ഒരു പാട്ടിന്റെ ജീവിതം

 

 

പാട്ടുകൾക്ക് അവയുടേതായ അസ്തിത്വമുണ്ട് ,ആഴത്തിലും പരപ്പിലും അവ നമ്മുടെ ജീവിതങ്ങളെ ധന്യമാക്കുന്നു.ഒരു പാട്ടിന്റെ കാലങ്ങളിലൂടെയുള്ള സഞ്ചാരത്തെപ്പറ്റി എഴുത്തുകാരനായ കെ എസ് ബിനു എഴുതിയ കുറിപ്പ് വായിക്കാം:

“നഖക്ഷതങ്ങളിലെ “കേവലമർത്യഭാഷ” എന്ന പാട്ട് ഒരു പ്രത്യേക, പ്രത്യേക, പ്രത്യേക പാട്ടാണ്. പ്രത്യേക പാട്ട് എന്ന് പറയുമ്പോൾ, അതിന്റെ വരികൾ, സംഗീതം, ആലാപനം, വിഷ്വലൈസേഷൻ എന്നിവയത്രയും ചേർന്ന ഫുൾ പാക്കേജിനെ കുറിച്ചാണ് പറയുന്നത്. സിനിമാസംഗീതത്തിൽ, ലോകത്തിലേ തന്നെ ഏറ്റവും റെയർ പീസാണിത്. ജെം ഓഫ് എന്റൈർ ഫിലിം സോംഗ് ഹിസ്റ്ററി എന്നൊക്കെ പറയാം.

കേൾക്കാൻ സുഖമുള്ള ഒരു എവർഗ്രീൻ സോംഗിനപ്പുറം എന്താണിതിന്റെ പ്രത്യേകത എന്നല്ലേ. അതിനു ആ പാട്ടിന്റെ സാഹചര്യം ആദ്യം പറയണം. ഞാനിങ്ങനെ സങ്കൽപ്പിക്കുകയാണ്, ഹരിഹരൻ ഓഎൻവിയ്ക്ക് സോംഗ് സിറ്റുവേഷൻ വിവരിച്ചു കൊടുക്കുകയാണ്; ഊമയും ബധിരയുമായൊരു കൗമാരക്കാരി, അവളുടെ ലോകത്തെ ടീനേജ് നായകൻ നോക്കി കാണുകയാണ്. ചിത്രം വരയ്ക്കുന്ന, പുസ്തകം വായിക്കുന്ന, നൃത്തം ചെയ്യുന്ന, പൂക്കളോടും പ്രകൃതിയോടുമൊക്കെ അവളുടേതായ ഏതോ ഭാഷയിൽ സംവദിക്കുന്ന, നിശബ്ദവും പക്ഷേ അങ്ങേയറ്റം സർഗ്ഗാത്മകവുമായ അവളുടെ ജീവിതം. അത് കണ്ട്, നമുക്കെല്ലാം പരിചിതമായ ഒരു ശബ്ദം പോലുമില്ലാത്ത ആ മനസ്സിനെ കുറിച്ച് കൗതുകത്തോടെയും അത്ഭുതത്തോടെയും ചിന്തിക്കുകയാണ് നായകൻ. ഇത് പാട്ടിൽ വരണം. ഓഎൻവിയെ കുറിച്ച് പറയേണ്ടല്ലോ, ഹരിഹരൻ മനസ്സിൽ കണ്ടത് അദ്ദേഹം മാനത്തും മഴവില്ലിലുമാണ് കണ്ടത്. മൂകയായ പെണ്ണിന്റെ മനസ്സിനെ കുറിച്ച് ഓഎൻവി പിന്നെ കൊത്തിയെടുത്ത വരികൾ ഹരിഹരന്റെ ജോലി എത്രകണ്ടാണ് എളുപ്പമാക്കിക്കളഞ്ഞത്!

