കവിയും ,നോവലിസ്റ്റുമായ മനോജ് കുറൂർ ലിപികളുടെ വൈവിധ്യങ്ങളെപ്പറ്റി അവയുടെ ജൈവിക ജീവിതത്തെപ്പറ്റി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
“ലിപികളുടെ പെരുപ്പംകൊണ്ടു ചിതറിപ്പോയവയാണ് ഇന്ത്യൻ ഭാഷകൾ. പല ഭാഷാഗോത്രങ്ങളുണ്ടെന്നതു ശരി. പക്ഷേ ഒരേ ഗോത്രത്തിൽപ്പെട്ട ഭാഷകൾക്കും പല ലിപികളാകുമ്പോൾ ഇവയുടെ ഗോത്രബന്ധം പോലും തിരിച്ചറിയാനാവാതെ വന്നേക്കും. ദ്രാവിഡഗോത്രത്തിൽപ്പെട്ട തെക്കേ ഇന്ത്യൻ ഭാഷകളിലെ എഴുത്തുകൾ കാണുമ്പോൾ സങ്കടം വരും. ഒരേ അക്ഷരങ്ങളാണേറെയും. പക്ഷേ വായിക്കണമെങ്കിൽ ഓരോ ഭാഷയുടെയും ലിപി പ്രത്യേകം പഠിക്കണം. നമ്മുടെ വിദ്യാഭ്യാസ പദ്ധതിയിലാവട്ടെ തൊട്ടടുത്ത ദേശങ്ങളെയോ അവയുടെ ഭാഷകളെയോ പറ്റി അന്വേഷിക്കാൻ പോലും പ്രേരിപ്പിക്കുന്ന യാതൊന്നുമില്ല.
നേഴ്സറിയിലാണ് ആദ്യം പഠിച്ചത്. കൗസല്യ ടീച്ചറും കുര്യൻ സാറും ആദ്യം അക്ഷരം പഠിപ്പിച്ചു. നേഴ്സറിയിൽപ്പോക്ക് ഒന്നോ രണ്ടോ മാസമേ ഉണ്ടായിരുന്നുള്ളു. പിന്നീട് എട്ടു പത്തു മാസം കൗസല്യ ടീച്ചർ വീട്ടിൽ വന്നാണു പഠിപ്പിച്ചത്. മലയാളാക്ഷരങ്ങൾ അങ്ങനെ വായിക്കാറായി. ഇംഗ്ലീഷ് അക്ഷരമാലയും ഒപ്പം പഠിച്ചു. പിന്നീടു സ്കൂളിൽ ചേർന്നു. നാലാം ക്ലാസ്സ് മുതലാണ് അന്നൊക്കെ ഇംഗ്ലീഷ് പഠനം. അഞ്ചാം ക്ലാസ്സിൽ ഹിന്ദിയും തുടങ്ങി. അഞ്ചിലെ ഓണപ്പരീക്ഷയ്ക്കുതന്നെ ഹിന്ദിയുടെ എഴുത്തുപരീക്ഷയുമുണ്ടായിരുന്നു. ഹിന്ദിക്ക് അമ്പതിൽ അഞ്ചു മാർക്കായിരുന്നു എന്റെ സ്കോർ! വീട്ടിൽ ഉത്തരക്കടലാസിന്റെ സൂക്ഷ്മവിശകലനം നടന്നു. ഞാനെഴുതിയതു ഹിന്ദിയായിരുന്നില്ല എന്നും മലയാളമെഴുതി മുകളിൽ വരയിടുകയായിരുന്നു എന്നും വിധി വന്നു. അടിയന്തിരമായി ചേട്ടൻ എന്നെ ഹിന്ദി പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടു. പത്താം ക്ലാസ്സ് കഴിഞ്ഞതോടെ എന്തായാലും ഹിന്ദി പഠനം നിന്നു. മുത്തച്ഛൻ സംസ്കൃതമറിയുന്ന ആളായിരുന്നതുകൊണ്ട് ആ ഭാഷയുടെയും ബാലപാഠങ്ങൾ പഠിച്ചു.
