ഐ സ് എൽ നാലാം സീസണിലെ സി കെ വിനീതിന്റെ ബൈസിക്കിൾ കിക്ക് യൂട്യൂബിൽ കണ്ടുകൊണ്ടു ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരിക്കുമ്പോഴാണ് അരുണിന്റെ വാട്ട്സ് ആപ്പ് മെസ്സേജ് വരുന്നത്.പ്രതീക്ഷിച്ചതിലും നേരത്തെ ഞങ്ങളുടെ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് നാളെ മുതൽ സ്കൂളിൽ തുടങ്ങുകയാണ്.അതിന്റെ ഉത്സാഹത്തിലും ഒരുക്കത്തിലുമാണ് ഞങ്ങൾ.
സ്കൂളിലെ സെക്യൂരിറ്റി നവപ്രീത് സിങിന്റെ രണ്ടു കുട്ടികളെ കൂടി ക്യാമ്പിൽ ചേർക്കമോ എന്നായിരുന്നു അരുണിന്റെ വോയിസ് മെസ്സേജ്.
സ്കൂൾ പരിസരത്തെ ഒറ്റമുറി വീട്ടിലാണ് നേപ്പാളിയായ സെക്യൂരിറ്റിയും കുടുംബവും കഴിയുന്നത് .ഗ്രൗണ്ടിൽ കളിക്കുമ്പോൾ ആകാംഷയോടെ ഞങ്ങളുടെ കളി നോക്കി നിൽക്കുന്ന കുട്ടികളെ ഞങ്ങൾ കണ്ടിട്ടുണ്ട് .ഗ്രൗണ്ടിന് പുറത്തു പോകുന്ന ബോളിനു പുറകെ ഉത്സാഹത്തോടെ ഓടുന്നതും ശ്രദ്ധിച്ചിട്ടുണ്ട് .തൊട്ടടുത്ത സർക്കാർ സ്കൂളിലെ പ്രൈമറി ക്ലാസ് വിദ്യാര്ഥികളാണവർ.ശരിക്കും ഞങ്ങളുടെ ഔട്ട് പെറുക്കികൾ.
അരുൺ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് സെക്യൂരിറ്റിയുടെ ഭാര്യ അടിച്ചു വാരാനും അലക്കാനും പോകുന്നത് .അതിന്റെ സോഫ്റ്റ് കോർണറായിരിക്കും അവന്.അല്ലെങ്കിൽ പിന്നെ അവനെന്തിന്റെ കേടാ .ഒരു റെക്കമെൻഡേഷൻ!
“നിനക്കെന്താ കൂടിയത് മുത്തേ ,ഇത് സീരിയസ് ഗെയിം ആണ്.കുട്ടിക്കളിയല്ല.”ഞാനവനൊരു മെസ്സേജ് തിരിച്ചു വിട്ടു.
പ്രിൻസിപ്പലിന്റെ മുൻപിൽ എത്ര നേരം കെഞ്ചിയിട്ടാണ് ഈ കോച്ചിങ് ക്യാമ്പ് അനുവദിച്ചു തന്നത്.ഇതിനു വേണ്ടി ഞാൻ പി ടി സാറിന്റെ പുറകെ എത്ര ദിവസം നടന്നു?പരന്റ്സിന്റെ മീറ്റിംഗ് വിളിപ്പിച്ചു;ഫണ്ട് ശരിയാക്കി;ഗ്രൂപ്പുണ്ടാക്കി അപ്പപ്പോൾ നിർദ്ദേശങ്ങൾ നൽകി.എത്ര ക്ലാസുകൾ കട്ട് ചെയ്തു ?ഇതിനും അമ്മയുടെ വഴക്ക് ആവശ്യത്തിന് കിട്ടി .അന്നൊന്നും ആരെയും കണ്ടില്ലല്ലോ .അപ്പോൾ എല്ലാവർക്കും പരീക്ഷയായിരുന്നു ആയിരുന്നു പ്രധാനം .അപ്പോൾ ഞാൻ തീരുമാനിക്കും ആരൊക്കെ ക്യാമ്പിൽ വേണമെന്ന്.
