അപരാഹ്നത്തിലെ ഇടിമേഘം

എൻറെ വീട്ടിൻ പടിക്കൽ
നിത്യവുമപരാഹ്നത്തിൽ
വന്നുനിൽക്കാറുണ്ടവൻ
മുരളുമൊരു ഇടിമഴക്കരിമേഘം
ഇതാ പെയ്തെന്ന ഭീഷണിയുമായ്
ഇരമ്പുമുദരവേദനയും തടവി

അവനടുത്താണോ?
അല്ല അകലെ നിൽപാണവൻ
ഒരുകുന്നിൻ കഷണ്ടിമണ്ടയിൽ
അയന്നഴിഞ്ഞ് സ്വയം മറന്ന്

അവനുണ്ടല്ലൊ സ്വാതന്ത്ര്യം
അതിവേഗമെൻറെ വീടിന്നുമേലെപ്പറക്കാൻ
പ്രളയപ്പേമാരിയായ് പതിക്കാൻ
ശിഥിലചിന്തകൾ മിന്നുമെന്നലസനിദ്രയിൽ
ഉച്ച ചെരിയുമിടവേളയിൽ
ആത്മാവിൻ വികലപ്രതലങ്ങളിൽ
ഭ്രാന്തൻ പുഴകളൊഴുക്കിക്കളിക്കാൻ

നന്ദി മേഘമേ വേഗം വരൂ
കാത്തുനിൽപ്പാണെൻറെയൂഷരം
നിൻറെ കുളിർകോരുമാശ്ലേഷത്തിനായ്
വ്യർത്ഥമാക്കൊല്ലെയീ അപരാഹ്നം
മനസ്സിൻ മറയും വിദൂരതകളിലലയും
ശശിബിംബം സാക്ഷിനിൽക്കെ
നമുക്കടയിരിക്കാം ഇവിടെ വിരിയിക്കാം
നിലാക്കവിതകളും കിനാവുകളും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here