പ്രീഡിഗ്രീ കണക്കുൾപ്പെടുന്ന ഫസ്റ്റ് ഗ്രൂപ്പെടുത്തു പഠിച്ചപ്പോൾ ഒരു കാര്യം തീരുമാനമായി. ഭാഷയാണ് എന്റെ ഗോത്രം. അതിൽത്തന്നെ മലയാളം. അന്നു മലയാളം പഠിപ്പിച്ചിരുന്ന ചന്ദ്രശേഖരൻ സാർ ആണ് ഇംഗ്ലീഷിലും വായിക്കണം എന്നു നിർബന്ധിച്ചത്. ചില നോവലുകളും നാടകങ്ങളുമൊക്കെ അന്ന് ഇംഗ്ലീഷിൽ വായിക്കാനായി. ഇംഗ്ലീഷ് ഭാഷയിൽ ആദ്യം വായിച്ച നോവൽ ഹെർമ്മൻ ഹെസ്സേയുടെ സിദ്ധാർത്ഥ; നാടകം സാമുവൽ ബക്കറ്റിന്റെ ഗോദോയെക്കാത്ത്. പിന്നീടു മലയാളം ബിരുദത്തിനു ചേർന്നെങ്കിലും ഇംഗ്ലീഷ് വായന മുടക്കിയില്ല. മലയാളപഠനം ആരംഭിച്ചതോടെ സ്വർഗം ഈലോകത്തുതന്നെ കിട്ടുമെന്നായി. മലയാളവും ഇംഗ്ലീഷും ഒപ്പം സംസ്കൃതവും പഠിക്കാനുണ്ടായിരുന്നു. പതിവു ക്ലാസ്സിനു പുറമേ എന്നും വൈകുന്നേരം കോളജിലെ സംസ്കൃതാധ്യാപകനായ വിശ്വനാഥൻ നമ്പൂതിരി സാറിന്റെ വീട്ടിൽപ്പോയി സംസ്കൃതം പ്രത്യേകം പഠിക്കാനും തുടങ്ങി.
തമിഴിനോടു താത്പര്യം വരാൻ പ്രത്യേകം കാരണമെന്തെന്നറിയില്ല. മലയാളം എം ഏ പഠനകാലത്താണ് അതു തുടങ്ങിയത്. മുപ്പതു ദിവസത്തിനുള്ളിൽ തമിഴ് ഭാഷ എന്നൊരു പുസ്തകം ആയിടയ്ക്കു കിട്ടിയിരുന്നു. തമിഴ് ഭാഷയിലുള്ള ഒരു പൈങ്കിളി നോവലും! എന്തായാലും തമിഴ് അന്നേ വായിക്കാൻ പഠിച്ചു. എളുപ്പമായിരുന്നു അത്. അക്ഷരങ്ങൾ കുറവ്; പലതിനും മലയാളത്തിനോടു സാമ്യവുമുണ്ട്. ആ പൈങ്കിളി നോവൽ അന്ന് ആവേശത്തോടെ വായിച്ചു തീർത്തു! ഇപ്പോഴും മലയാളം പഠിക്കാൻ വരുന്ന കുട്ടികളോട് തമിഴ് പഠിക്കാൻ നിർബന്ധിക്കാറുണ്ട്. എന്തായാലും സംഗീതശാസ്ത്രത്തെ സംബന്ധിച്ച കുറച്ചു പ്രാചീനകൃതികൾ വായിക്കാനും മലയാളത്തിൽ ലഭ്യമല്ലാത്ത സംഘംകൃതികൾ വായിക്കാനും തമിഴാണു തുണച്ചത്.
എം ഏ പഠനകാലത്ത് ഒരിക്കൽ കന്നട സാഹിത്യകാരനായ ശിവരാമ കാരന്ത് കോളജിൽ വന്നു. ചോമന്റെ തുടിയും മൂകജ്ജിയുടെ കിനാവുകളും മുമ്പുതന്നെ മലയാളത്തിൽ വായിച്ചിരുന്നതുകൊണ്ട് ആവേശത്തോടെയാണ് അദ്ദേഹത്തെ കേട്ടിരുന്നത്. പക്ഷേ കാലക്കേടെന്നു പറയട്ടെ, കേരളത്തിലെ കലകളെക്കുറിച്ച് അദ്ദേഹം നടത്തിയ ചില നിരീക്ഷണങ്ങളോട് യോജിക്കാനായില്ല. അദ്ദേഹവുമായുള്ള. വാക്കുതർക്കത്തിലാണ് അതു കൊണ്ടുപോയെത്തിച്ചത്. അദ്ദേഹത്തിനോ എനിക്കോ അയൽനാടിനെ അടുത്തറിയില്ലല്ലൊ! ശരിക്കുള്ള കാരണം അതായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നിരുന്ന ശ്രീകൃഷ്ണ ആലനഹള്ളിയുടെ നോവലുകളും അക്കാലത്ത് എം ജി സർവകലാശാല വൈസ് ചാൻസലറായുണ്ടായിരുന്ന യു ആർ അനന്തമൂർത്തിയുടെ നോവലുകളുമാണ് കന്നടസാഹിത്യവുമായുള്ള മറ്റു പരിചയങ്ങൾ. പിന്നീടു ഡി. വിനയചന്ദ്രൻ സാറിന്റെ ശിഷ്യനായപ്പോഴാണ് കന്നട വചനകവിതയുമായി അടുപ്പം വന്നത്.