സ്കൂൾ ടീമിന്റെ ക്യാപ്റ്റൻസി ഒൻപതം ക്‌ളാസ്സുകാരൻ റോബിനിൽ നിന്ന് അടിച്ചു മാറ്റണം .ഈ വർഷം അണ്ടർ 14 ൽ കയറിപ്പറ്റണം .പതുക്കെ ലീഗ് കളിക്കണം.പിന്നെ നാഷണൽ ടീമിൽ…സി കെ വിനീതിനെ പോലെ ഒരു ബൈസിക്കിൾ ഗോൾ എങ്കിലും നേടണം.അതിനുള്ള തുടക്കമാണ് ഈ ക്യാമ്പ്.അയ്യോ പറയാൻ മറന്നു !മഞ്ഞപ്പടയെ വിട്ടു പോയിട്ടും സി കെ വിനീത് ഞങ്ങളുടെയൊക്കെ കൺകണ്ട ദൈവമാണ്.ഓൺലൈനിൽ പുതിയ ക്യാൻവാസും ജേർസിയും വാങ്ങി ഞാൻ ഇതിനൊക്കെ എപ്പോഴേ റെഡി .
സെക്യൂരിറ്റിയുടെ മക്കൾ ക്യാമ്പിൽ വേണ്ടെന്നു ഞാൻ പറഞ്ഞതിന് വേറെ കാരണമുണ്ട്.അയാളെ കാണുന്നതേ എനിക്ക് കലിപ്പാണ്.ഒരിക്കൽ ഗ്രൗണ്ടിൽ കളിക്കുമ്പോൾ സെക്യൂരിറ്റിയുടെ തലയിൽ ബോൾ വീണു.അറിഞ്ഞു കൊണ്ട് ഞങ്ങൾ ചെയ്തുവെന്നാണ് അയാളുടെ ആക്ഷേപം.സിസ്റ്റർ പ്രിൻസിപ്പലിന്റെ ശകാരവും അസ്സെംബ്ലിയിൽ മാപ്പു പറച്ചിലും കൊണ്ട് തീർന്നില്ല പ്രശ്‍നം .ഒരാഴ്ച സ്കൂൾ ഗ്രൗണ്ടിൽ ഞങ്ങക്ക് ഊരുവിലക്കും ഏർപ്പെടുത്തി .അതായിരുന്നു അസഹനീയം .കൂടാതെ കുട്ടികൾക്കാർക്കും അയാളെ ഇഷ്ടമല്ല .സ്കൂൾ കോമ്പൗണ്ടിലെ പേരക്കയും നെല്ലിക്കയും കുട്ടികൾ പറിക്കാൻ ശ്രമിച്ചാൽ അയാൾ ആട്ടി പായിക്കും.സ്കൂൾ മാനേജരുടെ ഭാവമാണ് അയാൾക്ക് .ഇത് പകരം വീട്ടാൻ ദൈവം എനിക്ക് തന്ന അവസരമാണ്.
പപ്പ ടി വിയുടെ മുൻപിൽ ഒരേയിരുപ്പാണ്.ഇന്ന് രാത്രി എട്ടു മണിക്ക് പ്രധാന മന്ത്രി രാജ്യത്തെ വീണ്ടും അതിസംബോധന ചെയ്യുന്നുണ്ടാത്രേ!ഞാറാഴ്ചത്തെ ജനത കർഫ്യൂ കഴിഞ്ഞപ്പോൾ മുതൽ പപ്പയുടെ പ്രധാന പണി ഇത് തന്നെ.ഒരു ഹയർ സെക്കന്ററി പ്രിൻസിപ്പൽ പിന്നെ എന്ത് ചെയ്യും ?വെറുതെയല്ല അധ്യാപകരെ ആൾക്കാർ ട്രോളുന്നത്.
അമ്മ അനുജത്തിയെ ഉറക്കാൻ ശ്രമിക്കുകയാണ്.അവൾക്കിപ്പോൾ മൂന്ന് വയസുണ്ട്.ഞങ്ങൾ തമ്മിൽ പത്തു വയസിലേറെ വ്യത്യാസവും..അവളുടെ പാവക്കുട്ടിക്കും അമ്മിഞ്ഞ കൊടുക്കണമെന്നാണ് അവൾ ശാട്യം പിടിച്ചു പറയുന്നത് .’അമ്പിളി മാമ്മന് കമ്പിളി വേണമെന്നെന്നോട്
ചൊല്ലിയ ചങ്ങാതീ‘
അമ്മയുടെ സ്ഥിരം താരാട്ടു പാട്ടാണ് ഇപ്പോഴും മൂളിക്കൊണ്ടിരിക്കുന്നത് .
