ലോൺ സാങ്ഷൻ ഡേറ്റ്

 

 

 

ട്രെയിനിന്റെ നീട്ടിയുള്ള ചൂളംവിളി ആണ് വൈശാഖിനെ ഉണർത്തിയത്. വൈശാഖ് വാച്ചിലേക്ക് നോക്കി സമയം ആറു മുപ്പതായി. പുറത്തേക്കു നോക്കി ചെറിയ ചാറ്റൽ മഴയുണ്ട് സ്റ്റേഷൻ എത്താറായി എന്നുതോന്നുന്നു. ട്രെയിനിന് വേഗത കുറഞ്ഞു കുറഞ്ഞു വരുന്നു. വൈശാഖ് പതുക്കെ എഴുന്നേറ്റു കമ്പാർട്ട്മെന്റിൽ വൈശാഖിനെ കൂടാതെ വളരെ കുറച്ചുപേരേ ഉള്ളു എല്ലാവരും തന്നെ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് പുറത്ത് ഫ്ലാറ്റ്ഫോം കണ്ടു തുടങ്ങി ട്രെയിൻ പതുക്കെ നിന്നു. ബാഗുമെടുത്ത് വൈശാഖ് സ്റ്റേഷനിലേക്ക് ഇറങ്ങി. മനോഹരമായ ഒരു കൊച്ചു സ്റ്റേഷൻ കുറെ മുൻപിലായി നിലമ്പൂർ എന്ന ബോർഡ് കാണാം. എറണാകുളം മെയിൻ ബ്രാഞ്ചിൽ നിന്നും നിലമ്പൂർ കരുളായി എന്ന സ്ഥലത്തേ റൂറൽ ബ്രാഞ്ചിലേക്ക് ആണ് വൈശാഖ് ട്രാൻസ്ഫർ കിട്ടിയത്. എറണാകുളം റെയിൽവേ സ്റ്റേഷനിലെ തിരക്കും സാഹചര്യങ്ങളും നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ തിരക്കും സാഹചര്യങ്ങളുമായി ഒത്തുനോക്കുമ്പോൾ ഉള്ള വ്യത്യാസംഒരു ടൗൺ ബ്രാഞ്ച് റൂറൽ ബ്രാഞ്ച് മായുള്ള വ്യത്യാസം പോലെ വൈശാഖിനു തോന്നി. വൈശാഖും പതുക്കെ സ്റ്റേഷന് പുറത്തേക്ക് നടക്കുവാൻ തുടങ്ങി സ്റ്റേഷനിലെ തിരക്ക് അപ്പോൾതന്നെ ഒഴിഞ്ഞിരുന്നു സ്റ്റേഷനിൽ ഇറങ്ങിയ മിക്ക ആൾക്കാരും സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ഒക്കെ ആണെന്ന് തോന്നുന്നു എല്ലാവരുടെയും മുഖത്ത് രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും ജോലിക്ക് വരുന്നതിനെ ഒരു വിഷമം കാണുവാൻ ഉണ്ടായിരുന്നു.
“വൈശാഖൻ സാറല്ലേ”, തന്റെ നേരെ നടന്നു വന്ന ആളിന്റെ ചോദ്യമാണ് വൈശാഖിനെ പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർത്തിയത്.
അതെ എന്ന് മറുപടി പറയുമ്പോഴേക്കും ആയാൽ എന്റെ കയ്യിൽ നിന്ന് ബാഗ് പിടിച്ച് വാങ്ങിയിരുന്നു “ഞാൻ പിടിച്ചോളാം സാർ, ഞാൻ ഭാസ്കരൻ എങ്ങനെയുണ്ടായിരുന്നു സാർ യാത്ര രാത്രി ഉറങ്ങാൻ ഒക്കെ പറ്റിയോ”.
അപ്പോൾ ഇതാണ് ഭാസ്കരൻ ചേട്ടൻ കരുളായി ബ്രാഞ്ചിലെ പ്യൂൺ. പെട്ടെന്ന് കിട്ടിയ ട്രാൻസ്ഫർ ആയതിനാൽ അവിടെ താമസവും മറ്റു സൗകര്യങ്ങളും തയ്യാറാക്കാനായിജോയിൻ ഡേറ്റ് കുറച്ചുകൂടി നീട്ടി തരണമെന്ന് പറഞ്ഞു വിളിച്ചപ്പോൾ നീ ധൈര്യമായി ചെന്നു കൊള്ളും അവിടെ ചെല്ലുമ്പോൾ എല്ലാ കാര്യങ്ങളും റെഡിയായിരിക്കും ഞാൻ ഭാസ്കരനെ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന് കൃഷ്ണേട്ടൻ പറഞ്ഞത് ഓർത്തു. അപ്പോൾ ഇതാണ് കക്ഷി.
