കൊള്ളിയാൻ മിന്നലുകൾ 

വേനലിന്റെ വരവറിയിച്ചെത്തിയ  പ്രഭാതം………     പെയ്തൊഴിയാൻ കാത്തിരിക്കുന്ന   മഴ മേഘങ്ങൾ ആകാശത്തിന്റ്റെ അനന്തതയിൽ അലഞ്ഞു തിരിയുന്നു. ചെറുതായി വീശുന്ന  കാറ്റ്  വീടിന്റെ മുൻവശത്ത്  പടർന്നു നിൽക്കുന്ന  ഓക്ക്  മരങ്ങളുടെ ഇലകൾക്ക് അല്പമാത്രമായ ചലനശേഷി നൽകുന്നു. ഒരിക്കൽ പോലും ഇല പൊഴിക്കാത്ത അവയിൽ  കൂടുകൂട്ടിയ കറുത്ത വാർബ്ലർ പക്ഷികളുടെ  ചിലമ്പൽ അടഞ്ഞു കിടക്കുന്ന ചില്ലു ജനാലയിലൂടെ അവ്യക്തമായി കേൾക്കാം ….
പകുതി തുറന്ന ബ്ലൈൻഡ്‌സിലുടെ  പുറം കാഴ്ചകളിലേക്ക് നോക്കി , വേണു തന്റെ പുതിയ പുസ്തകത്തിന്റെ കവർപേജ്  മനസ്സിൽ രൂപപ്പെടുത്തുകയായിരുന്നു.  അകക്കണ്ണിലെ ആശയങ്ങൾക്ക്  ജീവൻ വയ്ക്കുന്നതിനിടയിലാണ് , ആവി പറക്കുന്ന കട്ടൻചായയുമായി ശാരി എത്തിയത്.
“അച്ഛൻ ഇപ്പോഴും ജനാലക്കരികിലാണ് …..!”  ചായകപ്പ് ‌  മേശപ്പുറത്ത് വയ്ക്കുന്നതിടയിൽ  അവൾ  പറഞ്ഞു
വേണു  ഡൈനിങ്ങ് ഹാളിലേക്ക് എത്തി നോക്കി….. . ശരിയാണ്,   ഡൈനിങ്ങ് ടേബിളിന്റെ  ഒരു കസേര, ജനലിനരികിലേക്കു  വലിച്ചിട്ടു  അകലേക്ക് കണ്ണും നട്ട് അച്ഛനിരിക്കുന്നു . …..പുറത്ത് നല്ല മഴക്കോളാണ്. അച്ഛനെന്തിനെയാണ് ഇത്ര സൂക്ഷ്മതയോടെ നോക്കുന്നത് ? തൊട്ടടുത്ത വീടിൻറെ  മേൽക്കൂരയുടെ റെയിൻ  ഗാർഡുകളും,ഗട്ടറുകളും വൃത്തിയാക്കുന്ന കാഴ്ചയല്ലാതെ മറ്റൊന്നും കാണുവാനുണ്ടായിരുന്നില്ല.  നിറം മങ്ങിയ   ഗട്ടറുകളിൽ  നിന്നും ഒരു മെക്സിക്കൻ യുവാവ് അടിഞ്ഞു കൂടിയ പഴയ കരിയിലകൾ വാരി പുറത്തേക്ക് കളയുന്നു.  അതിലൂടെ സുഗമമായ മഴവെള്ള പാച്ചിലിനു  വഴി ഒരുക്കുവാൻ.
“ഇതെന്തു പറ്റി  അച്ഛന് ……? അല്ലെങ്കിൽ മഴ എന്ന് കേട്ടാൽ തന്നെ അകത്ത് കയറി ഒളിക്കുന്ന ആളാണ് ” കട്ടൻ ചായയുടെ  ആദ്യത്തെ കവിൾ  ഊതികുടിക്കുന്നതിനിടയിൽ  വേണു ശാരിയോടായി  ചോദിച്ചു .
“നിങ്ങളുടെ അച്ഛനല്ലേ ? വല്ല കവിതയും മനസ്സിൽ കുറിക്കുകയായിരിക്കും……” .ഭർത്താവിനെ ഒന്ന് കുത്തി പറഞ്ഞതാണെങ്കിലും അച്ഛന്റെ സ്വഭാവത്തിലെ  മാറ്റം അവളുടെ ഉള്ളിലും  അസ്വഭാവിക മായ  ചില  ചലനങ്ങൾ സൃഷ്ടിച്ചു .