അവൾ നേരത്തെ ഉറങ്ങരുതെന്നാണ് എന്റെ പ്രാർത്ഥന.അവളുറങ്ങിയാൽ ഫോൺ പിന്നെ അമ്മയുടെ കൈയിലാവും.പപ്പയുടെ ഫോണിൽ തൊടാൻ എനിക്ക് അനുവാദവും ഇല്ല .എനിക്കൊരു ലാപ് ടോപ് വാങ്ങിത്തരാൻ എത്ര പ്രാവശ്യം പറഞ്ഞതാണ്.ആര് കേൾക്കാൻ?പഠിക്കാൻ ലാപ് ടോപ് അത്യാവശ്യം അല്ല പോലും.ലാപ് ടോപ് പോയിട്ട് സ്പോർട്സിനു പോലും എന്നെ വിടാൻ അമ്മക്ക് താല്പര്യമില്ല.ഞാൻ പഠിക്കുന്ന അൽഫോൻസാ വിദ്യ മന്ദിർ സ്കൂളിലെ സാമൂഹിക പാഠം അധ്യാപികയാണ് അമ്മ.ഞങ്ങളുടെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ ഞങളുടെ സ്കൂളും പരിസരവും നന്നായി കാണാം .പറഞ്ഞിട്ടെന്താ ഐ സ് എൽ എന്നോ ,മഞ്ഞപ്പടയെന്നോ കേട്ടാൽ അമ്മക്ക് കലി വരും .ഐ സ് എൽ സീസൺ തുടങ്ങിയാൽ ടി വി ഞാനും പപ്പയും കൈയ്യടക്കും.അമ്മയുടെ പ്രൈം ടൈം സീരിയലുകൾ പിന്നെ സ്വാഹാ!അതിന്റെ കുശുമ്പാണ് .ഈ ക്യാമ്പ് തന്നെ പപ്പയെ സോപ്പിട്ടു ഒപ്പിച്ചെടുത്തതാണ്.അവധിക്കാലത് കണക്കിന് ട്യൂഷന് എന്നെ വിടാനാണ് അമ്മയുടെ പരിപാടി .അമ്മക്കെന്നെ ഒരു മറൈൻ എഞ്ചിനീയർ ആക്കണം പോലും. ഇത് എന്താണെന്നു പോലും എനിക്കറിയില്ല.
“ബിൻസി ..ഏപ്രിൽ 14 വരെ രാജ്യത്ത് ലോക്ക് ഡൌൺ .ആരും പുറത്തിറങ്ങരുതെന്ന്“ടി വി കണ്ടുകൊണ്ടിരുന്ന പപ്പ വിളിച്ചുപറയുന്നു.ശബ്‌ദത്തിൽ വല്ലാത്ത ഒരു ആശങ്ക മുഴച്ചു നിന്നിരുന്നു.അമ്മയുടെ പ്രതികരണമൊന്നും ഞാൻ കേട്ടില്ല.സ്കൂളടച്ചാൽ പിന്നെ അമ്മക്കെപ്പോഴും ലോക്ക് ഡൌൺ തന്നെ.പിന്നെന്തു പ്രതികരണം?
കൊറോണ കാരണം സ്കൂളുകൾ നേരത്തെ അടച്ചപ്പോളും പരീക്ഷകൾ വേണ്ടാന്ന് വെച്ചപ്പോളും ഞങ്ങൾക്ക് ഭയങ്കര സന്തോഷമായിരുന്നു .ഇഷ്ടം പോലെ സമയം .നേരത്തെ എഴുനേൽക്കേണ്ട ,തിരക്കുപിടിച്ച സ്കൂളിലേക്ക് പോകേണ്ട ,ഹോം വർക്കുകൾ ഇല്ല.ഫുട്ബോൾ കളി മാത്രം സ്വപ്നം കണ്ടു .മടുക്കും വരെ ഫുട്ബോൾ കളി .പക്ഷേ ഇനി?നാളത്തെ ക്യാമ്പ് മാറ്റിവെക്കുമോ ?എനിക്ക് ആകാംഷയായി.
“നീയിതു എത്ര സമയമാണ് ഫോണിൽ പണിയുന്നത് .എപ്പോൾ നോക്കിയാലും ഒരു ഫുട്ബോൾ “.പുറകിൽ അമ്മ .നിമിഷ നേരം കൊണ്ട് ഫോൺ അമ്മയുടെ കൈയ്യിലുമായി .അനുജത്തി നേരത്തെ ഉറങ്ങി..ഇനി രക്ഷയില്ല.