“സാറേ ബ്രാഞ്ചിന് അടുത്തു തന്നെ ഒരു വീട് ശരിയാക്കിയിട്ടുണ്ട് ഇപ്പോൾ പോകുന്ന ജോർജ്ജ് സാറിന് മുൻപ് ഉണ്ടായിരുന്ന വേണു സാർ താമസിച്ചിരുന്ന വീടാണ് അതിനുശേഷം ആരും വാടകയ്ക്ക് എടുത്തിട്ടില്ല ഒരു ചെറിയ കുടുംബത്തിന് താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്‌”.സാർ ഫാമിലിയെ കൊണ്ടുവരുന്നില്ലേ “.
“കൊണ്ടുവരണം അടുത്തയാഴ്ച പോയിട്ട് തിരിച്ചു വരുമ്പോൾ കൊണ്ടു വരാം എന്നാണ് ആലോചിക്കുന്നത്”.
ഭാസ്കരൻ ചേട്ടന്റെ ബൈക്കിനു പുറകിൽ ഇരുന്ന് പോകുമ്പോൾ തണുത്ത കാശ് വീശുന്നുണ്ടായിരുന്നു എറണാകുളത്തെ ഫ്ലാറ്റുകളും വാഹനങ്ങളുടെ തിരക്കും മാത്രം കണ്ടു മരവിച്ച കണ്ണുകൾക്ക് ഗ്രാമീണ ഭംഗി ഒരു പുതിയ കുളിർമയേകി. ഒരു 20 മിനിറ്റ് യാത്രക്ക് ശേഷം ഒരു ചെറിയ ഭംഗിയുള്ള വീടിനുമുമ്പിൽ ഭാസ്കരേട്ടൻ ബൈക്ക് നിർത്തി “സാറേ ഇതാണ് വീട് വൃത്തിയാക്കി ഇട്ടിരിക്കുകയാണ് ഞാൻ ഇന്നലെ വന്നു നോക്കിയതാണ്”. ഭാസ്കരേട്ടനൊപ്പം ഞാൻ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി നല്ല ഭംഗിയായി വൃത്തിയാക്കി ഇട്ടിരിക്കുന്ന ഒരു കൊച്ചു വീട് ബാഗുകളും സാധനങ്ങളെല്ലാം അകത്ത് വെച്ചശേഷം ഭാസ്കരേട്ടൻ ഇപ്പോൾ വരാം എന്ന് പറഞ്ഞ് പുറത്തേക്ക് പോയി. ഒരു പത്ത് മിനിറ്റിനുള്ളിൽ ഭാസ്കരേട്ടൻ തിരിച്ചെത്തി കയ്യിൽ ഒരു പൊതിയും ഉണ്ടായിരുന്നു. “സാറേ, നല്ല ചൂട് അപ്പവും മുട്ടക്കറിയും ആണ്, ഇത് കഴിച്ചു ഫ്രഷ് ആകുമ്പോഴേക്കും ഞാൻ എത്താം. എന്റെ വീട് ഇവിടുന്നു ഒരു രണ്ടു കിലോമീറ്റർ അപ്പുറത്താണ്”.
ഭാസ്കരൻ ചേട്ടൻ പോയശേഷം നല്ല ഒരു കുളി പാസാക്കി ഫ്ലാറ്റിലെ ക്ലോറിൻ വെള്ളം മാറി നാട്ടിലെ വെള്ളം ശരീരത്തിലേക്ക് വീണപ്പോൾ മനസ്സിനും ശരീരത്തിനും പുതിയൊരു ഉന്മേഷം കിട്ടിയത് പോലെ. കുളിയൊക്കെ കഴിഞ്ഞ് ഓഫീസിലേക്ക് പോകുവാൻ റെഡിയായ ശേഷം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഗേറ്റിൽ ആരോ തട്ടുന്നത് പോലെ തോന്നിയത്. പുറത്തിറങ്ങി നോക്കിയപ്പോൾ ഒരു പെൺകുട്ടി ഗേറ്റിനു പുറത്തു നിൽക്കുന്നു പതിനേഴോ പതിനെട്ടോ വയസ്സ് പ്രായം വരും.
“മാനേജർ സാറല്ലേ “, ആ കുട്ടി വിളിച്ചുചോദിച്ചു,
“ സാർ, എന്റെ ലോൺ സാങ്ഷൻ ഡേറ്റ് എന്നാണ് എന്ന് ചോദിക്കാൻ ബാപ്പ പറഞ്ഞു”.
