അന്ന്..
പെരുന്നാളിനും ഓണത്തിനും ഇടയിലാണ് മഴ വന്നത്,
അതും കഴിഞ്ഞിട്ടാണ് പ്രളയം വന്നത്..
സ്വരുക്കൂട്ടി വെച്ച സമ്പാദ്യങ്ങളത്രയും
ഒരുപാട് സ്വപ്നങ്ങളോടൊപ്പം പ്രളയം കൊണ്ടു പോയി..
എല്ലാം കഴിഞ്ഞ് ഒന്നു നടു നിവർത്തുമ്പോഴാണ് കൊറോണ വന്നത്..
പാവങ്ങൾക്ക് മാത്രമുള്ളതാണ് ഇതെല്ലാമെന്നാണ്
മനസ്സിലാക്കി വെച്ചിരുന്നത്..
രണ്ടാം നിലയിൽ വന്ന് പ്രളയം വിളിച്ചപ്പോഴാണ്
അന്ന് അന്തിച്ചു പോയത്…
ഇന്നാകട്ടെ പേടിച്ചിട്ട് പുറത്തിറങ്ങിയിട്ട് ദിവസമെത്രയായെന്ന് പിടി കിട്ടുന്നില്ല..
അന്ന്
കോടികൾ കൊണ്ട് അമ്മാനമാടിയ
വീടിന്റെ വലിപ്പം പ്രളയത്തിന് മനസ്സിലായില്ല…
ഇന്ന്….
കുടുബമഹിമയുടെ ഏടുകൾ കൊറോണയ്ക്ക്
തിരയാൻ സമയം കിട്ടിയതുമില്ല..
അന്ന്..
ജീവൻ കിട്ടിയത് പാവങ്ങളുടെ കൈത്താങ്ങ് കൊണ്ട്
ജാതിയും സരട്ടിഫിക്കറ്റും ആരും ചോദിച്ചില്ല..
ചേർത്തു പിടിച്ച കൈകളിൽ
സ്നേഹത്തിന്റെ കരുത്തായിരുന്നു..
പാർക്കാൻ ഇടമില്ലാതിരുന്നത് കൊണ്ട്
ക്യാമ്പ് വാസത്തിന് ബുദ്ധിമുട്ടുണ്ടായില്ല..
ഇന്ന്..
പുറത്തിറങ്ങാൻ മാർഗ്ഗമില്ലാത്തതു കൊണ്ട്
സൗജന്യ റേഷന്റെ ക്യൂവിൽ നിൽക്കാൻ
മടിയുമുണ്ടായില്ലാ…
കാര്യങ്ങൾ മനസ്സിലാക്കാൻ പ്രസംഗത്തെക്കാളും
എഴുത്തിനെക്കാളും നല്ലത് ലോക്ക്ഡൗൺ തന്നെയാണ്..