ഏകാന്തത

 

സൂര്യരശ്മികൾ പൊലിഞ്ഞുതീർന്ന്
അന്തരീക്ഷവും ആകാശവും
ഇരുൾപടർന്ന് കല്ലിച്ചു

നിലാവിൻ കണത്തിനായി
വിങ്ങിയും തേങ്ങിയും
കൺകളും കരളും ഒരുപോലെ
ദാഹിച്ചലഞ്ഞ പക്ഷി
കൂടണഞ്ഞ നേരം കൂട്ടിനായ്
കൊടിയൊരേകാന്തത മാത്രം

ഇലകളിൽവീണ മഞ്ഞുതുള്ളികളുടെ
മർമ്മരധ്വനി
രാഗത്തിൻകുളിരിനെ തൊട്ടുണർത്തി
ഇന്നിനെ ഉറക്കമൊഴിച്ചുള്ള
രാത്രിയാക്കി

വിറങ്ങലും നോവുമേൽപ്പിക്കും
സൂചിമുനയുള്ള തണുപ്പേറ്റ്
ചൂടിനായ് മോഹമുരുക്കി
പകൽ വെളിച്ചം വീഴുമ്പോൾ
കൂടിൻ തടവറയിൽ നിന്നും
വേർപെടുന്നതോർത്ത്
ചിറകുകളുള്ള ഹൃദയവുമായവൻ
വിപ്രലംഭനായി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here