ലൗ + ആ + വ്യ സമം പൂജ്യം

ലൗകികം

എന്റെ ഇടത്തെ ഉപ്പൂറ്റിയിൽ കൊണ്ടത്
പാപത്തിന്റെ മുള്ളാണിയോ!

നീ വേറൊരു മുള്ളു
തിരഞ്ഞുപോയപ്പോള്‍,
ഞാന്‍ വലത്തെ ചൂണ്ടുവിരലിലെ
നീളന്‍ നഖമുപയോഗിച്ച്
ശല്യക്രിയ നടത്തി.
ചോരപ്പൊട്ടിൽ ഒരു കാരമുള്ളിന്റെ
കണ്ണീരും കിനാവും!

ഞാൻ എടുത്തുകളഞ്ഞ
ആ മുള്ളുതന്നെ
നീ മടങ്ങും വഴിക്ക്
നിന്റെ വലത്തേ ഉപ്പൂറ്റിക്കു പാരയായി.
കൊണ്ടുവന്ന മുള്ളുകൊണ്ട്
തറച്ചെതടുക്കാന്‍ നോക്കവേ നീ പറഞ്ഞു:
ഇനി ഈ കാട്ടിലേക്ക് വിളിക്കരുത്
ഇത് നമ്മുടെ ചോര കുടിക്കും.

ചോര പുരണ്ട രണ്ടു മുള്ളുകള്‍
പ്രണയസമ്മാനമായി
ഞാൻ കീശയിൽ  സൂക്ഷിച്ചു

ബീഡിക്കറ പറ്റിയ
ഒരു നഖത്തുണ്ട് നിന്റെ പേഴ്സിലുമിട്ടു.

റബ്ബറിന്റെ വള്ളിചെരിപ്പു ഞാനിട്ടു,
വിവാഹത്തിന് നവവധു അണിയാറുള്ള
മിന്നുന്ന സ്വർണചെരിപ്പു നീയും.

കാട്ടുപാതയ്ക്ക് വെളിയിലെ ചുരത്തില്‍ ബസ്‌ കിട്ടി.
ബസ്സില്‍ നമ്മള്‍ വേറെ വേറെ സീറ്റിലിരുന്നു.
അവരവരുടെ ടിക്കറ്റെടുത്തു.
അവരവരുടെ സ്വപ്നം നെയ്‌തു.
അവരവരുടെ സ്റ്റോപ്പിലിറങ്ങി.

ഒരു വീട്ടില്‍ ഞാനൊരു അചഛനായി;
മറ്റൊരു വീട്ടില്‍ നീയൊരു അമ്മയായി.

ആത്മീയം

അനുഗ്രഹീതയായ
മുച്ചിരിപ്പെണ്ണിന്റെ
മുടിയും മുലയും മുച്ചിരിയും
കൂലോത്തെ കുന്നിന്റെ
മറ്റേ ചെരിവിൽനിന്നും
കുരുടിത്തള്ള വാരിയെടുത്തു.

മഠക്കിണര്‍
മറുകുള്ള തുട
കഴുകി സൂക്ഷിച്ചു.

അത്യുന്നതങ്ങളിലേക്ക്
ഉയര്‍ത്തപ്പെട്ടവളുടെ
നിത്യശാന്തിക്കായി,
കൂലോത്തെ കുന്നിന്റെ
ഇങ്ങേ ചരിവിൽനിന്ന്,
ഒരു കുറുനരി ഓരിയിട്ടു .

വ്യവഹാരം

തേറ്റയും പൊയ്ക്കണ്ണും ചമയങ്ങളാക്കി
വേതാളനൃത്തം ചവിട്ടുന്നു ക്രൂരലോകം.
അരുതാത്ത കാഴ്ച കാണുന്നോരാക്കണ്ണിനെ
ചൂഴ്ന്നെടുക്കുന്നു ക്രൂരലോകം.
ഇനി നമുക്ക് പണ്ടത്തെ ഗാന്ധാരിയെപ്പോൽ
കണ്ണ് കെട്ടി നടക്കാൻ പഠിച്ചിടാം!
നീലവർണന്റെ വേണുഗാനത്തിൽ ലീനരായ്
തേടിപ്പറന്നിടാം പൂർണ്ണസായൂജ്യമണ്ഡലം!

പൂജ്യം

തുടക്കം പൂജ്യത്തിൽ;
ഒടുക്കവും……!
വലതു ഭാഗത്തിരിക്കുമ്പോഴാണ്
ശക്തി തിരളുന്നത്.
ഇടതു ഭാഗത്തു
ഒരു ശേഷിക്കുറവ് കാണ്മാനുണ്ട്.
അവിടെ പൂജ്യം നീറോ ചക്രവർത്തിയല്ല
വെറുമൊരു സീറോ; സീറോത്തെണ്ടി!!

ഇടവേളയെന്ന
ക്ഷണപ്രഭാചഞ്ചലമായ ബ്രേക്കിൽ
കിഴിച്ചും കൂട്ടിയും
ഗുണിച്ചും ഹരിച്ചും
പോർവിളിച്ചും
കൂക്കിവിളിച്ചും
അക്കങ്ങളുടെ ഘോഷയാത്രയിൽ
പുലിക്കളി കളിക്കാം.
അല്ലെങ്കിൽ തിടമ്പേറ്റി ചന്തം വെക്കാം.
അതാണല്ലോ മഹത്തായ യോഗം!

തെല്ലിട അർത്ഥപൂർണമെന്നു തോന്നിയേക്കാം;
ഓഡിറ്റ് ചെയ്യുമ്പോൾ
സംഗതി ഒരു വട്ടപ്പൂജ്യമാണെ!

എങ്കിലും പുറത്തു നിലാവ് പരക്കുമ്പോൾ
രാവിൽമാത്രം പൂക്കുന്ന ചെടിയുടെ ഇലകളിൽ
മഞ്ഞുതുള്ളികൾ ലാസ്യതാളം പിടിക്കുമ്പോൾ
മെഴുകുതിരിവെളിച്ചം അസ്പഷ്ടമായി പ്രകാശിപ്പിക്കുന്ന
നൈലോൺ കൊതുകുവലക്കുളിൽ
മിന്നാമിനുങ്ങിന്റെ, അമ്പിളിക്കീറിന്റെ,
നിഴലിന്റെ, കനവിന്റെ കഥയും പറഞ്ഞുകൊണ്ട്
നമുക്ക് രാവേറെച്ചെല്ലുവോളം സംപൂജ്യരാകാം.
അഗ്നിപർവ്വതങ്ങൾ ഒന്നായി പൊട്ടിച്ചിതറുമ്പോൾ
ഞാൻ ലാവ
നീ ഭൂമി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleബിജു തൂമ്പില്‍ ഫൊക്കാന ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു
Next articleദിവ്യവൃക്ഷം
വേണുനമ്പ്യാർ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here