ലോകം ചുറ്റിയ വിജയനും മോഹനയും

 

 

 

 

 

 

തികച്ചും സാധാരണക്കാരനായ ഒരു ചായക്കടക്കാരനും ഭാര്യയും നടത്തിയ ലോകസഞ്ചാരങ്ങളുടെ അത്ഭുത കഥയാണ് ‘’വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ’’ എന്ന ഈ യാത്രാവിവരണം. എങ്ങനെ ഇത്രയും യാത്രകൾ നടത്തിയെന്ന് ചോദിച്ചാൽ നിശ്ചയദാർഡ്യം എന്നു തന്നെ പറയണം.മനസ്സു വെച്ചാൽ നടക്കാത്ത കാര്യങ്ങളില്ല എന്നതിന് ഉദാഹരണമാണ് ഇവരുടെ ജീവിത കഥ.
ആദ്യമായി വിദേശ യാത്ര നടത്തുമ്പോൾ പ്രായം 56 ആയിരുന്നു വിജയന്.അതിനും 20 വർഷം മുമ്പ് ഉത്തരേന്ത്യയിൽ പോയ അനുഭവമുണ്ട്.എന്തിനാണ് ഈ പ്രായത്തിലും യാത്രയെന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ.സ്ഥലങ്ങൾ കാണണം.അതെ,അതു തന്നെയാണ് അസാധ്യമെന്ന് നമുക്ക് തോന്നാവുന്ന, 25 രാജ്യങ്ങൾ വരെ എത്തി നിൽക്കുന്ന വിജയന്റെയും മോഹനയുടെയും യാത്രകളുടെ പ്രേരണ.അതിനപ്പുറം വിശദമായ ഒരു യാത്രാ വിവരണം എഴുതണമെന്നോ വിദേശത്ത് എന്തെങ്കിലും ഷോപ്പിംഗ് നടത്തണമെന്നോ ഒന്നും ഇവരുടെ ഉദ്ദേശ ലക്ഷ്യങ്ങളിലുള്ള കാര്യമല്ല.എന്തിന്,ഭക്ഷണം പോലും നിയന്ത്രിച്ചു കൊണ്ടാണ് യാത്രയുടെ ചിലവ് നിയന്ത്രിച്ചത്.അതു കൊണ്ട് തന്നെ ഇത്രയും രാജ്യങ്ങൾ കാണാൻ കഴിഞ്ഞു എന്ന് വിജയൻ പറയുന്നു.
മനസ്സാണ് ഇക്കാര്യത്തിൽ പ്രധാനം,ആഗ്രഹിച്ചാൽ എവിടെയാണെങ്കിലും അങ്ങു പോകുക,അതിനപ്പുറം അതിന്റെ വരും വരായ്കകൾ ആലോചിച്ച് സമയം കളഞ്ഞാൽ ഒന്നും നടക്കില്ല.ജോലിയുളളവരും പൈസയുള്ളവരുമൊക്കെ ചോദിച്ചിട്ടുണ്ട്,ഞങ്ങൾ വിചാരിച്ചിട്ട് ഇതൊന്നും നടക്കുന്നില്ല,ചെറിയ ചായക്കച്ചവടക്കാരായ നിങ്ങളെക്കൊണ്ട് ഇതെങ്ങനെ സാധിക്കുന്നു എന്ന്.ഞങ്ങളെ സംബന്ധിച്ച് ഞാൻ മാത്രമല്ല എന്റെ അച്ഛനും ഭാര്യയുടെ അച്ഛനുമൊക്കെ ചായക്കട തന്നെ ആയിരുന്നു,അതെ,മനസ്സു തന്നെയാണ് ഇക്കാര്യത്തിൽ ഒന്നാമതായി വേണ്ടത്.ബാക്കിയെല്ലാം പുറകെ വരും.കോടീശ്വരൻമാരുടെ മാത്രം വിനോദമല്ല വിനോദയാത്രകൾ.ഞങ്ങളെ സംബന്ധിച്ചിടത്തോളം ചായക്കച്ചവടത്തിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടും കടം വാങ്ങിയുമൊക്കെ യാത്ര പ്ളാൻ ചെയ്യും.തിരിച്ചു വന്ന് ആ കടം വീട്ടിക്കഴിയുമ്പോഴാണ് അടുത്ത യാത്ര പ്ളാൻ ചെയ്യുന്നത്.