പെരുവിരൽ തൊട്ട് ഇങ്ങോട്ട് ദേഷ്യമാണ് ആദ്യം ചോദ്യം കേട്ടപ്പോൾ വന്നത് വന്ന് ചാർജ് എടുത്തില്ല അതിനുമുമ്പേ തുടങ്ങിയല്ലോ. പക്ഷേ ആ കുട്ടിയുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കിയപ്പോൾ ആ നിഷ്കളങ്കത കണ്ടപ്പോൾ ദേഷ്യം എങ്ങോ പോയി മറഞ്ഞു. ഞാൻ ഇറങ്ങി ഗേറ്റിന് അടുത്തേക്ക് ചെന്നു. ” എന്ത് ലോണിന്റെ കാര്യമാണ് മോളെ പറയുന്നത്”.ഞാൻ ചോദിച്ചു.
സർ എന്റെ വിദ്യാഭ്യാസ ലോണിന്റെ കാര്യമാണ് ഞാനും ബാപ്പയും കൂടി വന്ന് ലോൺ പേപ്പർ എല്ലാം ഒപ്പിട്ട് തന്നതാണ്. ലോൺ സാങ്ഷൻ ഡേറ്റ് വിളിച്ചു പറയാം എന്ന് പറഞ്ഞിട്ട് ഇതുവരെ ബാങ്കിൽ നിന്ന് ആരും വിളിച്ചില്ല. നിഷ്കളങ്കമായ ആ കുട്ടി മറുപടി പറഞ്ഞു.
ശരിയായിരിക്കാം ചിലപ്പോൾ ജോർജ് സാർ ട്രാൻസ്ഫറിന്റെ തിരക്കിൽ വിട്ടു പോയതായിരിക്കും. “ബാപ്പയുടെ നമ്പർ ബാങ്കിൽ കൊടുത്തിട്ടുണ്ടോ”. ഞാൻ ചോദിച്ചു.
” അതേ സാർ ഉണ്ട് ബാപ്പയുടെ നമ്പറിലേക്ക് ബാങ്കിൽനിന്ന് വിളിച്ചുപറഞ്ഞ ദിവസമാണ് ഞങ്ങൾ ചെന്ന് ലോൺ പേപ്പറുകൾ എല്ലാം ഒപ്പിട്ടു കൊടുത്തത്”.
“ശരി ഞാൻ ഇന്നുതന്നെ ബാങ്കിൽ ചെന്നിട്ട് വിളിച്ചു പറയാം കേട്ടോ മോളെ പൊയ്ക്കോളൂ”. എന്ന് പറഞ്ഞ് കുട്ടിയെ തിരിച്ചയച്ചു.
ആ കുട്ടി പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഭാസ്കരേട്ടൻ എത്തി അപ്പോഴേക്കും ഞാൻ വീട് പൂട്ടി പുറത്തിറങ്ങിയിരുന്നു ഞങ്ങൾ ബൈക്കിൽ ബാങ്കിലേക്ക് പോയി. ഞങ്ങൾ ബാങ്കിൽ ചെന്ന് ഒരു പത്ത് മിനിറ്റിൽ തന്നെ മറ്റുള്ള സ്റ്റാഫുകൾ എല്ലാം ബാങ്കിലെത്തി എല്ലാവരെയും ഒന്ന് ഓടിച്ചു പരിചയപ്പെട്ടു , അപ്പോഴേക്കും കസ്റ്റമേഴ്സ് വന്നുതുടങ്ങിയിരുന്നു വൈശാഖ് പതുക്കെ മാനേജർ ക്യാബിനിലേക്ക് ചെന്നിരുന്നു ചാർജ് എടുക്കുന്നതിന് മുമ്പ് സെക്യൂരിറ്റി ഐറ്റംസും ലോൺ പേപ്പറുകളും ചെക്ക് ചെയ്യണം. റീജിയണൽ ഓഫീസിലേക്ക് വിളിച്ചു ജോയിൻ ചെയ്ത കാര്യം റിപ്പോർട്ട് ചെയ്തു. അപ്പോഴാണ് രാവിലെ വന്ന പെൺകുട്ടിയുടെ കാര്യം ഓർമ്മ വന്നത്
” ഭാസ്കരൻ ചേട്ടാ ഇവിടെ പെന്റിംഗ് ലോൺ ആപ്ലിക്കേഷൻസ് ഇരിപ്പുണ്ടോ എവിടെയാണ് ഇരിക്കുന്നത്”.
പെൻഡിങ് ആപ്ലിക്കേഷൻസ് കൂടുതൽ കാണില്ല സാറേ വളരെ കുറച്ചേ കാണൂ.ഉള്ളത് ആ മേശയിൽ തന്നെ കാണും സാർ”.