അവളും ശ്രദ്ധിക്കുകയായിരുന്നു, രാവിലെ മുതൽ  അച്ഛൻ  ഇതേ ഇരിപ്പാണ് …….അച്ഛനെ ഏറ്റവും കൂടുതൽ പേടിപ്പെടുത്തിയിരുന്നത് ഇടിമിന്നലുകൾ  ആയിരുന്നു . കറുത്തിരുണ്ട ആകാശത്ത്,  നിമിഷ നേരത്തേക്ക് മാത്രം പായുന്ന കൊള്ളിയാൻ മിന്നലുകളോടുള്ള ഭയം മൂലം, മഴയും മഴക്കാറും എന്ന് കേട്ടാൽ തന്നെ സാധാരണയായി കട്ടിലിൽ കയറി പുതച്ചു മൂടി കിടക്കുന്ന ആളാണ് .  നൈറ്റ് സ്റ്റാൻഡിൽ വച്ചിരിക്കുന്ന  സന്തത  സഹചാരിയായ    ഗുരുവായൂരപ്പന്റെ ഫോട്ടോ കുടി ആ സമയം പുതപ്പിനകത്തേക്കു കൊണ്ട് പോകും. ഗുരുവായൂയൂരപ്പനെ  നെഞ്ചോടു ചേർത്ത് കിടന്നാൽ പിന്നെ വിടുന്നത് മഴയുടേയും ,മിന്നലിന്റെയും  ആരവം നിലച്ചിട്ടായിരിക്കും .
അമ്മയുടെ മരണം ……..അതാണ് ആ ഭയത്തിന്റെ   തുടക്കം   …. വേണുവിന്റെ ഉള്ളിലൂടെ  വര്‍ഷങ്ങള്‍ക്കു മുൻപ് പെയ്തലച്ചു പോയ   ഒരു തുലാവർഷ മഴയുടെ ഓർമ്മകൾ അരിച്ചെത്തി  …… കുടിയേറ്റത്തിന്  ശേഷം  അമേരിക്കയിൽ നിന്നും  ആദ്യമായി നാട്ടിൽ കുടുംബവുമായി പോയ ആ നാളുകൾ……. .വീടിന്റെ പിന്നാമ്പുറത്തെ  ചെറുവരാന്തയിൽ തൻറെ മകൾ കുഞ്ഞുവിനെ മടിയിലിരുത്തി  ചോറ് വാരി കൊടുക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്.  കുഴച്ചു കൊടുത്ത ചോറുരുള  വായിലിട്ടു, കുണുങ്ങി കുണുങ്ങി  മഴയത്തേക്കോടിയ കുഞ്ഞുവിനെ  പിടിക്കുവാനായി പുറകെ ഓടിയതാണു  അവളുടെ പ്രിയപ്പെട്ട അമ്മമ്മ. നൊടിയിടകൊണ്ടു എല്ലാം സംഭവിച്ചു  ……ആകാശത്ത് നിന്നെത്തിയ ഒരു മിന്നൽ പിണർ  മുറ്റത്തു നിന്ന മാവിനെയും അമ്മയുടെ ശരീരത്തേയും  ഒരേ പോലെ നിശ്ചലമാക്കി .
ആ മാവിന്റെ വിറകിൽ തന്നെ അമ്മയെ ദഹിപ്പിക്കുമ്പോൾ, അച്ഛന്റെ മുഖത്ത് കത്തിയെരിഞ്ഞ ചിതയുടെ ചാര നിറം മുറ്റി നിന്നിരുന്നു ……  ഒപ്പം  അനാഥത്വത്തിന്റെ  നിർവികാര ഭാവവും   ….. ഇടിമിന്നലുകളോടുള്ള  പേടി  പിന്നീടുള്ള നാളുകളിൽ   അച്ഛനോടൊപ്പം വളർന്നു കൊണ്ടിരുന്നു .  നാട്ടിൽ തനിച്ചായിപ്പോയ  അച്ഛനെ  അമേരിക്കയിൽ കൊണ്ടുവന്നിട്ടും , മകനോടൊപ്പം ജീവിച്ചിട്ടും ആ  ഭയം നിഴൽ പോലെ അച്ഛന്റെ കൂടെയുണ്ട് .
“അച്ഛാ …” അരികത്ത് ചെന്ന് വേണു പതുക്കെ വിളിച്ചു.