ഞാൻ പപ്പയുടെ അടുത്ത് ചുറ്റികൂടി.
നാളെമുതൽ ആർക്കും പുറത്തിറങ്ങാൻ കഴിയില്ലേ ?പരിഭ്രമത്തോടെ ഞാൻ ചോദിച്ചു.”നിനക്കെന്താ ചെവി കേൾക്കില്ലേ ?”പപ്പക്ക് പതിവിലും ഗൗരവം.
പെട്ടന്ന് കാളിങ് ബെൽ അടിച്ചു.ഞാൻ കതകു തുറന്നു.അടുത്ത ഫ്‌ളാറ്റിലെ ബീന മേഡം.കഴിഞ്ഞ ആഴ്ച അമേരിക്കയിലുള്ള മകളുടെ അടുത്ത് നിന്ന് എത്തിയതേയുള്ളു.ആറു മാസം ഇവിടെയും ആറു മാസം അമേരിക്കയിലുമാണ് വാസം .ക്വാറന്റീനിലുള്ള മേഡം ഒരു കൂസലുമില്ലാതെ അകത്തേക്ക് കയറിവരുന്നു.
ഒറ്റക്കാണിവിടെ താമസം.നാട്ടിൽ വന്നാൽ അമ്മയുടെ ഉറ്റ ചങ്ങാതി.ചില അമേരിക്കൻ ഉത്പന്നങ്ങൾ അമ്മക്ക് സ്നേഹോപകരമായി കിട്ടാറുണ്ടെന്നത് വേറെ കാര്യം .മമ്മിയെന്നാണ് അമ്മ വിളിക്കുക .അമ്മയുടെ അകന്ന ബന്ധു കൂടിയാണ് . അതിന്റെ സ്വാതന്ത്ര്യം അവർ എന്റെ വീട്ടിലും എടുക്കാറുണ്ട്.ചിലപ്പോഴൊക്കെ പപ്പയെ നിയത്രിക്കാൻ ശ്രമിക്കും.ജോർജ്, നിനക്കൽപം നേരത്തെ വീട്ടിൽ വന്നാലെന്താ?നിനക്കൽപം ഡയറ്റിങ്ങും എക്സിർസൈസും എടുത്താലെന്താ?പപ്പാ ഒന്നും മിണ്ടില്ല.ചിലപ്പോൾ ഒന്ന് മൂളും.
എനിക്കും പപ്പക്കും ആളെ ഇഷ്ടമല്ല.വയസു അറുപതു കഴിഞ്ഞിട്ടും ധിക്കാര ഭാവം.ആരെയും കൂസാത്ത നടപ്പ് .അധികാര ഭാവത്തിലുള്ള സംസാരം.ഇതിനെ സഹിക്കാൻ വയ്യാതെ ഭർത്താവു ബന്ധം വേർപെടുത്തിയതാണ് പോലും .ഭയങ്കര വൃത്തിക്കാരിയാണെന്നാണ് വെപ്പ്.സാമൂഹിക അകലം പാലിക്കാൻ പറഞ്ഞിട്ട് ഇപ്പോൾ കണ്ടില്ലേ കാണിച്ചത്?.
ഭക്ഷണം സ്വന്തം വെയ്ക്കാൻ മടിയുള്ള ദിവസം അവർ നേരെ ഇങ്ങോട്ടു പോരും.അമ്മയുടെ ചപ്പാത്തിയും ബാജി കറിയും രുചികരമാണെന്നു പറഞ്ഞ അമ്മയെ പുകഴ്ത്തും.ഭക്ഷണം കഴിക്കാൻ സ്പൂണും ഫോർക്കും ഉപയോഗിക്കാൻ എന്നോട് ആവശ്യപ്പെടും,ഭക്ഷണം ചവച്ചരച്ചു കഴിക്കണമെന്നു പറയും: അത്താഴം അധികം കഴിച്ചു കൂടാ …. എന്തെല്ലാം നിബന്ധനകളാണ് .
പക്ഷെ ഇക്കുറി വെപ്രാളത്തിലാണ് വരവ്.ഏകാന്തത ,ഭയം .ഇതിൽ നിന്ന് രക്ഷപെടാൻ മനുഷ്യന് വേറെ വഴിയില്ല.മനസൊന്നു തുറക്കാൻ ഒരു മനുഷ്യ സാന്നിധ്യം ആരാണ് കൊതിക്കാത്തത്?
