ചിറകുണ്ടെങ്കിലും പറക്കാനാവാതെ
കൂട്ടിനുള്ളിൽ കിളികളെത്രയോ
വിരിഞ്ഞ വാനത്തേക്ക്
കൊതിയോടുറ്റുനോക്കുമാ-
തേങ്ങലുകളാരു കണ്ടു.
അടുക്കളയുടെ നിർജ്ജീവ ഭിത്തിക്കുളളിൽ
അനുദിനമാശനിരാശകൾ
അടുപ്പിലിട്ടു പുകച്ചെരിഞ്ഞേത്തീരും
ഹൃദയങ്ങളുടെ വേദനയാരറിഞ്ഞു.
തകർന്ന മനസ്സുമായിയേതോ
ഇരുട്ടറയിൽ വെളിച്ചത്തെ ഭയക്കും
കരളിന്റെ കത്തലാരുകണ്ടു.
ആണ്ടുകളായി ലോക്ക്ഡൗണിൽ
കഴിയുന്നു പാവങ്ങളിവരെ
അപേക്ഷിച്ചെത്ര നിസ്സാരമെന്നോ
ഇന്നു നമ്മുടെ ചലനങ്ങളെ
പിടിച്ചുകെട്ടുമീ നേർത്ത വള്ളികൾ
ഒന്നുമില്ലേലുമത്
ക്ഷണകാലത്തേക്കു മാത്രമല്ലയോ
അതിലും ക്ഷണികമാം ജീവനെ കാക്കാൻ
പിഞ്ചുകരങ്ങളെ മുറുകെപ്പിടിക്കും താതനായി
തങ്കിടാങ്ങളെ മാറോടണയ്ക്കും തായയായി
നമ്മെ ചേർത്തുനിർത്തും
നാടിന്റെ കരുതലാണത്
മടിലേശമില്ലാതെ അനുസരിക്കാം
നമ്മുക്കനുഭവിക്കാം ആ കരുതലതിൽ
താഴാതെ തളരാതെ തളിർത്തിടാം
പരിമിതമാമറിവുകൾക്കപ്പുറത്തേക്ക്
മാനസ്സങ്ങളൊക്കെയും വളർത്തിടാം
തളരുമാത്മാക്കളെ ചേർത്തു നിർത്താൻ
ആയിരം വാക്കുകൾ മനത്താളിൽ കുറിച്ചിടാം
വിലക്കേതുമില്ലാത്ത മഹാമനസ്സുകൊണ്ട്
അതിരുകൾ കടന്നു പറന്നിടാം
നീളമേറിയ കനിവിൻ കരങ്ങള-
കലങ്ങളിലേക്കു നീട്ടിടാം
അതിരില്ലാ സ്നേഹം പകർന്നിടാം
Home Featured Author
Click this button or press Ctrl+G to toggle between Malayalam and English