“ഉം ..” എന്ന് മാത്രം മൂളി,അച്ഛൻ  ഗട്ടറിലെ കരിയിലകൾ വാരി കളയുന്ന  മെക്സിക്കൻ പയ്യനെ  തന്നെ നോക്കി നിന്നു
“ഞാനിന്നലെ പറഞ്ഞില്ലേ…… നേഴ്സിങ് ഹോമിന്റെ കാര്യം …നമുക്ക് രാവിലെ പോകാം  ..” വേണുവിന്റെ വാക്കുകൾക്ക് മറുപടിയായി
അച്ഛൻ ഒന്നും പറഞ്ഞില്ല …..അപ്പോഴേക്കും അലക്കി ഇസ്തിരിയിട്ട  അച്ഛന്റെ പാന്റ്സും  ഷർട്ടുമായി ശാരി കടന്നു വന്നു .
“അച്ഛൻ പോയി കുളിച്ചു റെഡിയായി വാ …..” പാന്റ്സും ഷർട്ടും അച്ഛന് കൊടുക്കുന്നതിനിടയിൽ ശാരി പറഞ്ഞു
അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലെ അവ വാങ്ങി അച്ഛൻ അകത്തേക്ക് പോയി. സഹായിയായ വടിയുടെ പിടിയിൽ ബലം കൊടുത്ത് വലതു കാൽ ഏന്തി വലിച്ചു കൊണ്ട് അച്ഛൻ നടന്നു നീങ്ങുന്നത് വേണു കണ്ണെടുക്കാതെ  നോക്കി നിന്നു  അയാളുടെ മുഖത്ത്  പുറത്തെ കാർമേഘങ്ങളുടേത്  പോലെ  ഇരുളിമ പടർന്നു കയറി. വിഷമം മറയ്ക്കാൻ അയാൾ ആവതു പണിപെട്ടു .
“ഡോക്ടർ അല്ലെ  ഏട്ടാ  പറഞ്ഞത്, നഴ്സിംഗ് ഹോമിൽ ആക്കാൻ …നമുക്ക്  എന്ത് ചെയ്യാൻ പറ്റും  ..? പകൽ സമയങ്ങളിൽ ആരുമില്ലിവിടെ  ..അച്ഛനാണേൽ  വല്ലാത്ത ഒർമ്മക്കുറവും ..കഴിഞ്ഞ ദിവസം എന്തിനോ കത്തിച്ച സ്റ്റൗവ്   അച്ഛൻ കെടുത്തിയത് പോലുമില്ല…. .വൈകിട്ട് ഞാൻ ജോലി കഴിഞ്ഞു വരുന്നത് വരെ കത്തി നിന്നു …ഓർക്കാൻ കുടി വയ്യ ..” സമാധാനിപ്പിക്കാൻ വേണ്ടി ശാരി പറഞ്ഞ വാക്കുകൾ പക്ഷെ വേണുവിൻറെ  ഉള്ളിൽ കൂടുതൽ ഉത്ക്കണ്ഠ ഉളവാക്കിയതേ ഉള്ളു .
“ഏട്ടൻ പോയി ഡ്രസ്സ് മാറി വാ …..നമുക്ക് നേരത്തെ ഇറങ്ങാം ”  പെട്ടികൾ പാക്ക് ചെയ്യുവാനായി അച്ഛന്റെ  മുറിയിലേക്ക് കയറുന്നതിടയിൽ  ശാരി പറഞ്ഞു .
നാട്ടിൽ നിന്ന് കൊണ്ട് വന്ന രണ്ടു പെട്ടികളിലായി   അച്ഛന്റെ വസ്ത്രങ്ങളെല്ലാം  അടുക്കി വച്ചു. ഗുരുവായൂരപ്പന്റെ ഫോട്ടോ ഭദ്രമായി പൊതിഞ്ഞു പെട്ടിയുടെ മുകളിലത്തെ പോക്കറ്റിൽ വയ്ക്കുന്നതിനിടയിലാണ് അച്ഛൻ കുളിച്ചു വസ്ത്രം മാറി ഇറങ്ങി വന്നത്.
“മോളെ അതെടുക്കേണ്ട ..അവിടെ തന്നെ വച്ചേരെ ………..ഗുരുവായൂരപ്പന്റെ കൃപ  ഇവിടെ കൂടുതൽ വേണം  “.  വാക്കിങ് സ്റ്റിക്കിൻറെ  കൈപിടി   ബലത്തിലൂന്നി നടക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു.