അമേരിക്കയിലുള്ള മകളുടെ വാട്ട്സ് ആപ്പ് സന്ദേശം അമ്മയെ കേൾപ്പിച്ചു.അവിടെ സ്ഥിതി ഗുരുതരമാണെന്നും ഏതു നിമിഷവും എന്തും സംഭവിക്കാമെന്നുമാണ് സന്ദേശം. അരുതാത്തതെന്തോ ചെയ്തുവെന്ന് അവർക്കറിയാമായിരുന്നു.ക്വറന്റീൻ ലംഘിച്ചു പുറത്തു വരുക .അമ്മക്ക് എന്തെങ്കിലും പറയാൻ കഴിയും മുൻപേ അവർ ഒരു തീക്കാറ്റ് പോലെ പുറത്തേക്കു പോയി .മനുഷ്യന്റെ നിസ്സഹായത! പൊങ്ങച്ചവും സമ്പത്തുമെല്ലാം വെറും പാഴ് വേല.
“പാവം മമ്മി!”അവർ പോയിക്കഴിഞ്ഞപ്പോൾ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.പപ്പയുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായതേയില്ല.അമ്മയെ ഒന്ന് രൂക്ഷമായി നോക്കുമെന്നു ഞാൻ കരുതി.ദേഷ്യം വരുമ്പോൾ പപ്പ സാധാരണ അങ്ങനെയാണ് ചെയ്യാറ്.പക്ഷെ ഇക്കുറി അതും ഉണ്ടായില്ല.എന്തൊരു മനുഷ്യൻ!
ഇനി ഒരാൾ കൂടി ഉണ്ടിവിടെ . മുറിയിൽ വിശ്രമിക്കുന്ന പപ്പയുടെ അമ്മ. ഇന്ന് വെളുപ്പിനെ ഇവിടെ എത്തിയിട്ടേയുള്ളൂ.ഇന്നലെ അപ്രതീക്ഷിതമായി പപ്പക്കൊരു ഫോൺ കാൾ.”എടാ ഞാനങ്ങോട്ടു വരുവാ.”ചെമ്പേരിയിൽ നിന്ന് ബസ് കയറുന്നതിനു തൊട്ടു മുൻപാണ് വിളി.കണ്ണൂർ അരീക്കമലയിൽ ഏക്കറ് കണക്കിന് ഭൂസ്വത്തുണ്ട് പപ്പക്ക്.ഇതെല്ലാം നോക്കി നടത്തുന്നത് എൺപതു കഴിഞ്ഞ വല്യമ്മച്ചി തനിച്ചും.
“നിനക്കെന്തിനാട ഈ ജോലി? നിനക്കും കുടുംബത്തിനും സുഖമായി ജീവിക്കാൻ നിന്റെ അപ്പൻ ഉണ്ടാക്കിയിട്ടിട്ടില്ലേ?നീ ഇങ്ങോട്ടു വാ“.വല്യമ്മച്ചി നിർബന്ധിച്ചിട്ടും പപ്പ ജോലി കളഞ്ഞില്ല.കൊച്ചി വിട്ടു പോയതുമില്ല.
ഒരിക്കൽ വല്യമ്മച്ചിയെ പപ്പ കൊച്ചിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു . അമ്മയുടെ നിർബന്ധത്തിനു വഴങ്ങി സ്വത്തെല്ലാം വിറ്റിട്ടു സ്ഥിര താമസത്തിന് .”നിങ്ങളുടെ അമ്മക്ക് ആ മലമണ്ടേൽ കിടന്നു ഈ വയസാം കാലത്തും അധ്വാനിക്കേണ്ട കാര്യമുണ്ടോ?കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുമ്പോൾ ആർക്കുവേണ്ടിയ സമ്പാദിക്കുന്നത്?.ഈ കൊച്ചിനെയും നോക്കി ഇവിടെ വന്നിരിക്കാൻ പറ.”അമ്മയൊരിക്കൽ പാപ്പയോടു പിറുപിറുക്കുന്നത് ഞാൻ കേട്ടതാണ്.
നിനക്ക് നാണമില്ലെടാ! അപ്പനെ ഉപേക്ഷിച്ചു ഞാൻ വരണമല്ലേ ! ചാച്ചനെവിടെയാണോ അവിടെ ഞാനും മരണം വരെ . ഞാനെങ്ങോട്ടുമില്ല.അവിടെ സിമിത്തേരിയിൽ അടക്കിയ വല്യപ്പച്ചനെ കുറിച്ചാണ്.
