ഏകാന്തത ഒരു
ഒറ്റമുറി വീടാണ്.
മുറിക്കുള്ളിൽ ഒരേ
ഒരാൾ മാത്രം,
അതു നിങ്ങളാണ്.
നിങ്ങൾ കൊട്ടിയടച്ചു
സാക്ഷയിട്ട് നിങ്ങളെ
കുടിയിരുത്തി.
അടഞ്ഞ വാതിലിന്
പുറം ചാരി തട്ടിൻമുകളിലെ
ചില്ലോടിലേക്ക് നോക്കി
ആളനക്കം ഇല്ലാത്ത
ആകാശത്തിൽ
അനനവനെ
തിരയുന്നു.
കൂട്ടുകൂടാൻ കെൽപ്പില്ലാത്ത
മനസ്സിന്റെ ബലം നഷ്ടപ്പെട്ട്
ഇരുളടഞ്ഞ അടിത്തറയിൽ
കൊഴിഞ്ഞൊഴിഞ്ഞ കാലങ്ങളെ
അഴിച്ചുകെട്ടുന്നു.
ഏകാകിയുടെ സ്വപ്നം
ഏകാന്തതയിൽ
പുഷ്‌കലമാകുമ്പോൾ
മങ്ങിപ്പഴകിയ
ചില്ലു വിതയ്ക്കുന്ന
വിളറിയ വെട്ടത്തെ
ഇമയനക്കാതെ
നോക്കി
ഏകാന്തതയുടെ താപവും
തണുപ്പും നെഞ്ചോടടുക്കി
തുടിക്കുന്ന നിശ്വാസങ്ങളിൽ
സ്വയം മറന്നു രമിക്കുന്നു