ലോകവസാനം

 

1f80062538fe312fe5bed3454ee772b1

 

 

അപ്പുമണിസ്വാമികള്‍ മരിച്ചു.

അന്ന് പ്രഭാഷണവും പ്രവചനവും കഴിഞ്ഞ് വിശ്രമിക്കാന്‍ ചെന്ന സ്വാമികള്‍ പിന്നെ പുറത്തുവന്നില്ല.

അദ്ദേഹം അവസാനമായി പ്രവചിച്ചത് ബാര്‍ബര്‍ കുഞ്ചാറുവിന്റെ ഭാവിയെക്കുറിച്ചായിരുന്നു. അഞ്ചുകോടിയുടെ ഓണം ബംബറടിച്ച കുഞ്ചാറു, സ്വാമികള്‍ ക്ഷണികാതെ തന്നെ അദ്ദേഹത്തിന്റെ മുന്നില്‍ചെന്നിരിക്കുകയാണുണ്ടായത്.

“നിന്റെ ഭാഗ്യത്തെ നീ എങ്ങനെ കാണുന്നു.?”

കുഞ്ചാറുവിനെ ആഴത്തില്‍ ഒന്നു നോക്കിയശേഷം സ്വാമികള്‍ ചോദിച്ചു.

“എനിക്കൊന്നും കാണാന്‍ പറ്റുന്നില്ല സ്വാമീ. അവിടുന്ന് ഈയുള്ളവന്റെ കാഴചയാവണം.”

കൂപ്പുകൈകളോടെ കുഞ്ചാറു അറിയിച്ചു.

“ഇന്നേയ്ക്ക് ഇരുപത്തിയൊന്നാം നാള്‍ ലോകവസാനമാണെന്ന് കരുതുക. എങ്കില്‍ കുഞ്ചാറു എന്താണു ചെയ്യുക.?”

അല്പനേരത്തെ മൗനത്തിനൊടുവില്‍ സ്വാമികള്‍ ചോദിച്ചു. “ഞാന്‍ എന്തു ചെയ്യണം സ്വാമീ.”

കുഞ്ചാറുവിന്റെ തൊണ്ടയിടറി.

“ആ ഞാറ്റുകണ്ടം കാണുന്നുണ്ടോ? തുലാമഴയ്ക്കു ശേഷം ഇക്കാണുന്ന പാടങ്ങളിലൊക്കെ പറിച്ചു നടാനുള്ളതാണ്.”

ജാലകത്തിലൂടെ പുറത്തേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് സ്വാമികള്‍ പറഞ്ഞു.

കുഞ്ചാറു ഞാറ്റുകണ്ടത്തിലേയ്ക്കും സ്വാമികളുടെ മുഖത്തേയ്ക്കും മാറിമാറിനോക്കി മിഴിച്ചിരുന്നു.

സ്വാമികള്‍ തുടര്‍ന്നു:

“കുഞ്ചാറുചെന്ന് ഞാറ്റടിക്കുവെള്ളം തിരിക്കുന്ന പണിക്കാരില്‍ ഒരാളെ വിളിച്ചുകൊണ്ടുവരിക.”

കുഞ്ചാറു ധൃതിയില്‍ എഴുന്നേറ്റ് പാടത്തേയ്ക്കു ചെന്നു. പത്തുമിനിറ്റിനകം ഒരു പണിക്കാരിയേയും കൊണ്ട് അയാള്‍ തിരിച്ചെത്തി.

“ഇന്നേയ്ക്ക് ഇരുപത്തിയൊന്നാംനാള്‍ ഈ ലോകം അവസാനിക്കും. അതുപറയാനാണ് വിളിപ്പിച്ചത്.”

മുന്നില്‍ വന്ന് തൊഴുകൈയോടെ നില്‍ക്കുന്ന പണിക്കാരിയെ നോക്കി സ്വാമികള്‍ പറഞ്ഞു.

ആ സ്ത്രീ ആകെ പരിഭ്രമിച്ചു.

“അതിനുമുന്‍പ് തുലാമഴയെത്തുമോ സ്വാമീ.?”

അല്പനേരത്തെ ആലോചനയ്ക്കൊടുവില്‍ ആ സ്ത്രീ ചോദിച്ചു.

