മടിയിലുറങ്ങും
മക്കൾക്കല്പം
ധാന്യത്തിനായി
ചുട്ടുപൊള്ളും
പാതയോരത്തവർ
മുഷിഞ്ഞൊരു
മുണ്ടു വിരിച്ചിരുന്നു.
കയറിക്കിടക്കാനൊരിട-
മില്ലാത്തതിനാൽ
അവിടെത്തന്നെയവർ
അന്തിയുറങ്ങി.
അന്നത്തിനായുള്ള
തത്രപ്പാടിൽ
ചിലപ്പോഴൊക്കെയും
തെരുവീഥികളിലായലയും.
വെയിലിനേക്കാൾ
ചൂടായിരിക്കുമപ്പോൾ
വിശപ്പെന്ന അഗ്നിക്ക്.
കരിവാളിച്ചയാ മുഖങ്ങളിൽ
കരിഞ്ഞമോഹങ്ങൾ
കണ്ടൂ ഞാൻ,
മെലിഞ്ഞകുഞ്ഞുങ്ങളിൽ
ചുവന്ന പ്രതീക്ഷകളും കണ്ടൂ.
പ്രൗഢിക്കാരിവരെ
യാചകരെന്നുവിളിച്ചു.
നികൃഷ്ട ജന്മങ്ങളിവരെ
നാടോടികളെന്നു വിളിച്ചു.
മനസ്സാക്ഷിയുടെ
കണ്ണട ധരിച്ചവർ
തെരുവിന്റെ മക്കളെന്നും..
പറഞ്ഞാൽ തീരാത്തത്രയുമുണ്ട്
മണ്ണിനോട്
കിന്നാരം പറയും
പാതയോരങ്ങളിലെ
ജീവിതങ്ങൾ.