ജോലികഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ അയാൾ മൊബൈൽ ഫോണിൽവന്ന സന്ദേശം കണ്ടപ്പോൾ ഞെട്ടിത്തരിച്ചു. സമയവും സന്ദർഭവും സൗകര്യങ്ങളും ഒന്നും നോക്കാതെ ഉടനെ അവിടെനിന്നു ഇറങ്ങിത്തിരിച്ചു. കിട്ടിയ യാത്രാസംവിധാനങ്ങൾ ഉപയോഗിച്ച് പുലർച്ചെ തന്നെ തന്റെ കുഗ്രാമത്തിൽ അയാൾ എത്തിച്ചേർന്നു.
സമയം കളയാതെ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി. വിറക്കുന്ന കൈകളോടെയും മരവിച്ച മനസ്സോടെയും കയ്യിൽ പിടിച്ച കടലാസുമായി അയാൾ ഇപ്പോൾ പോലീസ് സ്റ്റേഷൻ വരാന്തയിൽ നിൽക്കുകയാണ്. ഒരു പണയ വസ്തു തിരികെ ലഭിക്കാനുള്ള പരാതിയായിരുന്നു അത്. പരാതി നൽകി തിരിച്ച് വീട്ടിലെത്തിയ അയാളുടെ മുന്നിൽ വെറും ശൂന്യത മാത്രമായിരുന്നു. കൊടും നിരാശയിലും യാത്രയുടെ ക്ഷീണത്തിലും അയാൾ ഉറങ്ങിപ്പോയി. കഴിഞ്ഞകാല ഓർമ്മകളെ കീറിമുറിച്ചു കൊണ്ടുള്ള മയക്കമായിരുന്നു അത്.
കേവലം ആറുമാസങ്ങൾക്ക് മുമ്പാണ് താനും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ആ ഗ്രാമത്തിൽ വാടകയ്ക്ക് താമസിക്കാനായി എത്തുന്നത്. കുടുംബത്തിന്റെ പട്ടിണിയും പ്രയാസവും അകറ്റുവാനായി അയാൾ അല്പം അകലെയുള്ള പട്ടണത്തിലേക്ക് ജോലിക്ക് പോയി.
ജോലി സ്ഥലത്തുനിന്നു ഇടയ്ക്കിടെ തന്റെ കുടുംബവുമായി അയാൾ ബന്ധം പുലർത്തുന്നു. ഫോൺ വിളിക്കുന്നു. എല്ലാ വിവരങ്ങളും ചോദിച്ച് അറിയുകയും ചെയ്യുന്നു. അധ്വാനിച്ചു കിട്ടുന്ന വരുമാനം ബാങ്ക് അക്കൗണ്ട് വഴിയാണ് അയച്ചുകൊണ്ടിരുന്നത്. വീടിന്റെ വാടകയും ചെലവും എല്ലാം അതിൽനിന്ന് കഴിയണം. മെച്ചപ്പെട്ട ഒരു വരുമാനമാഗ്രഹിച്ചുകൊണ്ടാണ് ഗ്രാമത്തിൽനിന്നു പട്ടണത്തിലേക്ക് അയാൾ ജോലി തേടി പോയത്. എല്ലാദിവസവും അയാൾക്ക് വീട്ടിലേക്ക് വരാൻ സാധിക്കുമായിരുന്നില്ല. ഫോൺ വിളിക്കുന്ന സമയത്തൊക്കെ, അയച്ചുതരുന്ന പണം ആവശ്യങ്ങൾക്ക് തികയുന്നില്ല എന്ന കാര്യം നിരന്തരം ഭാര്യ പറഞ്ഞുകൊണ്ടിരിക്കുന്നത് അയാളെ അസ്വസ്ഥനാക്കുന്നുണ്ട്.
