കനക്കുമിരുട്ടുപോലെന്തോ
ഒന്ന്
എന്നുള്ളിൽ നോവായ് നിറയുന്നു
പിന്നെ നീണ്ടു നീണ്ടു പോകുന്നറ്റം
കാണാ ആകാശവഴികൾ പോലെ
ചക്രവാളച്ചോപ്പിനപ്പുറമെത്തുവാൻ
തേർചക്രമുരുട്ടുന്ന വേഗതാളമായ്
മടുപ്പിലും വെറുപ്പിലും കെട്ടിമറിയു-
മിക്കിളിയോളത്തിൻ ഇളക്കമായ്
വിരഹവീഥിയിൽ തെളിവിളക്കായ്
ഇന്നലെകളിട്ടേച്ചു പോയ സ്വപ്ന-
മുട്ടകളടവച്ചു വിരിയിക്കാൻ കാക്കും
കരുതലിൻ കൗതുകത്തൂവലായ്
കെട്ടകാലം ചിതയിട്ട മോഹവയലിൽ
തേടിയെത്തി പിന്നെയും മുളപൊട്ടും
തളിരിളം പ്രതീക്ഷകൾക്കു തണലായ്
വൈകുന്ന കത്തോ കാക്ക വിളിച്ചതോ
ആടുന്ന പെൻഡുല തിടുക്കമായ്
ചുംബനത്തിരകൾ തൻ ആവേശമായ്
പച്ചിലച്ചിരിയിലും പഴുത്തിലക്കരച്ചിലിലും
വളരുന്ന നാവായ് തളരുന്ന നോവായ്
കൽക്കണ്ട വാക്കിൻ അലിവു കാത്ത്
ആതിരപ്പുലരി തെളിയാനാർത്തിയോടെ
അന്തിക്കരിന്തിരി കത്തുമ്പോളാധിയോടെ
ആറടി മണ്ണിന്റെ നേരമെത്തും വരെയും
ഒറ്റയ്ക്കിരിക്കുന്ന കൂട്ടിരിപ്പ്
കണ്ണു കഴയ്ക്കാത്ത കാത്തിരുപ്പ്