“എന്തിനാണ്?” സ്വാമികള്‍ ഒന്നു പുഞ്ചിരിച്ചു.

ഈ ഞാറൊക്കെ പറിച്ചുനടണമല്ലോ.” ആ സ്ത്രീ പറഞ്ഞു.

“മഴ പെയ്യും.” സ്വാമികള്‍ പറഞ്ഞു.

ആ മറുപടിക്കു പിന്നാലെ ആ സ്ത്രീ വയലിലേയ്ക്കു തന്നെ തിരിച്ചുപോയി.

കുഞ്ചാറു അപ്പോഴും മിഴിച്ചുനില്‍ക്കുകയണ്.

“നീ ചോദിച്ച ചോദ്യത്തിനും ചോദിക്കാനിരിക്കുന്ന ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ് ഇപ്പോള്‍ ഇവിടെനിന്നും പോയ ആ സ്ത്രീ.”

അത്രയും പറഞ്ഞ് സ്വാമികള്‍ എഴുന്നേറ്റു.

പുറത്തേയ്ക്കിറങ്ങിയ കുഞ്ചാറുവിന്റെ അന്ധാളിപ്പു കണ്ട് കല്പനയ്ക്ക് ഊഴം കാത്തിരി‍ക്കുന്ന ചിദംബരന്‍ ചെട്ടിയാര്‍ അടുത്തുചെന്ന് കാര്യം തിരക്കി.

“ഇന്നേയ്ക്ക് ഇരുപത്തിയൊന്നാം നാള്‍ ലോകവസാനം.”

അത്രയും പറഞ്ഞ് കുഞ്ചാറു ഒരു ഭ്രാന്തനെപോലെ പുറത്തേയ്ക്കിറങ്ങി.
ചിദംബരന്‍ ചെട്ടിയാര്‍ ഇടിവെട്ടേറ്റപോലെ വിറങ്ങലിച്ചു നിന്നുപോയി.

സ്വാമികളുടെ ശിഷ്യന്മാര്‍ നല്‍കിയ ഒരു കിണ്ടിവെള്ളം മുഴുവനായും കുടിച്ചുതീര്‍ത്ത ശേഷം ചെട്ടിയാര്‍ ചുമരും ചാരിനിന്നു.

എറണാകുളത്ത് പതിനാറുനിലകളില്‍ ഫ്ലാറ്റുപണിയുന്ന ചിദംബരച്ചെട്ടിയാര്‍ തൊട്ടുമുന്നില്‍ തൂങ്ങിക്കിടക്കുന്ന കാലഭൈരവന്റെ ചിത്രമുള്ള കലണ്ടര്‍നോക്കി വിയര്‍ത്തൊഴുക്കി.

ഇന്നേയ്ക്ക് ഇരുപത്തിയൊന്നാം നാള്‍ അതായത് ഡിസംബര്‍ ഇരുപത്തിയൊന്നാം തീയതി.

പുറത്തിറങ്ങിയ ചിദംബരന്‍ ചെട്ടിയാര്‍ മൊബൈല്‍ ഫോണെടുത്ത് എറണാകുളത്തെ കാര്യസ്ഥനെ വിളിച്ചു.

“ചെട്ടിയാരാണ്. ഫ്ലാറ്റിന്റെ പണി ഡിസംബര്‍ ഇരുപത്തിയൊന്നിനുമുന്‍പ് പൂര്‍ത്തിയാക്കണം.”

അത്രയും പറഞ്ഞ് ചെട്ടിയാര്‍ ഫോണ്‍ ഓഫാക്കി.

ചെട്ടിയാര്‍ പിന്നെ കേട്ടത് ആശ്രമത്തില്‍ നിന്നുള്ള കൂട്ടനിലവിളിയാണ്.

“സ്വാമികള്‍ പോയി.”

പുറത്തിറങ്ങി വന്ന ആരോ ഒരാള്‍ തൊണ്ടയിടറിക്കൊണ്ടു പറഞ്ഞു.

അതേ, അപ്പുമണി സ്വാമികള്‍ എന്ന ആള്‍ദൈവം അവസാനിച്ചിരിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here