ജീവിതത്തിലെ അത്യാവശ്യ വസ്തുവാണ് ഇന്ന് മൊബൈൽ ഫോൺ. കേവലം ഫോൺവിളികൾ മാത്രമായി ഒതുങ്ങുന്നതല്ല ആവശ്യങ്ങൾ. ജീവിതത്തിൻറെ സകല മേഖലകളിലും ഇത് അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.
അയാളുടെ ഭാര്യയുടെ കയ്യിലും തരക്കേടില്ലാത്ത എല്ലാ പ്രവർത്തനങ്ങൾകും അനുയോജ്യമായ ഒരു ഫോൺ ആയിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് അയക്കുന്ന പണത്തിൽ നിന്ന് നല്ല ശതമാനം മൊബൈൽ ഫോണിൽ തന്നെ ചെലവാകുന്നുണ്ട്. കൃത്യമായി ഡാറ്റ ലോഡ് ചെയ്യുന്നതിൽ അവൾ ശ്രദ്ധ പുലർത്തിയിരുന്നു. അതോടൊപ്പം ഏറെ സമയവും അവൾ മൊബൈലിൽ തന്നെ ചെലവഴിക്കുന്നു. കാരണം, അവൾ ഒരു ഓൺലൈൻ ഗെയിം പ്ലയർ കൂടിയായിരുന്നു.
അടുത്തിടെ ചേക്കേറിയ ഗ്രാമത്തിലെ വാടക വീടിൻറെ ഉടമസ്ഥനുമായി അവൾ പരിചയത്തിൽ ആകുന്നു. ആ പരിചയം ക്രമേണ അവർ രണ്ടുപേരെയും ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുകയാണ്. അങ്ങനെ രണ്ടുപേരും പന്തയത്തിൽ ഏർപ്പെട്ട് ഗെയിം ആരംഭിച്ചു. ഗെയിമിൽ കൂടി നിരന്തരമായി പന്തയം വച്ച തുക അവൾക്ക് നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പണം നഷ്ടപ്പെട്ടതൊന്നും അവൾക്കൊരു വിഷയമേയായിരുന്നില്ല. കളിയോടുള്ള താൽപര്യം അവളെ ഉന്മാദയാക്കി മാറ്റി. ഗെയിം തുടരുവാൻ പണം ലഭ്യമാകില്ലെന്ന് ഉറപ്പായതോടുകൂടി എല്ലാ മാർഗങ്ങളും അവൾ തേടുകയുണ്ടായി. എന്ത് സഹിച്ചാലും കളി തുടരണം എന്ന വിഭ്രാന്തി മാത്രമായിരുന്നു അവൾക്ക്. ഒടുവിൽ അവൾ സ്വയം പണയപ്പെടുത്തി പന്തയത്തിൽ ഏർപ്പെട്ടു. കളി തുടർന്നു. അതിലും പരാജയപ്പെട്ടതോടെ വാടക മുതലാളിയുടെ ദാസിയായി മാറുകയായിരുന്നു.
പന്തയത്തിൽ ഏർപ്പെട്ട് വാടക മുതലാളിയുടെ ദാസിയായി മാറിയ വിവരം അവൾ തന്നെ സ്വന്തം ഭർത്താവിനെ അറിയിക്കുകയുണ്ടായി.
സന്ദേശം ലഭിച്ച ഉടനെ ജയ്പൂരിൽ നിന്നും രാത്രിയോടെ തന്നെ ഓടിക്കിതച്ച് പുലർച്ചെ തൻ്റെ ഗ്രാമത്തിലേക്ക് അയാൾ തിരിച്ചെത്തി. അവളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും പണയ ഉരുപ്പടി തിരിച്ചു നൽകാൻ മുതലാളി സമ്മതിച്ചില്ല. ഒടുവിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അയാൾ. ഉത്തർപ്രദേശിലെ പ്രതാപ് ഗഢ് ജില്ലയിൽ നാഗർ കൊട്വാലി എന്ന ഗ്രാമത്തിൽ.
Click this button or press Ctrl+G to toggle between Malayalam and English