ഒരു പക്ഷി പറന്ന വര

photomania-9148cc40902c153a3089ac8cbce085a6
ജീവിതം അതിന്റെ സമഗ്രതയിൽ ദുഃത്തതിന്റെ ഒരു പാട്ടാണെന്ന് പറയാറുണ്ട്. ഉത്തരമില്ലാത്ത ചോദ്യങ്ങളെ പേടിച്ച് നാം തിരക്കുകൾ കണ്ടെത്തുന്നു. സംഘർഷങ്ങളിലും, പൊയ്മുഖങ്ങളിലും അഭയം പ്രാപിക്കുന്നു. ജീവിതത്തെ അതിന്റെ സമസ്യകളെ വേദന കടിച്ചമർത്തി ചോദ്യം ചെയ്തവർ മനുഷ്യകുലത്തിന് എന്നും പ്രിയപ്പെട്ടവരായിരുന്നു. ബുദ്ധൻ അത്തരമൊരു അന്വേഷിയായിരുന്നു. ജീവിതത്തിന്റെ അനിവാര്യമായ നിരാശകളിൽ ആ ശാന്തത കാലങ്ങൾക്കിപ്പുറവും അത്തമമാവുകൾക്ക് സാന്ത്വനമാകുന്നു. തന്റെ ബുദ്ധ അനുഭവത്തെപ്പറ്റി നോവലിസ്റ്റ് കരുണാകരൻ എഴുതിയ കുറിപ്പ് വായിക്കാം
‘ബുദ്ധനെ വായിക്കാറുണ്ടെങ്കിലും കാണാന്‍ പറ്റിയിട്ടില്ല. കണ്ട പ്രതിമകളിലെല്ലാം അദ്ദേഹം ധ്യാനത്തിലോ വിസ്മൃതിയിലോ ആയതിനാല്‍ ‘അതിന്‍റെ’ മുമ്പിലും അധിക നേരം നിന്നിട്ടില്ല. എങ്കിലും, വെയില്‍ മറയുന്ന ഒരു കുന്നിന്‍റെ അടിവാരത്തിലൂടെ നടന്നുപോകുന്ന ഒരാളുടെ ദൂരക്കാഴ്ച്ച സങ്കല്‍പ്പിച്ച് ഏകാന്തതയുടെ അകലം മനസ്സില്‍ കണ്ടു നോക്കും, പക്ഷെ വേഗം അതും മുറിയും. മനസ്സ് ഒരു രാജ്യംപോലെ ആയതിനാലാവും, എപ്പോഴും സ്വകാര്യമായ ഒരു ഇടം തിരയലെ ഉള്ളൂ, ഉടനെ വേറെ ആരെങ്കിലും വേറെ എന്തെങ്കിലും വന്നു നിറയുന്നു. അല്ലെങ്കിലും ഏകാഗ്രത, ധ്യാനം ഇതൊന്നും ശീലമാക്കാന്‍ പറ്റാത്ത മനസ്സാണ്. അതൊക്കെ ചിലപ്പോള്‍ വന്നുപെടുമെങ്കിലും. കഴിഞ്ഞ ദിവസം ഇവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന സി എസ് വെങ്കിടേശ്വരന്‍ രണ്ടു പുസ്തകങ്ങള്‍ സമ്മാനിച്ചു. അതിലൊന്ന് കെ. രാഘവന്‍ തിരുമുല്‍പാടിന്റെ “ബുദ്ധധര്‍മ്മം” ആയിരുന്നു. മറ്റൊന്ന്, ഒരു തിബത്തന്‍ നോവലാണ്‌, White Crane, Lend Me Your Wings (Tsewang Yishey Pemba). രണ്ടും ബുദ്ധനാണല്ലോ എന്ന് പറഞ്ഞപ്പോള്‍ ചെങ്ങാതി ചിരിച്ചു. വളരെ കുറച്ചു സമയം കണ്ടുമുട്ടുന്നവരായതിനാല്‍ ഞങ്ങള്‍ക്കിടയിലും നിശബ്ദതയ്ക്കാണ് സമയക്കൂടുതല്‍. നല്ല ഇഷ്ടമുള്ള പുസ്തകമാണ് ഇതെന്ന് ‘ബുദ്ധധര്‍മ്മ’ത്തെ പറ്റി സി എസ് പറഞ്ഞു. നോവല്‍ വായിച്ചിട്ടില്ല എന്നും. നോവല്‍, എനിക്കും പുതിയതാണ്.ബുദ്ധനെ ഓര്‍ക്കുക സന്തോഷം തരുന്നു. ജീവിതത്തിന്‍റെ അടിസ്ഥാനമായി ദുഖം നിറയുന്നത് അറിയുമ്പോള്‍ ഇതുപോലുള്ള ഒരാളുടെ ഓര്‍മ്മ നമ്മെ ജീവിതത്തിലേക്ക് വീണ്ടും വിളിക്കുന്നു. ദുഖമാണല്ലോ ഏത് പ്രവര്‍ത്തിയുടെയും ഒരു ഇന്ധനം. ബുദ്ധന്‍റെ മരണം ഒരു കാട്ടില്‍ രണ്ട് മരങ്ങള്‍ക്കിടയിലായിരുന്നുവത്രെ! മരിക്കുന്നതിനു തൊട്ടുമുമ്പ് ആ ദേഹം പെട്ടെന്നൊരു പ്രകാശംകൊണ്ട് നിറഞ്ഞുവെന്ന് ആനന്ദന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആ ജീവിതം പൊലിഞ്ഞു എന്നും നമ്മള്‍ ചില മരണത്തെപ്പറ്റി പറയുന്നു. ഇന്ത്യയില്‍ വേരുറയ്ക്കാത്ത ആ ജീവിതമോ ആ മതമോ ആ സന്ദേശമോ ഇന്ത്യ വിട്ടുപോയതേ ഇല്ല എന്നാണു നേര്. ഇതുവരേയ്ക്കും. മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ ഹിംസാത്മകമായ രാഷ്ട്രീയ സ്വത്വത്തെ ആ ഓര്‍മ്മ ചിലപ്പോള്‍ പൊള്ളുന്ന ചൂടില്‍ നേരിടുകയും ചെയ്യുന്നു. ഒരു വലിയ അനീതിയെ ചെറുക്കാന്‍ ബുദ്ധനെ ഓര്‍ക്കുന്ന ദളിതനൊ കവിയോ ഇപ്പോഴും ഇന്ത്യയില്‍ എല്ലായിടത്തും ഉണ്ട്.1958-ലെഴുതിയ പുസ്തകമാണ് ‘ബുദ്ധധര്‍മ്മം’, ധര്‍മ്മപദത്തിന്റെ ഭാഷാവിവര്‍ത്തനവും പഠനവുമാണ്. പുസ്‌തകം വായിക്കുന്നു, പക്ഷെ പറഞ്ഞല്ലോ, മനസ്സ് രാജ്യമാണ്, നല്ല തിരക്കാണ്, എങ്കിലും ഒരു പക്ഷി പറന്ന വര നിലത്തും ചിലപ്പോള്‍ കണ്ടുമുട്ടുന്നു.’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English