“നീയും നിന്റെ പത്രസുകാരി കെട്ടിയോളും കൂടെ കൊതുകു കടിയും കൊണ്ട് അവിടങ്ങനെ കഴിഞ്ഞോ.”എന്തൊരു നാറ്റമാണെടോ അവിടെയൊക്കെ.കുളിക്കാൻ പോയിട്ട് ചന്തി കഴുകാൻ കൂടി വെള്ളമില്ല.”
“ഇവിടെ ഈ വാഴക്കും കോവലിനുമൊക്കെ നിന്റെ തന്ത വെള്ളമൊഴിക്കുമോടാ ?ഈ തേങ്ങയും റബ്ബർ ഷീറ്റുമൊക്കെ ആര് ഉണക്കുമോടാ ?”
“പെങ്കോന്തൻ !നീ എന്റെ വയറ്റിൽ തന്നെ ഉണ്ടായതാണോടാ “.
ഇതിനു ശേഷം ഒരിക്കലും വല്യമ്മച്ചിയെ കൊച്ചിയിൽ താമസിപ്പിക്കാൻ പപ്പ ശ്രമിച്ചിട്ടില്ല .ഇടയ്ക്കൊന്നു നാട്ടിൽ പോയി മുഖം കാണിച്ചു പപ്പാ വേഗം തിരിച്ചു പോരും.
കൊച്ചിക്കാരിയായ അമ്മക്ക് പപ്പയുടെ നാട് ഒട്ടും ഇഷ്ടമല്ല.അവിടുത്തെ വിജനതയും ,നിശബ്തതയും ,ഇരുട്ടും അമ്മയെ വല്ലാതെ പേടിപ്പിച്ചു.അവിടെയെത്തുമ്പോൾ പട്ടികളുടെ കുര പോലും അമ്മക്ക് അസഹനീയമാണ് .ഇപ്പോഴും പാമ്പും കുറുക്കനും കാട്ടുപന്നിയും ആനയും വിളയാടുന്ന ഗ്രാമീണ ജീവിതം അമ്മക്കൊരു നരക ജീവിതം ആയിരുന്നു.
കാടും കാട്ടരുവികളും മലയും മഞ്ഞും പാറക്കെട്ടും പുൽമേടുകളും നിറഞ്ഞ വല്യമ്മച്ചിയുടെ ഗ്രാമീണ ജീവിതം ഒന്ന് രണ്ടു അവധിക്കാലത്തു ഞാൻ ആസ്വദിച്ചിട്ടുണ്ട്.വല്യമ്മച്ചി ഉണ്ടാക്കി തന്ന ചക്ക അട,നെല്ലിക്ക ചമ്മന്തി,ചക്കക്കുരു മാങ്ങാ കറി,ചുട്ട കപ്പയും ചേമ്പും ,ഉണക്കി വറുത്ത കാട്ടിറച്ചി.ഓ !ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും.
രാവിലെ ഒരു കപ്പു കടും കാപ്പിയും കുടിച്ചു പള്ളിയിൽ പോയി കുർബാന കൂടും.മഴയത്തും വെയിലത്തും വല്യമ്മച്ചി ഇതുമാത്രം മുടക്കില്ല .വികാരിയച്ചന്റെ അടുത്ത് എന്നെ കൂട്ടികൊണ്ടു പൊയി തലയിൽ കൈവെച്ചു പ്രാർത്ഥിപ്പിക്കും. വല്യപ്പച്ചന്റെ ഖബറിടത്തിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കും. ഈ വയസാം കാലത്തും ഞാനീ ഓടി നടക്കുന്നത് പുണ്യാളന്റെ കൃപയല്ലേടാ എന്ന് ഇടയ്ക്ക് എന്നെ ഓർമിപ്പിക്കും.
വീട്ടിലെത്തിയാൽ തിരക്കോടു തിരക്ക്.വെള്ളം കോരൽ,വളം ഇടൽ ,കശുവണ്ടി പൊറുക്കൽ,ഉണക്കൽ ചിക്കൽ,പൊടിക്കൽ ……ഭക്ഷണം കഴിക്കാൻ പോലും ചിലപ്പോൾ മറക്കും . കൃത്യ സമയത്തു് ആകാശവാണി വാർത്തകൾ കേൾക്കും .ആകെ ഒരു വിനോദം അത് മാത്രം.