ഈ ധൈര്യമുണ്ടായത് സ്വജീവിതത്തിൽ നിന്നാണ് എന്ന് വിജയൻ പറയുന്നു.ചെറുപ്പത്തിൽ തന്നെ വീട്ടുകാരോട് പോലും പറയാതെ ഇങ്ങനെ പുറപ്പെട്ടു പോകുന്ന ശീലമുണ്ടായിരുന്നു.അത് വിവാഹ ശേഷവും തുടർന്നു.അതു കൊണ്ടു തന്നെയാണ് മോഹനയോട് പലരും ചോദിച്ചത്,ശരിക്കും ആലോചിച്ചു തന്നെയാണോ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന്.എങ്കിലും എല്ലാ പ്രതിസന്ധികളെയും അതിജയിച്ച് അവരുടെ ജീവിത യാത്ര ഇപ്പോഴും തുടരുന്നു,ലോക യാത്രകളും..
അല്ലെങ്കിൽ തന്നെ,ഇവരുടെ സമുദായമായ കൊങ്കണി ബ്രാഹ്മണരുടെ ജീവിതവും യാത്രകളുമായി ബന്ധപ്പെട്ടാണല്ലോ,മതം മാറ്റത്തിന് വിധേയരാകുമോ എന്ന് പേടിച്ച് ഗോവയിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയവരാണ് വിജയന്റെ പൂർവ്വികർ.ആലപ്പുഴയിൽ തുറവൂരും പരിസരത്തുമായി താമസിക്കാൻ തുടങ്ങിയവരാണ് വിജയന്റെ കുടുംബം.,
തിരുപ്പതിയിൽ നിന്നാണ് തന്റെ യാത്രകൾ തുടങ്ങുന്നതെന്ന് വിജയൻ ഓർക്കുന്നു,നേർച്ചകൾക്കും അല്ലാതെയുമായി നിരവധി തവണ തിരുപ്പതിയിൽ പോയിട്ടുണ്ട്.സ്വാമി സന്ദീപാനന്ദ ഗിരിയുടെ നേതൃത്വത്തിൽ വിശുദ്ധ നാടുകളിലേക്കുള്ള യാത്രയായിരുന്നു ആദ്യ വിദേശ യാത്ര.ഈജിപിലെ അലക്സാണ്ട്റിയയിലേക്കായിരുന്നു ആദ്യം പോയത്.ബൈബിളിലൂടെയും ക്രുസ്തുവിന്റെ ചരിത്രങ്ങളിലൂടെയുമെല്ലാം കുറെ പരിചയമുണ്ടായിരുന്നതിനാൽ ആ സ്ഥലങ്ങളൊക്കെ നേരിൽ കണ്ടപ്പോൾ അത്ര അപരിചതത്വം തോന്നിയില്ല.ഈജിപ്തെന്ന് കേൾക്കുമ്പോൾ ആദ്യം പിരമിഡുകളാണ് മനസ്സിൽ ഓടിയെത്തുന്നതെങ്കിലും അവിടുത്തെ ക്ഷേത്രങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് വിജയൻ പറയുന്നു.
ന്യു ഇയറിന് നൈൽ നദിയിൽ നടത്തിയ ബോട്ടിംഗ്,ജറുസലേമിലെ പ്രാർതഥന എല്ലാം അവിസ്മരണീയമായ അനുഭവങ്ങളായിരുന്നു.ചെങ്കടൽ ബെദ്ലഹേം,സീനായ് മല,ഗാഗുൽത്താമല,ചാവു കടൽ..ഇങ്ങനെ വായിച്ചറിഞ്ഞതെല്ലാം നേരിൽ കാണാൻ കഴിഞ്ഞതിന്റെ അനുഭൂതി ഒന്നു വേറെ തന്നെയായിരുന്നു. ജോർദ്ദാനും തനിക്ക് ഏറെ ഇഷ്ടപ്പെട്ട രാജ്യമാണ്.അവിടുത്തെ പെട്ര എന്ന പുരാതന നഗരത്തിലെ കാഴ്ച്ചകൾ മനസ്സിൽ നിന്ന് മായുന്നില്ല സഹസ്രാബ്ദങ്ങൾക്ക് മുൻപ് പർവ്വതങ്ങൾ തുരന്നു നിർമ്മിച്ച കെട്ടിടങ്ങൾ ഇപ്പോഴും അൽഭുത കാഴ്ചയായി നിൽക്കുന്നു.
ആദ്യ വിദേശ യാത്രയിൽ നിന്നു കിട്ടിയ ഏറ്റവും വലിയ സമ്മാനം ഏതെന്ന് ചോദിച്ചാൽ വിജയൻ പറയുന്നു, അത് പിന്നെയും പിന്നെയും യാത്ര ചെയ്യാനുള്ള പ്രചോദനമാണെന്ന്.രണ്ടു വർഷം കൊണ്ട് ആദ്യ യാത്രയിലെ കടം വീട്ടിക്കഴിഞ്ഞപ്പോൾ അടുത്ത യാത്രയെക്കുറിച്ചുള്ള ചിന്തകളായി.സിംഗപ്പൂർ,മലേഷ്യ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ലക്ഷ്യം.സിനിമകളിലൊക്കെ കാണുമ്പോൾ തന്നെ പോകാനാഗ്രഹിച്ച രാജ്യമായിരുന്നു സിംഗപ്പൂർ
