കനൽ പോൽ എരിയുമീ യാത്ര,
കവിത പോൽ തിരയുന്ന യാത്ര,
കരളുരുകി കേഴുമീയാത്ര,
ദൂരെ ആകാശസീമ മന്ത്രിക്കും,
തംബുരുവിൻ തന്ത്രികൾ
തേങ്ങിവീഴുമീ യാത്ര.
ഓർമ്മതൻ താളിലങ്ങെപ്പഴോ,
കൊഴിഞ്ഞൊരു സന്ധ്യപോൽ
തേടുമീ യാത്ര.
നിലാവിന്റെ മൂകത വിളിച്ചോതുമാ,
ചക്രവാകം സൂര്യനെ
തേടിയലയുന്ന യാത്ര.
മൊഴികൾ ചേർക്കാതെ പതിയെ,
മൂളിയ സ്വരമഞ്ജരി
പോലെ ഈ യാത്ര.
തഴുകാതെ പായുന്ന ഏകാന്തമാം
കാറ്റിന്റെ ചലനമീ യാത്ര.
ഒരു ചെറുപൂവുപോൽ വിടരാൻ
തുടങ്ങിയീ യാത്ര,
കൊഴിയുന്ന നിമിഷമറിയാതെ,
അലമുറയിടുമീ യാത്ര.
പേടിയാൽ ശപിക്കപ്പെട്ടൊരു യാത്ര
ജീവശ്വാസമേ നീ മാത്രം മതി,
ഈ യാത്രയിൽ നീ കൂടെയുണ്ടെങ്കിൽ
ഒരു വേളയെങ്കിലും മിഴിയൊന്നടയ്ക്കാം,
വീണ്ടും ഉണരുവാൻ
ഈ യാത്ര തുടരുവാൻ.