“കേവലമർത്യഭാഷ കേൾക്കാത്ത ദേവദൂതികയാണ് നീ” എന്ന് പാടി തുടങ്ങുമ്പോൾ കുളത്തിലെ മീനുകൾക്ക് തീറ്റ കൊടുക്കുന്ന നിലയിലാണ് വിനീത് സെലീമയെ കാണുന്നത്. മനുഷ്യന്റെ ഭാഷയറിയാത്തവളാണ്, മീനുകളുമായി എന്തോ വിനിമയം നടത്തുകയാണ്, അതിനായി അവൾക്കും മീനുകൾക്കും മനുഷ്യർക്കറിയാത്ത ഒരു ഭാഷ ഉണ്ടാവുമോ എന്ന് തോന്നിക്കും വിധം, അങ്ങനെ ചിന്തിക്കും വിധം, കുളക്കടവിന്റെ നിശബ്ദതയിലും ഏകാന്തതയിലും നിന്ന് മീനുകൾക്ക് തീറ്റ കൊടുക്കുന്ന അവളെ സാത്ഭുതം നോക്കി നിൽക്കുന്ന വിനീത്. തിരിഞ്ഞു നോക്കുമ്പോൾ വിനീതിനെ കാണുന്ന സെലീമ താനും മീനുകളും പറഞ്ഞതൊക്കെയും ഇയാൾ കേട്ടിട്ടുണ്ടാവുമോ എന്നമട്ടിൽ പടി കയറി ഓടിപ്പോവുന്നു. ഈ സീൻ ചുമ്മാ ഉണ്ടായതാണെന്ന് തോന്നുന്നില്ല. ആ വരികൾ അതിന്റെ എല്ലാ ഭംഗിയോടും അർത്ഥങ്ങളോടും ചിത്രമാക്കുകയാണ് ഹരിഹരൻ ചെയ്തത്. (ചിത്രമാക്കപ്പെട്ട കവിത.)

ദേവദൂതിക എന്ന വാക്കിനൊരു വല്ലാത്ത ഭംഗിയുണ്ട്. ദേവകന്യക എന്ന വാക്കിനു പോലും ആ ഭംഗി കിട്ടില്ല. ദൂത് എന്ന വാക്കിനു തന്നെ ഒരു പ്രത്യേക ഭംഗിയാണ്. അതുപോലെതന്നെ ദൂതിക എന്ന വാക്കിനും. ദേവദാരുവിന്റെ നാട്ടിൽ നിന്നെവിടെനിന്നോ എന്തോ സന്ദേശവുമായി ഭൂമിയിലെത്തിയവൾ‌. ഇവിടെ വന്നപ്പോൾ ഇവിടത്തെ ഭാഷ വേറെയായി പോയിരിക്കുന്നു! ആർക്കോ ‌/ ആർക്കൊക്കെയോ കൊണ്ടുവന്ന ദൂത് കൈമാറാനാവാതെ പോയ, ഒരു ഹെവൻലി മെസഞ്ചർ. അതാണ്, അവളാണ്, കേവല മർത്യഭാഷ കേൾക്കാത്ത ദേവദൂതിക. (ദേവദൂതർക്ക് മുഖം നൽകണമെങ്കിൽ സെലീമയുടെ മുഖമായിരിക്കും ഞാൻ സങ്കൽപ്പിക്കുക.)

ഒരു തിമിംഗലത്തെ കുറിച്ച് വായിച്ചത് ഓർക്കുന്നു. തിമിംഗലങ്ങൾ മനുഷ്യന്റെയൊക്കെ കേൾവിശക്തികൾക്ക് ഗ്രഹിക്കാനാവുന്നതിനപ്പുറമുള്ള ഒരു പ്രതേക ആവൃത്തിയിൽ സ്വരങ്ങൾ (പാട്ടുകൾ) പുറപ്പെടുവിച്ചാണത്രേ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യുക. കിലോമീറ്ററുകളോളം ആ സ്വരതരംഗങ്ങൾ സമുദ്രത്തിലൂടെ സഞ്ചരിക്കും. ശാന്തസമുദ്രത്തിലെവിടെയോ ഒരു തിമിംഗലമുണ്ട്. ജന്മനാലേ തന്റെ സ്വരസംവിധാനത്തിന്റെ ഫ്രീക്വൻസി ബാൻഡ്‌വിഡ്ത് മാറിപ്പോയൊരു തിമിംഗലം. അതിനു മറ്റുള്ളവരുടെ പാട്ടുകൾ കേൾക്കാം. പക്ഷേ അതിന്റെ പാട്ട് ആരും കേൾക്കുകയില്ല. ആ പാട്ട് കേട്ട് ഒരു ഇണയും അതിനെ തേടിയെത്തുകയില്ല. ഏഴ് ആഴികളുടെയും അറ്റമില്ലാത്ത, ആഴമേറിയ ആ മഹാജലത്തിൽ എത്രകണ്ട് ആ പാവം ഒറ്റയ്ക്കാണെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഏകാന്തതയിൽ ലോകറെക്കോഡുള്ള തിമിംഗലം എന്നാണ് ഞാനതിനെ വിളിക്കുക.

