നന്ദിനി നടത്തത്തിനു വേഗത കൂട്ടി …. ഇന്ന് നേരം ഒരുപാട് വൈകി …..
പാലം ഇറങ്ങി കഴിഞ്ഞപ്പോ അവൾ മെല്ലെ തിരിഞ്ഞു നോക്കി .
‘ഇയാള് ഇന്നും ഉണ്ടോ പിന്നാലെ . ഇതിപ്പോ മൂന്നാലു ദിവസായല്ലോ . ഇന്ന് ചോദിച്ചിട്ടു തന്നെ കാര്യം.’
അവൾ തിരഞ്ഞു നിന്നു .
” എന്താ ഇയാളുടെ ഉദ്ദേശം. മൂന്നാലു ദിവസായല്ലോ പിന്നാലെ. ജോലിം കൂലീം ഇല്ലാതെ കുറെയെണ്ണം ഇറങ്ങിക്കോളും . പെമ്പിള്ളേർടെ പിന്നാലെ. വീട്ടുകാർക്ക് പോലും പ്രയോജനം ഇല്ലാതെ. ഇനിം എൻ്റെ പിന്നാലെ വന്നാൽ കാലു തല്ലി ഓടിക്കും ഞാൻ “. നന്ദിനി ദേഷ്യത്തോടെ തിരിഞ്ഞു നടന്നു.
” ഏയ് ഒന്ന് നിക്കാഡോ”… വിഷ്ണു വിളിച്ചു ..നന്ദിനി ;കേൾക്കാത്ത മട്ടിൽ നടന്നു..
“ഒന്ന് നില്ക്കു നന്ദു . എനിക്ക് പറയാനുള്ളത് കേട്ടിട്ട് പൊയ്ക്കോളൂ. പ്ളീസ്.”
നന്ദിനി തിരിഞ്ഞു നിന്നു . ” ഉം . എന്താവോ പറയാനുള്ളത്”
” എൻ്റെ ഉദ്ദേശം എന്താന്ന് അറിയണ്ടേ തനിക്ക്. താൻ എന്റൂടെ പോരുന്നൊന്നു ചോദിക്കാനായിരുന്നു എന്റെ പെണ്ണായിട്ട്.”
” ഡോ.താൻ..” നന്ദിനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
” ഞാൻ പറഞ്ഞോട്ടെ.. തൻ പറഞ്ഞതു മുഴുവൻ ഞാൻ കേട്ടില്ലേ. ഇനി എനിക്ക് പറയാനുള്ളത് മിണ്ടാതെ കേൾക്ക.”
” താൻ പറഞ്ഞപോലെ ജോലിം കൂലീം ഇല്ലാതാവനല്ലാട്ടോ.” പോക്കറ്റിൽ നിന്നും ഐഡി കാർഡ് എടുത്തു കാണിച്ചു അവൻ ” ഒരു പട്ടാളക്കാരൻ ആണ്.ഇപ്പൊ ലീവിലാണ്.വിളി വന്നാ അപ്പൊ പോണം. വീട്ടുകാരേക്കാൾകൂടുതൽ സേവിക്കണത് രാജ്യത്തെയാണ്… അതുകൊണ്ടു തന്നെ തന്റേടിയായ ഒരു പെണ്ണിനെ കൂട്ടുവേണോന്ന് ആഗ്രഹം..”
നന്ദിനി എല്ലാം കേട്ടുകൊണ്ട് നിന്നു
” ഒരു ഗ്യാരണ്ടീ ഇല്ലാത്ത ലൈഫ് ആണ്.. ഞാൻ ഇല്ലാതായാലും എന്റെ അച്ഛനും അമ്മയ്ക്കും താങ്ങാവാൻ കരുത്തുള്ള ഒരു പെണ്ണ്…. തനിക്കു കഴിയും. കഴിഞ്ഞ ദിവസ്സം കവലയിലെ പൂവാലന്മാരെ കൈകാര്യം ചെയ്തത് കണ്ടപ്പോഴേ ഞാൻ അത് ഉറപ്പിച്ചു. മൂന്നാലു ദിവസായി ഇതൊക്കെ ഒന്ന് പറയാൻ പിന്നാലെ വരുന്നത്… നാളെ തന്നെ അച്ഛനേം അമ്മേം കൂടി ഞാൻ വരുന്നുണ്ട് . ഇയാളുടെ വീട്ടിലേക്കു . പെണ്ണ് ചോദിയ്ക്കാൻ”
ഒരു പുഞ്ചിരി നൽകി വിഷ്ണു തിരികെ നടന്നു…
ഒരുപാടു പേര് പിന്നാലെ നടന്നിട്ടുണ്ട്. തൻ്റെ തന്റേടത്തിനു മുന്നിൽ അവരൊക്കെ പിന്മാറിട്ടേ ഉള്ളു.. പക്ഷെ ഇതുപോലൊന്ന്… .ഇതാദ്യം. നന്ദിനി ചലിക്കാനാവാതെ നിന്നുപോയി.
” നന്ദിനീ …. നീ എന്തെടുക്കാണ്”…
നന്ദിനി ഞെട്ടി ഉണർന്നു . ഓർമകളിൽ നിന്നും … ചെരാതിൻ ഇത്തിരി വെട്ടത്തിനു മുന്നിൽ പൂമാല ചാർത്തി വിഷ്ണുവിന്റെ ചിത്രം. വർഷങ്ങൾ എത്ര വേഗമാണ് കടന്നു പോയത്. ‘ വിഷ്ണു ഏട്ടൻ ഓർമ്മയായിട്ട് 20 വർഷം. ഇന്ന് നമ്മുടെ മകനും അതിർത്തിക്ക് കാവലാകാൻ യാത്രയാവുകയാണ്.’ അവൾ ആ ചിത്രത്തിൽ നോക്കി നിന്നു.
“അമ്മേ.. എനിക്കിറങ്ങാൻ സമയമായീട്ടോ”. അനന്തുവിന്റെ വിളി കേട്ടു നന്ദിനി പൂമുഖത്തേക്കു ചെന്നു. അവൻ അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു അനന്തു യാത്രയായ്.
അവൻ കാഴ്ചയിൽ നിന്നും മറയും വരെ നന്ദിനി പടിവാതിൽക്കൽ നോക്കി നിന്നു. മനസ്സിൽ മകന് വേണ്ടി മന്ത്രിച്ചു കൊണ്ട് …
“ആയുഷ്മാൻ ഭവ:…..”
Click this button or press Ctrl+G to toggle between Malayalam and English