പുഴവക്കത്തേക്കോടികിതച്ചെത്തുന്ന
ഒരു കൊച്ചുകുട്ടിയാണു ഞാൻ
പുറമേനിന്നുനോക്കുമ്പോളതിശാന്തയാണെങ്കിലും
പുഴയിൽചുഴികളേറെയുണ്ടെന്നു പറഞ്ഞുകേട്ടിട്ടുണ്ട്
പുഴ കുറുകെ നീന്തികടന്നക്കരെ
പിടിക്കാനുളള മത്സരം നടക്കുകയാണിവിടം
മത്സരത്തിനായി ഞാനും പേരുചേർത്തിട്ടുണ്ട്
എന്റെ ഊഴമെത്തിയില്ലെന്നു മാത്രം
സമ്മാനം തനിക്കുതന്നെയെന്നു-
റപ്പിച്ചേറെ പ്രതീക്ഷയോടെ
സ്ഫടികം പോൽ തിളങ്ങുമാ ജലപ്രതലം
ചീളുകളാക്കി കുതിക്കുകയാണ് മത്സരാർത്ഥികൾ
മത്സരിക്കാനറിയാത്തൊരു കൊച്ചുകുട്ടി
ഞാനൊട്ടു പ്രതീക്ഷയോടെ
ഊഴവും കാത്ത് പുഴവക്കത്തിരുന്നു
മത്സരമെങ്ങനെയെന്നു കണ്ടു പഠിക്കുകയാണ്
മത്സരാർത്ഥികളിൽ, പലവർണ്ണങ്ങളിലുളള
കൊടിപിടിച്ചവരുണ്ടല്ലാത്തവരുണ്ട്
പേരിനൊപ്പം തലയും വാലും
ഉളളവരുണ്ടില്ലാത്തവരുണ്ട്
ഹൗസ് തിരിച്ചാണ് മത്സരം
കൊടിയുടെ നിറം നോക്കി, പേരിലെ വാല് നോക്കി
തങ്ങളുടെ ഹൗസിലുളളവർ മുന്നേറുമ്പോൾ
കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു കാണികൾ
മത്സരം പാതിയിലെത്തുമുമ്പേ
ജലപരപ്പിനു കീഴെ ഒളിച്ചിരിക്കുന്ന
ചതിയുടെ രസവായക്കുളളി-
ലകപ്പെട്ട് വഴിതെറ്റിയലയുന്നു ചിലർ
പാതിപിന്നിട്ടപ്പോഴേക്കും പൊടുന്നനെ
ആഴിയിലെന്നപോലെ പുഴയിലും
കൂറ്റൻ വെല്ലുവിളിത്തിരകൾ നുരഞ്ഞുപൊങ്ങുന്നു
പതിയെ പതഞ്ഞു മായുന്നു
അതുകണ്ട് പേടിച്ചു ചിലർ
പാതിയിൽ മത്സരം ഉപേക്ഷിക്കുന്നു
ചിലരോ , കൂറ്റൻതിരകളാലുലഞ്ഞും
ഉയര്‍ന്നും താണും വീറോടെ മുന്നേറുന്നു.
ഫൗള് കളിക്കുന്നവരുമുണ്ട് കൂട്ടത്തിലവർ
കൂളായി മുന്നേറവേ, ദേവലോകത്തുനിന്നെ-
ന്നപോലെ ഞാന്നുവന്ന ചുരുൾവളളികൾ
കഴുത്തിൽകുരുക്കിട്ടവരെ തൂക്കിലേറ്റുന്നു.
ഒന്നാമനാകാനുളള വ്യഗ്രതയിൽ ചിലരബദ്ധത്തി-
ലാഴചുഴികളിലകപ്പെട്ട് നട്ടം തിരിയുന്നു
ചുരുക്കം ചിലർ മാത്രം തടസ്സങ്ങളൊന്നുമില്ലാതെ
അക്കരെയ്ക്കടുത്തെത്തുന്നവരുമൊടുക്കം
നീന്തിതളർന്ന് കൈകാൽകുഴഞ്ഞ്
തേഞ്ഞ യന്ത്രം കണക്കെ
മൂലയിൽ പറ്റിയാഴങ്ങളിലാണ്ടു
മറുലോകം പൂകുന്നു
ഒക്കെയും കാണുമ്പോൾ പേടിയുണ്ട്
മത്സരിക്കാൻ പക്ഷേ മത്സരിക്കാതെ വയ്യല്ലോ
പേരു ചേർത്തു പോയില്ലേ
ഈ ഭൂമിയിലേക്ക് പിറന്നു വീണു പോയില്ലേ