പെട്ടെന്ന് ഏതെങ്കിലും വിദേശ രാജ്യം സന്ദർശിക്കണമെന്നുള്ളവർക്ക് അനുയോജ്യമായത് സിംഗപ്പൂരാണെന്നാണ് വിജയന്റെ അഭിപ്രായം..ചിലവ് കുറവും കാഴ്ച്ചകൾ ഒരുപാടും..ഇന്ത്യൻ ഭക്ഷണവും സുലഭം.കാഴ്ച്ചകളുടെ പറുദീസയായ സെന്റോസ ദ്വീപും അവിടുത്തെ കേബിൾ കാറിലൂടെയുള്ള ആകാശയാത്രയും മറക്കാനാവാത്ത അനുഭവമാണ്.മലേഷ്യയിലെ പ്രധാന കാഴ്ച്ചകൾ ക്വാലാലംപൂരും അവിടുത്തെ പെട്രോണാസ് ട്വിൻ ടവറുമാണ്.യൂറോപ്പ് യാത്രയും അവിസ്മരണീയമായിരുന്നു.യുകെ,ഫ്രാൻസ്,ജർമ്മനി,ഇറ്റലി,ഓസ്ട്രിയ,വത്തിക്കാൻ,സ്വിറ്റ്സർലന്റ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ആ യാത്രകൾ.ലണ്ടനിലെ തോംസ് നദിയിലൂടെ ബോട്ട് യാത്ര നടത്തിയപ്പോൾ സഫലമായത് ഒരിക്കൽ തോംസ് നദി കാണണമെന്ന് മനസ്സിലുണ്ടായിരുന്ന മോഹമായിരുന്നു.
ഫ്രാൻസ്,ജർമ്മനി തുടങ്ങിയ ചില രാജ്യങ്ങളിലൂടെ ബസ്സിലായിരുന്നു യാത്രകൾ.അവിസ്മരണീയമായ യാത്രാനുഭവമയിരുന്നു അത്.വെനീസിലെ യാത്ര വിജയന് മനസ്സിലാക്കിക്കൊടുത്ത ഒരു കാര്യമുണ്ട്,ഇപ്പോൾ നമ്മൾ കിഴക്കിന്റെ വെനിസ് എന്ന് ആലപ്പുഴയെ വിളിക്കുന്നതിലെ വൈരുദ്ധ്യം.വെനീസിനെ എങ്ങനെ സംരക്ഷിച്ചിരിക്കുന്നു എന്ന് കാണുമ്പോൾ ആലപ്പുഴയെ നമ്മൾ എങ്ങനെ നശിപ്പിച്ചു എന്ന് നമുക്ക് മനസിലാകും.കനാലുകളാണ് വെനീസിൽ നിറയെ,ഇവയുടെ കരയിൽ കച്ചവടവും തോണികളുമൊക്കെ വെനീസിനെ മനോഹരമാക്കുന്നു.വത്തിക്കാനിൽ വെച്ച് മാർപ്പായെ കാണാൻ കഴിഞ്ഞു,യൂറോപ്പിലെ ഏറ്റവും മനോഹ കാഴ്ച്ച നിശബ്ദത നിറഞ്ഞ പള്ളികളാണെന്ന് വിജയൻ ഓർക്കുന്നു.
മ്യൂണിക്കിലെ ഒളിംബിക്ക് സ്റ്റേഡിയവും ബ്ളാക്ക് ഫോറസ്റ്റുമെല്ലാം കണ്ടെങ്കിലും ബെർലിനും മതിലും കാണണമെന്ന ആഗ്രഹം നടന്നില്ല.സ്വിറ്റ്സർലന്റിൽ ഏറ്റവും ആകർഷിച്ചത് വൃത്തിയാണ്.ആൽപ്സ് പർവ്വത നിരകളും മഞ്ഞണിഞ്ഞ കുന്നുകളും നിറഞ്ഞ അവിടുത്ത ഏറ്റവും വലിയ കാഴ്ച്ച പ്രകൃതി തന്നെയാണ്.പാരീസ് എപ്പോഴും ആഘോഷങ്ങൾ നിറഞ്ഞ നഗരമാണ്.ചപ്പു ചവറുകൾ നീക്കാൻ പ്രത്യേകം ഡിസൈൻ ചെയ്ത വാഹനം ഇവിടെയുണ്ട്.ലണ്ടനിൽ നിന്ന് പാരീസിലേക്കുള്ള അതിവേഗ ട്രെയിൻ സർവീസിലൂടെ യാത്ര ചെയ്യുമ്പോൾ പറക്കുന്നതു പോലെ നമുക്ക് തോന്നും,അത്രയ്ക്ക് വേഗതയാണ്.
