വിപണിയുടെ കാലത്തെ സാഹിത്യരചന

 

 

കഥയെഴുതുന്നതും കവിതയെഴുതുന്നതുമെല്ലാം വെറും നൈപുണ്യം(skill) ആണെന്ന തോന്നല്‍ ലോകവ്യാപകമായി ഉണ്ടാക്കപ്പെട്ടിട്ടുണ്ട്.ആ തോന്നല്‍ പ്രചരിപ്പിക്കുന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം കാണുകയുണ്ടായി. അഭ്യാസം കൊണ്ടു മാത്രം സാധ്യമാവുന്ന എഴുത്ത് ഒരു വക എഴുത്ത് തന്നെയായിരിക്കും. ലോകത്തെ കുറിച്ച്,നാം ജീവിക്കുന്ന കാലത്തെക്കുറിച്ച്, നാം കടന്നു പോകുന്ന നാനാതരം അനുഭവങ്ങളെക്കുറിച്ച്, നമ്മെ വലയം ചെയ്തു നില്‍ക്കുന്ന ആശയങ്ങളെക്കുറിച്ച്, നമ്മിലും നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരിലും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച്,അല്ലെങ്കില്‍ നാം പിന്നിട്ടു പോന്ന അനുഭവലോകങ്ങളെക്കുറിച്ച് പുതുതായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രം എഴുതുന്നതാണ് നല്ലത്. അതല്ലാതെ ഒരു കൈത്തൊഴില്‍ പഠിച്ചെടുക്കേണ്ടതു പോലെ പഠിച്ചെടുക്കേണ്ടതും ആവശ്യങ്ങള്‍ നോക്കി അപ്പപ്പോള്‍ ഉണ്ടാക്കിയെടുക്കെടുക്കേണ്ടതുമാണ് സാഹിത്യം എന്നു പറയുന്നത് മനുഷ്യന്‍റെ ബുദ്ധിയും ഭാവനയും വളരെ ജൈവികമായ നിര്‍മാണ വൈഭവത്തോടെ പ്രവര്‍ത്തിക്കുന്ന ഈ മേഖലയെ പാടേ നശിപ്പിക്കാനുള്ള അടവു തന്നെയാണ്.

ഇങ്ങനെ പറയുന്നത് ഒരധികാരപ്രയോഗമല്ലേ? സാഹിത്യത്തെ നിഗൂഢവല്‍ക്കരിക്കാനുള്ള ശ്രമമല്ലേ? അങ്ങനെ യാതൊന്നുമല്ല. വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉണ്ടാക്കിയെടുക്കേണ്ടതും ഉണ്ടാക്കിയെടുക്കാവുന്നതും മാത്രമാണ് സാഹിത്യം,അന്തിമമായി വിപണി തന്നെയാണ് നിര്‍ണായകം എന്നു പറയുന്നത് വാസ്തവത്തില്‍ സാഹിത്യത്തെ ഓരം ചേര്‍ത്ത് ഇല്ലാതാക്കാനും ജീവിതത്തിന്‍റെ സമസ്തമേഖലകളുടെയും കേന്ദ്രസ്ഥാനം വിപണിക്ക് അവകാശപ്പെട്ടതാണ് എന്നു സ്ഥാപിക്കാനുമുള്ള തന്ത്രം തന്നെയാണ്. അക്കാര്യം വ്യക്തമാക്കാന്‍ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.

സാഹിത്യം പഠിപ്പിച്ചെടുക്കാവുന്നതോ പഠിപ്പിച്ചെടുക്കേണ്ടതോ അല്ല എന്നു പറയുന്നവര്‍ സാഹിത്യ വിദ്യാഭ്യാസത്തെത്തന്നെ എതിര്‍ക്കുകയല്ലേ എന്ന ചോദ്യവും പ്രതീക്ഷിക്കാവുന്നതാണ്. സാഹിത്യം എന്താണ്, അതിന്‍റെ പ്രയോജനങ്ങളെന്തൊക്കെയാണ്, വ്യക്തി മനസ്സിലും സമൂഹമനസ്സിലും സാഹിത്യം സാധിക്കുന്ന ഇടപെടലുകള്‍ എന്തൊക്കെയാണ്, സാഹിത്യകൃതികളുടെ ആസ്വാദനം എങ്ങനെ സാധിക്കാം, ഒരു ഭാഷയിലെ സാഹിത്യത്തിന്‍റെ ചരിത്രം എന്താണ്,ആ ഭാഷയുടെ തന്നെ ചരിത്രം എന്താണ്, സാഹിത്യം മനുഷ്യപ്രജ്ഞ വ്യാപരിക്കുന്ന അനേകം മേഖലകളാല്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നു,സമകാല സാഹിത്യവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സാഹിത്യവിദ്യാര്‍ത്ഥികള്‍ പഠിപ്പിക്കപ്പെടുന്നത്.

