ലോക്ഡൗൺ

വരി നിന്ന് കൊട്ടാൻ പാത്രവും മണികളും,
നിലകളിൽ തൂക്കാൻ തിരിയും ചിരാതും,
കൈ നീട്ടി വാങ്ങവെ കണ്ടുവോ ,
മൃത്യു പൂരം കൊടിയേറ്റം കൊണ്ട
ഭേദ്യ ദൈന്യത്തിൻ അപ്പുറക്കാഷ്ചകൾ

വെന്ത് വിണ്ട പാദ പലായനം,
അന്ത്യശ്വാസ ഭീതി താണ്ടുവാൻ
ചോര മണ്ണിൽ പൂണ്ട മാംസ തുണ്ടങ്ങൾ,
പേരിനൊരു ശവം പോലുമാകാതെ!

പെരും വയറിലെ ഭ്രൂണ ഭാരങ്ങൾ ,
മടക്കയാത്രയിലെ കദന സ്വപ്നങ്ങൾ
ഉരുളക്ക് തേങ്ങും കുഞ്ഞ് രോദനം
വളവിൽ മറയുന്ന കുഞ്ഞ് കൊലുസൊച്ചകൾ !!

അസ്ഥി കൂർത്ത തോളിലുറങ്ങും
വെയിൽ പഴുത്ത കുഞ്ഞ് പാലുണ്ണികൾ
മക്കളെ ,
കണക്ക് താളിൽ നിങ്ങൾ കുറിച്ചിട്ട,
കടം തീർക്കാൻ,എത്ര ജന്മം പിറക്കണം,
ശീതികരിച്ച മസ്തിഷ്ക ജീവികൾ ,
ഞങ്ങൾ…,,
വന്ധ്യം കരിച്ച ശബ്ദഘോഷങ്ങൾ

പടി വാതിൽ തുറക്കാതെ താഴിട്ട പാതയിൽ,
നടു നീർത്തി ഒരുനാൾ വരുമ്പോൾ ,
വരിനിന്ന് കത്തിച്ച തിരിയും ചിരാതും
ഇടയില്ലാ ദൂരത്തിൽ കുഴിച്ചിട്ട ഞങ്ങടെ
അസ്ഥിമാടങ്ങളിൽ ബലിയിട്ടു പോകണം
ഗതികിട്ടാതലയുന്ന വാവൽ ജന്മങ്ങൾ ,
പൊട്ടി കരയട്ടെ ഇരുൾ മാളങ്ങളിൽ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. ആരുമല്ലാതെ ,ജനസംഖ്യാ കണക്കിലെ അക്കങ്ങൾ മാത്ര മാകുന്ന , ഭൂരിപക്ഷ തിന് ,ഇത്തിരി വാക്കുകൾ എങ്ങിലുമാകട്ടെ , ഞാൻ !! നന്ദി .

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here