അമേരിക്കൻ യാത്രയ്ക്ക് പണമുണ്ടായത് ഹരിത ജോൺ ന്യൂസ് മിനിറ്റിൽപ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് വായിച്ച് അമിതാബ് ബച്ചനും അനുപം ഖേറും ഉൾപ്പെടെയുള്ളവർ സഹായിച്ചതു കൊണ്ടാണ്.ഒരിക്കൽ മമ്മൂട്ടിയെ കണ്ടപ്പോൾ അമേരിക്കൻ യാത്രയുടെ കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു,നിങ്ങൾ അമേരിക്കയിൽ പോയിരിക്കും.ഏതായാലും ആ ആഗ്രവും സഫലമായി. കാലിഫോർണിയയിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം.വായിച്ചും കേട്ടും മനസ്സിൽ പതിഞ്ഞ നയാഗ്ര വെള്ളച്ചാട്ടം നേരിൽ കാണാനായത് അമേരിക്കൻ യാത്രയുടെ അവിസ്മരണീയമായ ഓർമ്മ.ഹോളിവുഡ്,എം.ജി,എം.,യൂണിവേഴ്സൽ സ്റ്റുഡിയോകളും കാണാൻ കഴിഞ്ഞു.
അർജന്റീന,ബ്രസീൽ ലാറ്റിനമേരിക്ക,തായ്ലന്റ് ദുബായ് അങ്ങനെ വിജയന്റെയും മോഹനയുടെയും യാത്രകൾ പിന്നെയും തുടർന്നു. പല യാത്രകളും പോയിട്ടുള്ള ട്രാവൽസുകാരുടെ വകയായി ഫ്രീയായി ഒരു യാത്രയും പോകാൻ കഴിഞ്ഞു,അത് ചൈനയിലേക്കായിരുന്നു.2018ൽ കേരളത്തിലുണ്ടായ പ്രളയത്തിനു മുമ്പായിരുന്നു അത്.വൻമതിൽ,ടിയാനൻമെൻ സ്ക്യയർ അങ്ങനെ വായിച്ചറിഞ്ഞ പലതും നേരിൽ കണ്ടു.ബെയ്ജിങ്ങ് റെയിൽവേ സ്റ്റേഷൻ ഒരു എയർപോർട്ടിനെക്കാൾ മികച്ചതാണ്.ഇതെല്ലാം കണ്ടു കഴിഞ്ഞപ്പോൾ വിജയന് തോന്നി,ഇംഗ്ളീഷു കൂടി അറിയാമായിരുന്നെങ്കിൽ ചൈനക്കാർ ലോകം തന്നെ കീഴടക്കിയേനെ.
ഒരു യാത്രാ വിവരണം മാത്രമല്ല ഈ പുസ്തകം,കഷ്ടപ്പാടുകളിലൂടെ കടന്നു പോയി പ്രാരാബ്ദ്ധങ്ങളിലൂടെ മിച്ചം പിടിച്ച് ഇരുപത്തിയഞ്ച് വിദേശരാജ്യങ്ങളിലെ യാത്രകൾ പൂർത്തീകരിച്ച സാധാരണക്കാരായ രണ്ട് മനുഷ്യരുടെ വിജയകഥ കൂടിയാണിത്.ഒപ്പം യാത്രകൾ പോകണമെന്ന് ആഗ്രഹമുള്ളവർക്ക് മാത്രമല്ല,ചെറിയ വെല്ലുവിളികളിൽ ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്നവർക്കുള്ള ഒരു പാഠപുസ്തകം കൂടിയാണ് ‘’വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങൾ’’..ഹരിത ജോൺ പറഞ്ഞത് പോലെ ഈ ദമ്പതികൾ ഒരു മാതൃക തന്നെയാണ്,എങ്ങനെ സ്വപ്നങ്ങളെ കീഴടക്കാമെന്നതിന്,എങ്ങനെ ജീവിക്കണം എന്നതിന്..’’
………………………………………………………………………………………………………………….. ……………………………………………………………………………………………………………………………..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആലീസ് എബ്രഹാം കാല്‍ഗറിയില്‍ നിര്യാതയായി
Next articleതോമസ് ഐസക് മുടിയനായ പുത്രൻ, രാഷ്ട്രീയ ദുഷ്ടലാക്ക്: ചെന്നിത്തല
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here