കാണാതായ സുഹൃത്ത്

 

ബഗൻ സരൺ, അതായിരുന്നു പേര്.
ഉച്ചാരണം ശരിയാണോയെന്നറിയില്ല,
ചിലരെല്ലാം അങ്ങനെ വിളിച്ചിരുന്നു,
ഞങ്ങളുമതനുകരിച്ചു പോന്നു.

കൺവെട്ടത്തെയേതോ ഒരുൾഗ്രാമത്തിലെ ബഗൻ, കണക്കെടുപ്പുകളിൽ ക്ലാസിലെ പത്താമൻ.

ബുദ്ധിയുടെയും മികവിന്റെയും അളവുകണ്ണിൽ
സാറന്മാരെ(ചിലർ)ന്നുമവനെ കീഴെ നിലനിർത്തിയിരുന്നു.

രാഷ്ട്രീയം പറയാൻ മടിക്കുന്ന
സഹപാഠികൾ (ചിലർ)
ജാതിമഹിമയിൽ അവനെയകറ്റി.

രാത്രിയുടെ പുകമറയിൽ വിപ്ലവം
വായിട്ടലയ്ക്കുന്ന ഞങ്ങളും (ചിലർ)
ഭാഷാവരമ്പിലിപ്പുറം നിന്നു പുലമ്പി.

അവനോടാരുമധികം മിണ്ടിയില്ല
അവനുമാരോടധികം പറഞ്ഞില്ല

എന്നുമിടുന്ന ഒരൊറ്റ കുപ്പായം
മഞ്ഞയും കറുപ്പും ചേർന്നൊരു
ചെക്ക് ഷർട്ട്.
എത്രയോ മാസങ്ങളായി,
അലക്കിയുമുണക്കിയുമനുദിന-
മതിന്റെയിഴകൾ പിന്നിക്കീറി.

ആ കുപ്പായം പറഞ്ഞു കൊണ്ടേയിരുന്നു,
കേൾക്കാൻ കാതുകൊടുത്തമുതൽ
തിരിച്ചറിവിന്റെ വെളിച്ചം വീശി,
ചേർത്തുപിടിക്കലിന്റെ മതം മനുഷ്യത്വം.

കപട സഹതാപത്തിന്റെ സഹായകരങ്ങളല്ല,
സൗഹൃദത്തിന്റെ മനക്കണ്ണാടിയിൽ
ഭാഷാതിർവരമ്പുകൾക്ക് വീതി
കുറഞ്ഞ് കുറഞ്ഞു പോയി.

തോറ്റ പരീക്ഷകളായിരുന്നാദ്യ കടമ്പ
തുടക്കം മുതലൊടുക്കം വരെ
പറഞ്ഞും പറഞ്ഞതാവർത്തിച്ചും പഠിപ്പിച്ചു.

ഒരൊറ്റ ചോദ്യത്തിനു-
മുത്തരമെഴുതാതെ അവൻ
എവിടേക്കാണ് പോയത്?
സമ്മാനമായി തുന്നിയ കുപ്പായങ്ങൾ
കൊടുക്കാൻ, ഇതുവരെയുമവനെ
കണ്ടുകിട്ടിയില്ല.

ഒരുപക്ഷേ,
അവനായിരുന്നിരിക്കാമവന്റെ ശരി,
അവന്റെ ലോകം സത്യമുള്ളതും.
അതിന്റെ കണ്ണട വാങ്ങിവെച്ചൊരിക്കലും
ചുറ്റും നോക്കാത്ത ഞങ്ങൾ (ചിലർ), വിഡ്ഢികൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here