ശാരിയുടെ ഉള്ളിൽ ഏതോ ചില ചിന്തകൾ കടന്നു വന്നുവെങ്കിലും , ഗുരുവായൂരപ്പനെ  നൈറ്റ് സ്റ്റാൻഡിൽ  തന്നെ വച്ച് ,  പാക്ക് ചെയ്ത പെട്ടികളുമായി   അവൾ പുറത്തേക്കിറങ്ങി.
“നഴ്സിംഗ് ഹോമിലേക്ക് കുറച്ചു ദൂരമുണ്ട് …..രാവിലെ   ട്രാഫിക് കുറവായതു  കൊണ്ട് വേഗം എത്താം ….. ” വേഷം മാറി എത്തിയ  വേണു ആരോടെന്നില്ലാതെ പറഞ്ഞു.
അയാൾ  പാക്ക് ചെയ്ത പെട്ടികൾ രണ്ടും എടുത്ത് കാറിൽ വക്കുന്നതിനിടയിൽ,  ശാരി കാറിന്റെ പിൻസീറ്റിൽ  അച്ഛനെ താങ്ങി ഇരുത്തി ബെൽറ്റിട്ടു സുരക്ഷിതമാക്കി. ആ വശത്തെ ‌ഡോർ അടച്ചു എന്ന് ഹാൻഡിലിൽ പിടിച്ചു ഉറപ്പു വരുത്തിയതിനു ശേഷം, അവൾ മുൻവശത്തെ  പാസഞ്ചർ സീറ്റിൽ കയറി ഇരുന്നു.
“മഴ ഇപ്പൊ പെയ്യും അല്ലെ………. ?  ഡ്രൈവർ സീറ്റിൽ കയറാൻ തുടങ്ങവേ വേണുവിനോടായി  അച്ഛൻ ചോദിച്ചു.
“ഉം ..നല്ല കാറുണ്ട് …..’ അയാൾ  മറുപടിയായി പറഞ്ഞു.
“ഇടിയും  മിന്നലുമുണ്ടാവുമോ ………..? അച്ഛന്റെ ചോദ്യം വീണ്ടും.
വേണു ഒരു നിമിഷം  ശാരിയുടെ  മുഖത്തേക്ക് നോക്കി.അല്പനേരത്തെ നിശബ്ദതക്കിടയിൽ   അവരുടെ ഉള്ളിലൂടെ  മറ്റൊരു കൊള്ളിയാൻ മിന്നൽ പാഞ്ഞുപോയി……
“അച്ഛാ ..പേടിക്കാതെ ……”  പുറകോട്ടു തിരിഞ്ഞു നോക്കി  ശാരി അച്ഛനെ ആശ്വസിപ്പിച്ചു.
“പേടി ആയിട്ടല്ല മോളെ ..എന്തോ എനിക്കവയോടു  ഇപ്പോൾ കൂടുതൽ അടുപ്പം തോന്നുന്നു……. ഒന്നരികത്ത്   വന്നിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു ………….!”
ഒരു നിമിഷനേരത്തെ മൗനം …. കാർ സ്റ്റാർട്ട് ചെയ്യുവാൻ   താക്കോൽ തിരിച്ച  വേണുവിന്റെ കൈകൾ അറിയാതെ നിശ്ചലമായി. കറുത്തിരുണ്ട ആകാശത്ത് നിന്നും മഴചാറ്റുകൾ  നുൽ കെട്ടി താഴേക്ക് വരുവാൻ തുടങ്ങി. അച്ഛന്റെ കണ്ണുകൾ  അകലേക്ക് തന്നെ ആയിരുന്നു … രൗദ്രഭാവത്തിൽ  ഭൂമിയിൽ  പതിക്കുന്ന കൊള്ളിയാൻമിന്നലുകളെ പ്രതീക്ഷിക്കുന്നത് പോലെ … അപ്പോഴും മെക്സിക്കൻ യുവാവ്  ഗട്ടറുകളിൽ നിന്ന് കരിയിലകൾ വാരി  ശുചിയാക്കികൊണ്ടിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleരണ്ടാംനില
Next articleസുൽത്താൻ
മലയാള പൈതൃകം നിറവോടെ മനസ്സിൽ സൂക്ഷിക്കുന്ന ഒരു അമേരിക്കൻ മലയാളി. അമേരിക്കയുടെ നക്ഷത്ര സംസ്ഥാനമായ ടെക്സസിലെ ഡാലസിൽ കുടുംബസമേതം താമസിക്കുന്നു 

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here