കൊറോണകാലത്തെ പറുദീസാ നഷ്ടങ്ങൾ
ഉപാധിരഹിതമായ സൗഹൃദ
സംഭാഷണ സംഗമങ്ങൾ.
വാരാന്ത്യങ്ങളിലെ
സാംസ്കാരികയോഗ ഭൂമികകൾ.
പ്രതിമാസ സാഹിത്യ സംഗീത സർഗ്ഗാത്മ സദിരുകൾ.
മുടങ്ങിപ്പോയ വാരികകളിലെ മലയാള ധൈഷണികദീപ്തികൾ.
മാസാന്ത്യമുഴുവേതന മൊബൈൽ സന്ദേശത്തിന്റെ മിടിപ്പ്.
ബിയറിന്റെയും സിഗററ്റുപുകയുടെയും
ഗന്ധമുയരുന്ന പിക്‌നിക് പകൽനിശകൾ.
കാത്തു കാത്തു വന്നെത്തുന്ന
നാട്ടുയാത്രകൾ.
വാളയാർ വനഗന്ധം വഹിച്ചെത്തുന്ന
കള്ളക്കാറ്റിന്റെ സാന്ത്വന സ്പർശം.
ബസ് യാത്രയിൽ മുഖത്ത് വീണ ചാറ്റൽമഴത്തുള്ളിയുടെ കുളിർത്തിണർപ്പ്.
അടുക്കളമൂലയിലെ കസേരയിലെത്തുന്ന ആവി പാറുന്ന അമ്മച്ചായ.
തൊടിയിലെ ആലോലകാറ്റിന്റെ ചെറുതൊട്ടിലാട്ട മർമ്മരം.
മുറ്റത്തെ മാവിൻ ചില്ലക്കിടയിലൂടെ ഊർന്നിറങ്ങുന്ന വെള്ളിവെയിൽ തിളക്കം.
മുളകരച്ച ചമ്മന്തയിൽ പപ്പടം കാച്ചിയ വെളിച്ചെണ്ണ ചാലിച്ചടിക്കുന്ന ഇഡ്ഡലി സ്വാദ്.
മഴയിൽ കുതിർന്ന നീലപ്പാവാടക്ക് താഴെ പള്ളിക്കൂട പെൺകിടാവിന്റെ കാൽ കൊലുസിൻ കിന്നാരങ്ങൾ.
ചേറ്റാം കുളക്കരയിലെ സദാസംവാദിയായ മുത്തശ്ശനാല്.
രാധാകുട്ടിയുടെ കടയിൽനിന്ന് കത്തിച്ചുപിടിക്കുന്ന വിൽസ് പുകയുടെ വിസ്മയഗന്ധം.
പിറന്നുവളർന്ന സ്ഥലയാത്രക്കിടയിൽ ചെറിയമ്മ വീടിന്റെ ചിരസ്മരണകൾ.
അതിശയോക്തിയുടെ സൗന്ദര്യം സ്നിഗ്ദ്ധമാക്കുന്ന അച്ഛേമവർത്തമാനം.
മുഖഛായ മാറിയ പുഴയിലെ കലക്ക വെള്ളത്തിലെ പരൽമീൻ തുടിപ്പുകൾ.
കുഞ്ചാവബ്രോയുടെ
കോഴിക്കറിയിലെ ഹൈദരാബാദിടച്ച്.
കുള്ളിനാരായണികുട്ടിയുടെ മുത്തശ്ശി കിളിക്കൊഞ്ചൽ നൈർമ്മല്യം.
നഷ്ടസ്വർഗ്ഗങ്ങളെനെഞ്ചിലേറ്റി
നമുക്കിരിക്കാമിനിയും കുറച്ചുനാൾ
അനുക്ഷണപരിണാമിയാമീയഷ്ടി
ജീവിതത്തിനത്ഥംകൊടുത്തു
പൊലിപ്പിച്ചെടുക്കാം വരൂ.