അയൽവാസി ബിനോയിയാണ് അമ്മച്ചിയുടെ സന്തത സഹചാരി.വല്യമ്മച്ചി വിളിച്ചാൽ അയാൾ ഓടിയെത്തും.റബ്ബർ വെട്ടും ,ചക്കയും തേങ്ങയും അടക്കയും പറിക്കും.പശുവിനു തീറ്റ കൊടുക്കും .ഓട്ടോയിൽ അമ്മച്ചിയെ റേഷൻ കടയിലും മാവേലി സ്റ്റോറിലും കൊണ്ട് പോകും . രാത്രിയിൽ കൂട്ടിനു കിടക്കാൻ മോളെയും പറഞ്ഞു വിടും.മനസ്സറിഞ്ഞു വല്യമ്മച്ചി ഇതിനൊക്കെ കൈമടക്ക് കൊടുക്കുന്നുണ്ടെന്നു തന്നെ കരുതിക്കോ.വല്യമ്മച്ചിയും ബിനോയും പരസ്പരം കണക്കു പറയാറില്ല.
പള്ളിയിൽ കുരിശുമണി അടിച്ചാൽ വല്യമ്മച്ചിയുടെ സന്ധ്യ പ്രാർത്ഥന തുടങ്ങും. അത് ഉറക്കെ ചൊല്ലണമെന്നാണ് വല്യമ്മച്ചിയുടെ പ്രമാണം.പറമ്പിന്റെ നാലതിരുകളിൽ തട്ടി ഈ പ്രാർത്ഥന ശത്രുക്കളെ തുരത്തുമെന്നാണ് വല്യമ്മച്ചിയുടെ വിശ്വാസം .കൊന്ത കഴിഞ്ഞാൽ പ്രാർത്ഥന കഴിഞ്ഞെന്നു കരുതേണ്ട.പിന്നെ ഓരോ ദിവസവും പ്രത്യേക നൊവേനകൾ.അവസാനം സങ്കീർത്തനം 91. “അത്യുന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവനും സർവ്വശക്തന്റെ തണലിൽ കഴിയുന്നവനും….” അപ്പോഴേക്കും ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണിട്ടുണ്ടാകും.
പക്ഷെ നെയ്യ് ചേർത്ത ചൂട് ചോറിന്റെ മണം.ഉറക്കം പമ്പ കടക്കും.
ബെഡിലേക്കു ചായുമ്പോഴാണ് വല്യമ്മച്ചിയുടെ വീര സാഹസിക കഥകൾ പുറത്തേക്കു വരുന്നത്.ഞാൻ കാണാത്ത വല്യപ്പച്ചനുമായുള്ള കല്യാണക്കഥകൾ;ഏറെ താമസിക്കാതെ സ്വത്തക്കാരെ വിട്ട് മലബാറിൽ കുടിയേറിയതിന്റെ കഥകൾ;വളപട്ടണത്തു ട്രെയിൻ ഇറങ്ങി ചെങ്ങളായി വരെ ബോട്ടിൽ വന്ന ഓർമ്മകൾ;കണ്മുൻപിൽ ആനയെ കണ്ട് കുതറി മാറിയ അനുഭവങ്ങൾ ,പള്ളി പണിക്കു കല്ല് ചുമന്ന കഥ;മലയാറ്റൂർ മല കയറാൻ നടന്നു പോയ ഓർമ ചിത്രങ്ങൾ; വല്യപ്പച്ചന്റെ പാമ്പുകടിയേറ്റ അകാല മരണം.വിരഹത്തിന്റെ ,വേദനയുടെ ,സാഹസികതയുടെയും ഒക്കെ കലവറയാണ് വല്യമ്മച്ചി . ഏറെനാൾ കഴിയും മുൻപേ ഒരു തലമുറയുടെ ജീവിതം വെറും കടംകഥയായി മാറും.
ഈ വല്യമ്മച്ചിയാണ് അപ്രതീഷിതമായി വന്നിരിക്കുന്നത് .പപ്പക്ക് ആശ്വാസമായി;എനിക്കേറെ സന്തോഷവും.അമ്മയുടെ മുഖത്തുമാത്രം ചെറിയൊരു നീരസം.
“വല്ലാത്തൊരു വല്ലായ്മ.നിന്റെ കൂടെ കുറച്ചു ദിവസം നിൽക്കണമെന്ന് തോന്നി“വന്നു കയറിയ പാടെ വല്യമ്മച്ചി പറഞ്ഞു.
