കർഫ്യൂവിനെപ്പറ്റി ഒരിക്കൽ കവിത എഴുതിയപ്പോൾ
കവി കരുതിയില്ല ഒരിക്കൽ തനിക്കും ഇങ്ങനെ വരുമെന്ന്..
അനുവാദമില്ലാതെ പുറത്തിറങ്ങാൻ കഴിയാതിരിക്കുന്നതിന്റെ
ദു:ഖം ഹൃദയവേദനയോടെയാണ് അന്ന് കുറിച്ചിട്ടത്..
ഇന്നിപ്പോൾ പുറത്തിറങ്ങണമെങ്കിൽ സമ്മതപത്രം
പൂരിപ്പിച്ച് നൽകി കാത്തിരിക്കണം..
കഴിഞ്ഞ ദിവസം കടയിൽ പോകാൻ
മാസ്ക്കില്ലാതെ പുറത്തിറങ്ങിയതിന്
ആയിരം പിഴ കിട്ടിയപ്പോഴാണ് ഇത്ര നാളും
ആരോടും ചോദിക്കാതെ മുഖവും തുറന്ന്
കറങ്ങി നടന്നതിന്റെ
വില കവി കൂട്ടി നോക്കിയത്..
വീടിനകത്ത് നിന്ന് ജനലിലൂടെ
പുറത്തേക്ക് നോക്കുമ്പോഴാണ്
സ്വാതന്ത്ര്യത്തിന്റെ വില
കവിക്ക് മനസ്സിലായത്.
‘’ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ’’
എന്ന കവി വചനം
അർത്ഥ വ്യാപ്തിയോടെ പഠിക്കുന്നത്
ഇപ്പോഴാണ്..
സൻമാർഗത്തിന്റെയും ധാർമ്മികതയുടെയും
പാഠങ്ങൾ പണ്ട്
കേട്ടപ്പോഴും വായിച്ചപ്പോഴും കാര്യമായെടുത്തിരുന്നില്ല.
ഇന്ന് വീട്ടിൽ അടങ്ങി ഒതുങ്ങിയിരിക്കുമ്പോഴാണ്
ധാർമ്മികത
മനസ്സിലേക്ക് വീണ്ടും കടന്നു വരുന്നത്..
അല്ലെങ്കിലും നമ്മൾ മര്യാദയും ധർമ്മവുമൊക്കെ പഠിക്കണമെങ്കിൽ
മറ്റാര് പറഞ്ഞിട്ടും കാര്യമില്ല
വൈറസ് തന്നെ പറയണം..