഴയിൽ മുങ്ങിക്കിടക്കുന്ന നേരമവളുടെ
അകിടിലെത്ര കുത്തിനോവിച്ചിരിക്കുന്നു ഞങ്ങൾ

മനവും തനുവുമൊരുപോലെ നീറി ഞാനാഴങ്ങളിലേക്ക് ഊളിയിട്ടു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English