നമുക്ക് പാട്ടിലേയ്ക്ക് വരാം. “ചിത്രവർണങ്ങൾ നൃത്തമാടും നിൻ ഉൾ പ്രപഞ്ചത്തിൻ സീമയിൽ ഞങ്ങൾ കേൾക്കാത്ത പാട്ടിലെ സ്വരവർണ രാജികളില്ലയോ” എന്ന് കവി വിനിമയത്തിന്റെ ഫ്രീക്വൻസി ബാൻഡ്‌വിഡ്ത് മാറിപ്പോയ ദേവദൂതികയോട് ചോദിക്കുന്നു. സന്ധ്യയുടെ വർണാഭമായ ചക്രവാളം പോലെ അവളുടെ മനസ്സിന്റെ അങ്ങേ ചെരിവ് വിഷ്വലൈസ് ചെയ്യുകയാണയാൾ. ആകാശത്തേക്കും വെയിലിലേയ്ക്കും മലർന്നുകിടന്ന് തുമ്പികളെയും കൽപ്പകത്തൊണ്ടുകളെയും ആദ്യം കാണുന്ന കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു പെൺകുട്ടിയുടെ മനസ്സിനെ അങ്ങനെയേ ഏതൊരാൾക്കും സങ്കൽപ്പിക്കാനാവുള്ളു എന്ന് തോന്നുന്നു. ഏതായാലും, ആ മനസ്സിന്റെ അങ്ങേയറ്റത്തെ ആരും കേൾക്കാത്ത പാട്ടിലെ സ്വരവർണരാജികളെ കുറിച്ചാണ് നമ്മൾ പറഞ്ഞു വരുന്നത്. സ്വരം, വർണം; sound & light – രണ്ടും തികച്ചും വ്യത്യസ്ത സംഗതികളാണ്. ഒന്ന് കേ‌ഴ്‌വിയുമായി ബന്ധപ്പെട്ടതും മറ്റേത് കാഴ്ചയുമായി ബന്ധപ്പെട്ടതും. രണ്ടിന്റെയും ഫിസിക്സ് തന്നെ തികച്ചും വ്യത്യസ്തം. പക്ഷേ കവി അവയെ ചേർത്ത് വയ്ക്കുകയാണ് (ഈ കവികൾ!), സ്വരത്തിന്റെ വർണരാജികളില്ലയോ എന്ന്. അവളുടെ ഉൾ പ്രപഞ്ചത്തിന്റെ ചക്രവാളസീമയിൽ, കടലും ആകാശവും വേർ തിരിയുന്ന ആ വരയിൽ, സ്വരത്തിന്റെ വർണരശ്മികൾ ഒരു മീഡിയത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് കടക്കുന്നതിന്റെ അപരിചിതത്വത്തിൽ അപവർത്തനപ്പെടുന്നത് (refraction of rays) ഓഎൻവി കണ്ടിട്ടുണ്ടെന്ന് തീർച്ച. സ്വരത്തെ കേൾക്കുന്നതിനു പകരം കണ്ട, അതിന്റെ നിറങ്ങളെയും അത് പ്രകാശിക്കുന്നതും കണ്ട ഓഎൻവി!