അക്കാലത്ത് കന്നട പഠിക്കാനും ശ്രമിച്ചിരുന്നു. പക്ഷേ പരാജയപ്പെട്ടു. പ്രധാനപ്രശ്നം ലിപിതന്നെ. മലയാളത്തിനു തമിഴിനോടുള്ളത്ര ലിപിസാദൃശ്യം കന്നടവുമായില്ല. അക്ഷരങ്ങളുടെ വരകുറികളും വലിയ പ്രശ്നം. കൂട്ടത്തിൽ ഒരു കാര്യം കൂടി ഓർക്കേണ്ടതുണ്ട്. തെക്കേ ഇന്ത്യൻ ഭാഷകൾ തമ്മിലുള്ള വിനിമയം കുറച്ചെങ്കിലും നിലനിർത്താൻ സഹായിച്ചതു കർണാടക സംഗീതമാണ്. തെലുങ്കിലും കന്നടയിലും മലയാളത്തിലും തമിഴിലുമുള്ള എത്രയെത്ര കൃതികളാണ് ഈ നാലു സംസ്ഥാനത്തിലുമായി പ്രചരിച്ചത്! സംഗീതത്തിലെ ത്രിമൂർത്തികളുടെയും സ്വാതിതിരുനാളിന്റെയും കാലത്തു ശക്തമായിരുന്ന ഈ വിനിമയം പക്ഷേ മറ്റു മേഖലകളിലേക്കു പടർന്നില്ല.
പറഞ്ഞുവന്നതു കന്നടപഠനത്തെക്കുറിച്ചാണല്ലൊ. കുറച്ചു നാൾ മുമ്പ് എം എം കൽബുർഗി കൊല്ലപ്പെട്ടപ്പോൾ അതിനു പ്രേരകമായ ഒരു കാരണം കന്നട വചനകവികളെക്കുറിച്ച് അദ്ദേഹം നടത്തിയ ചില പഠനങ്ങളാണെന്നു മനസ്സിലായി. വചനകവിതയെക്കുറിച്ച് കുറേയേറെ അന്വേഷിച്ചത് അക്കാലത്താണ്. എന്നിട്ടും ലിപി വഴങ്ങിയില്ല. കന്നടത്തിൽനിന്ന് ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയ കവിതകളും ലേഖനങ്ങളുമായിരുന്നു പ്രധാന ആശ്രയം. ഈയിടെ ദക്ഷിണേന്ത്യൻ ഭാഷാകവികളുമൊരുമിച്ച് ഒരു വിവർത്തനശില്പശാലയിൽ പങ്കെടുത്തപ്പോൾ കുറച്ചു കന്നട കവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റാനുമായി.
ഇപ്പോൾ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ ചിലരൊക്കെ ചോദിക്കുന്നു, അവരെ ആരാണറിയുകയെന്ന്! എനിക്ക് അവരെ പരിചയമില്ലായിരുന്നു. പക്ഷേ ഞാൻ കന്നട വീണ്ടും പഠിച്ചു തുടങ്ങി; ലിപിയുൾപ്പെടെ. കഷ്ടിച്ചു വായിക്കാറായി. മൊഴിമാറ്റാനും ലിപിമാറ്റാനുമുള്ള വെബ്സൈറ്റുകളും ഇന്നുണ്ടല്ലൊ. ധാരാളം ഓൺലൈൻ സ്രോതസ്സുകളുമുണ്ട്. എന്നാലും അച്ചടിച്ചതു വായിക്കാൻ ലിപി അറിയാതെ പറ്റില്ല. അയലിനെ അറിയില്ലെന്ന് ഇനി പറയാൻ വയ്യ. അതുകൊണ്ട് ഭാഷാപഠനം ഇനിയും തുടരും. അയലിനെ അടർത്തി മാറ്റിയിട്ട് അറിയുമോ എന്നു പരിഹസിക്കുന്ന ആ ചിരിയിൽ നാം വഴുതിവീഴരുതല്ലൊ.”