ഈ പറഞ്ഞതൊന്നുമല്ലാതെ,സാഹിത്യ രചനയുമായി ബന്ധപ്പെട്ട് ഒന്നും പഠിക്കേണ്ടതില്ലേ? രചനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുക എന്നതിന്‍റെ അര്‍ത്ഥം സ്വന്തം ഭാഷയിലും ഇതരഭാഷകളിലും ഉണ്ടായ,ഉണ്ടായിക്കൊണ്ടിരിക്കുന്ന കൃതികളുമായി അടുത്തു പരിചയപ്പെടുക എന്നതു തന്നെയാണ്.സാഹിത്യ കാമ്പുകളിലും സാഹിത്യ പാഠശാലകളിലുമൊക്കെ സംഭവിക്കുന്നത് പ്രധാനമായും അക്കാര്യം തന്നെയാണ്. ആരുടെയെങ്കിലും ഒരു രചനയെ ആസ്പദമാക്കി വാക്കുകളുടെ തിരഞ്ഞെടുപ്പിലും വാക്യഘടനയിലുമെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാതൃകയായി ചൂണ്ടിക്കാണിക്കുകയും ചെയ്യാറുണ്ട്. ഇതിനൊക്കെ അപ്പുറം കടന്നുള്ള അഭ്യാസം അവിടെയൊന്നും പതിവില്ല.

ഒരു ക്ലാസിലെ മുഴുവന്‍ കുട്ടികളും ഒരു നിശ്ചിത തിയ്യതിക്കുള്ളില്‍ ഓരോ കവിതയെങ്കിലും എഴുതിക്കൊണ്ടു വന്നിരിക്കണം എന്നോ കുമാരനാശാന്‍റെയോ വൈലോപ്പിള്ളിയുടെയോ ഒരു കവിത മാതൃകയായി കൊടുത്ത് ഓരോരുത്തരും ഇതു പോലെ ഓരോന്ന് എഴുതിക്കൊണ്ടു വരണം എന്നോ പറയുകയാണെങ്കില്‍ അത് പണ്ട് ചില അധ്യാപകര്‍ മര്‍ദ്ദനം അധ്യാപനത്തിന്‍റെ ഭാഗമാക്കിയിരുന്നതിനു തുല്യമായ സംഗതിയോ അതിനേക്കാള്‍ മോശമായ സംഗതിയോ തന്നെയാണ്.

പുതിയ കാലത്ത് സാഹിത്യം ഒരു ഉല്പന്നം (product) മാത്രമായിത്തീര്‍ന്നിരിക്കയല്ലേ; ഇനി പഴയതുപോലുള്ള സംശുദ്ധമായ എഴുത്ത് സാധ്യമാവുമോ എന്ന് പലരും ചോദിച്ചേക്കാം. സത്യസന്ധമായ എഴുത്ത്, കേവലം വ്യാപാരവസ്തുവല്ലാത്ത എഴുത്ത് ഏതു കാലത്തും സാധ്യമാവും എന്നു തന്നെയാണ് അതിനുള്ള മറുപടി. അത്തരത്തിലുള്ള എഴുത്ത് ഇപ്പോഴും ഉണ്ടാവുന്നുണ്ട്. ഭാഷയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാക്കത്തൊള്ളായിരം കവിതകള്‍ക്കിടയില്‍ അത്തരം കവിതകളും അനേകമനേകം കഥകള്‍ക്കും നോവലുകള്‍ക്കും ഇടയില്‍ അത്തരം കഥകളും നോവലും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. നന്നേ ചെറിയ ഒരു വിഭാഗം വായനനക്കാര്‍ അവയെ അപ്പപ്പോള്‍ തിരിച്ചറിയുന്നുമുണ്ട്. അവര്‍ ഒരു ബഹളം വെക്കലുകളിലും പങ്കുചേരുകയില്ല. അവരുടെ വായനയില്‍ മറ്റു പരിഗണനകളുടെ കലര്‍പ്പുണ്ടാവുകയില്ല.അവരെ മാത്രമേ ഒരെഴുത്തുകാരന്‍/എഴുത്തുകാരി അഭിസംബോധന ചെയ്യേണ്ടതുള്ളൂ.

 

 

(C)

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here