ഇനിയാണ് പാട്ടിന്റെ അഞ്ച് മിനിട്ടിലെ ഏറ്റവും മികച്ച നിമിഷങ്ങൾ വരുന്നത്. വരിയും സംഗീതവും ഗായകനും പാട്ടിന്റെ വിഷ്വലും ഒരുമിച്ചുകൂടി ഒരു പെർഫക്ട് ഓർക്കസ്ട്ര പോലെ അതിന്റെ മാസ്റ്റർ പീസ് പുറത്തുവിടുന്ന നിമിഷം. പെൺകുട്ടി നൃത്തം ചെയ്യുകയാണ്. നായകനും മറ്റുള്ളവരും കണ്ട് നിൽക്കുന്നു. വിനീതിന്റെ മുഖത്ത് നൃത്തം ആസ്വദിക്കുന്ന ഭാവം. ആടിത്തളർന്ന ഉന്മാദത്തോടെ അവൾ ഓടിച്ചെന്ന് മുത്തശ്ശിയെ കെട്ടിപ്പിടിച്ച് ചേർന്നിരിക്കുകയാണ്. അത് നോക്കി നിൽക്കുന്ന നായകൻ. പതിയെ അവന്റെ ഭാവം മാറുന്നു, അവളുടെ നൃത്തമാസ്വദിക്കുന്നതിൽ നിന്നും പെട്ടെന്ന്, പക്ഷേ പതിയെ അവന്റെ മനസ്സ് അവളുടെ മനസ്സിന്റെ ആഴങ്ങളിലേയ്ക്ക് വഴുതിനീങ്ങുന്നു. പശ്ചാത്തലത്തിൽ തന്റെ കരിയർ ബെസ്റ്റ് ഭാവവിന്യാസം നൽകി അതിമനോഹരമായി ജയചന്ദ്രൻ പാടുന്നു, “അന്തരശ്രു സരസ്സിൽ നീന്തിടും ഹംസഗീതങ്ങൾ ഇല്ലയോ, ശബ്ദസാഗരത്തിൻ അഗാധ നിശബ്ദ ശാന്തത ഇല്ലയോ..”

നൃത്തം ചെയ്ത് സന്തോഷവതിയായി കാണപ്പെട്ട ആ മൂകയായ, ഏകാകിയായ പെൺകുട്ടിയുടെ മനസ്സിൽ തനിക്ക് സങ്കൽപ്പിക്കാനാവുന്നതിനുമപ്പുറം നിഗൂഢമായി എന്തെല്ലാം കാണാമായിരിക്കാം എന്നവൻ ആലോചിക്കുകയാണ്. അവൾ മറച്ചുവച്ച, അവൾക്ക് പ്രകടിപ്പിക്കാനാവാത്ത, കേൾപ്പിക്കാനാവാത്ത എന്തെല്ലാം! ഒറ്റപ്പെടലിന്റെയും ഫ്രസ്ട്രേഷന്റെയുമൊക്കെ ഉൾക്കണ്ണീർ ഓളംതല്ലുന്ന ഒരു പൊയ്ക അവൾക്കുള്ളിലുണ്ടായിരിക്കാമെന്നും, അതിൽ ഹംസഗീതങ്ങൾ, അഥവാ പാട്ടുകൾ/സ്വരശില്പങ്ങൾ, അഥവാ ശബ്ദത്തെ സംബന്ധിച്ച ആഗ്രഹങ്ങൾ ഒക്കെയുണ്ടായിരിക്കാമെന്നും അവൻ സങ്കൽപ്പിക്കുകയാണ്. മൗനിയായ അവളുടെ ഉള്ളിനെ ശബ്ദവീചികൾ അലയടിക്കുന്ന ഒരു കടലായും അവൻ കാണുന്നു.

തിരമാലകൾ എന്ന സംഗതിതന്നെ ശബ്ദം എന്ന സങ്കൽപ്പവുമായി അസോസിയേറ്റ് ചെയ്യപ്പെട്ട ഒന്നാണ്. ശബ്ദം എന്ന എലമന്റ് ഇല്ലാതെ തിരമാലകളെ നമുക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. അഥവാ ശബ്ദവും തിരകളും ചേർന്ന ഒന്നാണ് നമ്മുടെ ഓർമ്മയിൽ തിരമാല എന്ന സംജ്ഞ. അവയിലേതെങ്കിലുമൊന്ന് ഇല്ലെങ്കിൽ നമ്മെ സംബന്ധിച്ച് ആ സങ്കല്പത്തിനു പൂർണത ഉണ്ടാവില്ല. (ഓർത്ത് നോക്ക്, നിശബ്ദമായ തിരമാലകൾ എത്ര ഭയാനകമായൊരു, സങ്കടപ്പെടുത്തുന്നൊരു കാഴ്ചയാണെന്ന്!)

