ഇടയ്ക്കിടം വിജ്ഞാനോദയം വായനശാല ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനതല വിജ്ഞാന കലോത്സവം ഇന്ന് തുടങ്ങും . തെറ്റിക്കുന്നിൽ മഹാദേവിക്ഷേത്രം ഓപ്പൺ ഓഡിറ്റോറിയം, ഗവൺമെന്റ് എൽപിഎസ്, വായനശാല അങ്കണം എന്നിവിടങ്ങളിൽ അഞ്ച് വേദികളിലായാണ് മത്സരങ്ങൾ. ഏത് വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നവർക്കും കലോത്സവത്തിൽ പങ്കെടുക്കാം. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം, നാടോടിനൃത്തം, സംഘഗാനം, സിനിമാറ്റിക് ഒപ്പന, സെമിക്ലാസിക്കൽ ഡാൻസ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പദ്യപാരായണം, നാടൻപാട്ട്, ചലച്ചിത്രഗാനം, സംഘഗാനം, മോണോ ആക്ട്, മിമിക്രി, ക്വിസ്, കഥാരചന, കവിതാരചന, സിനിമാറ്റിക് ഡാൻസ് അടക്കം 31 ഇനങ്ങളിലാണ് മത്സരങ്ങൾ.
രാവിലെ പത്തിന് കലോത്സവ സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ജഗദമ്മ ടീച്ചർ നിർവഹിക്കും. കലോത്സവ കമ്മിറ്റി കൺവീനർ ആർ.സോമൻ അധ്യക്ഷത വഹിക്കും. കലോത്സവം കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ അധ്യക്ഷത വഹിക്കും. ജെ.അശോകൻ, എസ്.ഗീതാകുമാരി, എസ്.അശോകൻ, ആർ.മോഹൻദാസ്, എസ്.എസ്.ശ്യാംകുമാർ എന്നിവർ പ്രസംഗിക്കും. തുടർന്ന് മത്സരങ്ങൾ. 20ന് വൈകുന്നേരം അഞ്ചിന് ഇടക്കിടം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര കലോത്സവ നഗരിയിൽ സമാപിക്കും. തുടർന്ന് സാംസ്കാരിക സമ്മേളനവും മെഗാഷോയും നടക്കും.