താഴെ കടയിൽനിന്ന് എല്ലാവർക്കും ചൂടുചായ സപ്ലൈ ചെയ്യുന്നതിനിടയിൽ ഭാസ്കരേട്ടൻ പറഞ്ഞു.
പതുക്കെ മേശ തുറന്ന് നോക്കി ഭാസ്കരേട്ടൻ പറഞ്ഞതുപോലെ മൂന്നു ലോൺ സെറ്റുകൾമാത്രമായിരുന്നു മേശയിൽ ഉണ്ടായിരുന്നത് ആദ്യത്തെ രണ്ടെണ്ണം ഒരു വെഹിക്കിൾ ലോണും ഒരു പേഴ്സണൽ ലോണും ആയിരുന്നു. മൂന്നാമത്തെ സെറ്റ് എടുത്തു അതേ സ്പെസിമെൻ കാർഡിൽ രാവിലെ കണ്ട ആ പെൺകുട്ടിയുടെ ഫോട്ടോ. ലോൺ സെറ്റ് തുറന്നുനോക്കി ആപ്ലിക്കേഷനിൽ എല്ലാം ഒപ്പിട്ടിട്ടുണ്ട് പക്ഷേ ഫിൽ ചെയ്തിട്ടില്ല മറ്റ് രേഖകളും ഒന്നുമില്ല.
“ഇതെന്താ ഭാസ്കരേട്ടനെ ഇങ്ങനെ” ക്യാബിനിലേക്ക് വന്ന ഭാസ്കരേട്ടനോട് ലോൺ സെറ്റ് കാണിച്ചുകൊണ്ട് ചോദിച്ചു. പെട്ടെന്ന് ഭാസ്കരേട്ടനെ മുഖഭാവം മാറി “സാർ അത് ഇങ്ങ് എടുത്തോളൂ അവിടെ വയ്ക്കാനുള്ളതല്ല”.
‘എന്താ ഭാസ്കരേട്ടാ നിങ്ങൾ കാര്യം പറയൂ “.കുറച്ച് ശബ്ദമുയർത്തി തന്നെ ചോദിച്ചു.
“സാർ അത് മൂന്നു വർഷം മുമ്പുള്ള ലോൺ അപ്ലിക്കേഷൻ ആണ് എംബിബിഎസിന് അഡ്മിഷൻ ലഭിച്ച ആ കുട്ടി ബാപ്പയെയും കൂട്ടി നമ്മുടെ ലോൺ എടുക്കാൻ വന്നിരുന്നു. ലോൺ പേപ്പറുകളിൽ ഒപ്പിടാൻ വിളിച്ച ദിവസം മാർക്ക് ലിസ്റ്റും മറ്റെന്തൊക്കെയോ രേഖകളും എടുക്കുവാൻ ആ കുട്ടി മറന്നു. ആപ്ലിക്കേഷൻ ഒപ്പിട്ടശേഷം അത് എടുത്ത്‌ ലോൺ സാങ്ഷൻ ഡേറ്റിന്റെ അന്ന് വരാം എന്ന് പറഞ്ഞു പോയതാണ് ബാപ്പയും ആ കുട്ടിയും കൂടി പക്ഷേ പോകുന്ന വഴിക്ക് ഉണ്ടായ ഒരു ആക്സിഡന്റ്”രണ്ടു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഡോക്ടർ ആയി വന്ന ശേഷം വയ്യാത്ത ഉമ്മയെ ചികിൽസിച്ചു ഭേദം ആക്കും എന്ന് എപ്പോളും അവൾ എല്ലാവരോടും പറയുമായിരുന്നു.ആ സംഭവത്തിന്‌ ശേഷം അവളുടെ ഉമ്മ അസുഖം കൂടി മരിച്ചു. ഇത്രയും പറഞ്ഞപ്പോഴേക്കും ഭാസ്കരേട്ടന്റെ തൊണ്ട ഇടറിയിരുന്നു. ആ ലോൺ സെറ്റ് വാങ്ങി ഭാസ്കരേട്ടൻ ക്യാബിന് പുറത്തേക്ക് പോയി.
എന്തു പറയണമെന്നറിയാതെ വൈശാഖ് സ്തംഭിച്ചിരുന്നു പോയി ശരീരവും മനസ്സും മരവിച്ചു പോയതുപോലെ. രാവിലെ കേട്ട ആ ചോദ്യം അപ്പോഴും അയാളുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. ” എന്നാണ് സാർ ലോൺ സാങ്ഷൻ ഡേറ്റ്? “.

 

8129835535, adershg@gmail.com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English