അങ്ങനെ ശബ്ദം തന്നെ തിരയുടെയും ശബ്ദത്തിന്റെയും രണ്ട് റോളുകളും ഏറ്റെടുക്കുന്നതരം തിരമാലകൾ അലയടിക്കുന്നൊരു കടൽ. ആ ശബ്ദക്കടലിന്റെ, കേഴ്‌വിയനുഭവത്തിന്റെ എക്സ്ട്രിമിറ്റിയുടെയുമൊക്കെ ഏറ്റവും അടിത്തട്ടിൽ, ആ സീ ഓഫ് സൗണ്ട്സിന്റെ മരിയാനാ ട്രഞ്ചിൽ എത്തുമ്പോൾ ഈ കാണായ ശബ്ദമെല്ലാം സാന്ദ്രമായി ഘനീഭവിച്ച നിശബ്ദതയാവും ഉണ്ടാവുക എന്ന് നായകൻ സങ്കൽപ്പിക്കുന്നു. (ശബ്ദത്തിന്റെ എക്സ്ട്രിമിറ്റി മൗനമാണെന്ന് എവിടെയോ..) വളരെ എനർജറ്റിക്കായ, ആക്ടീവായും ക്രിയേറ്റീവായും ഇഹലോകത്തിങ്ങനെ വിഹരിക്കുന്ന, എന്നാൽ എന്തൊക്കെയോ അതിവിദൂരങ്ങളുടെ ദൂതുകൾ പറയാനുള്ള, സ്വരവിനിമയത്തിന്റെ ആവൃത്തി മാറിപ്പോയ ഈ ദേവദൂതികയുടെ മനസ്സിനെ കുറിച്ച് നായകൻ ചിന്തിക്കുന്ന രംഗം എത്ര ആഴത്തിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ആ രംഗം കണ്ടാൽ തിരിയും. നൃത്തമാടി ക്ഷീണിച്ചിരിക്കുന്ന അവളെ നോക്കി നിൽക്കുന്ന നായകന്റെ നേരെയുള്ള ഒരു മിഡ് ഷോട്ടിൽ നിന്ന് മുഖത്തേയ്ക്ക് ഈ വരികൾക്കൊപ്പം സൂം ചെയ്തുവരുന്ന ക്യാമറ. അവന്റെ മനസ്സിലേയ്ക്കാണ് ആ ക്യാമറ സൂം ചെയ്യുന്നതെന്ന് തോന്നും. ഫ്രെയിം സൂം ആവുംതോറും നൃത്തം കണ്ട് നിന്നിരുന്ന നേർത്ത ചിരിയിൽ നിന്ന് അവന്റെ മുഖം പതിയെ ഗൗരവമാർന്ന് വരുന്നു. അവന്റെ മുഖത്തേയ്ക്കും അതുവഴി ചിന്തകളിലേയ്ക്കും ക്യാമറ എന്നപോലെ, അവന്റെ ചിന്തകളും ആഴത്തിലേയ്ക്ക് പോകുന്നു എന്ന് വ്യക്തം. ആ ചിന്തകൾ പോകുന്നത് അവളുടെ ചിന്തകളുടെ ആഴങ്ങളിലേയ്ക്കും. ബോംബെ രവിയുടെ അതുല്യമായ അമൃതസംഗീതം ക്യാമറയ്ക്ക് അവന്റെ മുഖത്തേയ്ക്കും മനസ്സിലേയ്ക്കും കപ്പൽപ്പായ വിരിക്കുകയാണ്, ഒപ്പം അവന്റെ ചിന്തകൾക്ക് അവളുടെ ഉൾക്കടലിന്റെ ആഴപ്പരപ്പിലേയ്ക്കും. വരികൾക്കൊണ്ടും സംഗീതം കൊണ്ടും വിഷ്വൽ കൊണ്ടും എത്ര അടരുകളിലായി എത്രയെത്ര ആഴങ്ങളിലേയ്ക്കാണ് ഒരു നിമിഷം, ഒരു രംഗം‌ സഞ്ചരിക്കുന്നത്!

ഇങ്ങനെയാണ്, ഈ ഗാനം ലോകത്തിലെ ഇതിന്റെ റെയർ ജനുസ്സിൽപെട്ട ഒരേയൊരു സൃഷ്ടിയായി, ഇനിയൊരിക്കലുമൊരുപക്ഷേ സാധ്യമല്ലാത്തവിധം പെർഫക്ട് പാക്കേജായി മാറിയിരിക്കുന്നത്.”

കടപ്പാട്: കെ.എസ്.ബിനു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. “കേവലമർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ”
    ഊമയും ബധിരയുമായ നായികയെ ഇതിലും മനോഹരമായി എങ്ങിനെയാണ് വർണ്ണിക്കുവാൻ സാധിക്കുക???

    നമ്മുടെ പ്രിയപ്പെട്ട കവി ഒൻവി ക്ക് അല്ലാതെ മറ്റാർക്കാ അത് സാധിക്കുക .

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here