“നമ്മുടെ ഇചാച്ചന്റെ മേരിക്കുട്ടി കഴിഞ്ഞ ആഴ്ച റൊമീന്ന് വന്നായിരുന്നേ..അവൾ എന്നെ കാണാനും വന്നു.”പപ്പയുടെ റോമിലുള്ള കന്യാസ്ര്തീ കസിനെക്കുറിച്ചാണ് പരാമർശം.
“അവളെ ഹെൽത്തിൽ നിന്ന് ആൾക്കാർ വന്നു കൂട്ടികൊണ്ടു പോയി.രണ്ടാഴ്ച കഴിഞ്ഞിട്ട് വിടാമെന്ന്“.അവൾക്കു ഒരു കുഴപ്പവും ഇല്ലെന്നേ .പക്ഷെ അവർ സമ്മതിക്കേണ്ടേ?”
പപ്പയും അമ്മയും പരസ്പരം ഒന്ന് നോക്കി .
“പള്ളിയുമില്ല ;കുർബാനയുമില്ല ;എന്തൊരു കാലമാ” പിറുപിറുത്തു കൊണ്ട് വല്യമ്മച്ചി മുറിയിലേക്ക് പോയി .ഇടക്കെപ്പോഴോ എഴുന്നേറ്റു ഭക്ഷണം കഴിച്ചു.പിന്നെയും വിശ്രമം.രാജ്യത്തെ പുതിയ സംഭവ വികാസങ്ങൾ പാവം അറിയുന്നുണ്ടോ അവോ?ഒരു പക്ഷെ സ്വയം ലോക്ക് ഡൌൺ പ്രഘ്യാപിച്ച മുറിയിൽ കഴിയുന്നതാകാം.
അനുജത്തി എഴുന്നേറ്റു കരയാൻ തുടങ്ങി.ഭാഗ്യം.അമ്മ ഫോൺ ബാൽക്കണിയിൽ തന്നെ വെച്ചിട്ടുണ്ട് .ഞാൻ ഗ്രൂപ്പിൽ കയറി.എന്റെ കൈ വിറക്കുന്നുണ്ട്.കാലുകളിലൊരു തരിപ്പ് .പ്രിൻസിപ്പാലിന്റെയും പി ടി സാറിന്റെയും മെസ്സേജുകൾ .ഫുട്ബോൾ കോച്ചിങ് ഇനിയൊരറിയിപ്പു ഉണ്ടാകുന്നതു വരെ നിർത്തിവെച്ചിരിക്കുന്നു .കൂട്ടുകാരുടെ ഇമോജികളും സ്മൈലികളും ഒന്നിന് പുറകെ ഒന്നായി ഗ്രൂപ്പിൽ നിറഞ്ഞു .പിന്നെ ട്രോളുകളുടെ പെരുമഴ.പുര കത്തുമ്പോൾ വാഴ വെട്ടുന്ന ചില അസൂയാലുക്കൾ!നേതൃത്വം കൊടുത്ത എന്നെയും ഉന്നം വെക്കുന്നുണ്ട്. എനിക്കൊന്ന് അലറിക്കരയാൻ തോന്നി.എന്റെ പ്രതീക്ഷകൾ നിറം മങ്ങുന്നത് പോലെ .എല്ലാം ശാന്തമായപ്പോൾ ദളപതി വിജയുടെ ബിഗിലിലെ ശോക ഗാനവും കേട്ട് ബാൽക്കണിയിൽ തന്നെ കിടന്നു.ആകാശത്തെ നക്ഷത്രങ്ങൾ മാത്രമായിരുന്നു എനിക്ക് കൂട്ട് .എപ്പോഴോ ഞാനുറങ്ങി.
പിറ്റേന്ന് നേരം പുലർന്നപ്പോൾ നേരെ കണ്ണ് പോയത് സ്കൂൾ ഗ്രൗണ്ടിലേക്കാണ് .രണ്ടുപേർ തണുത്ത വെളുപ്പാൻ കാലത്തു ഗ്രൗണ്ടിൽ കളിക്കുന്നു .എനിക്ക് സന്തോഷമായി.എനിക്കും അവരോടൊപ്പം ചേരല്ലോ.എന്നാലും ഇത്ര നേരത്തെ ആരായിരിക്കും അത് ?എന്റെ ജിജ്ഞാസ കൂടി .ഞാൻ തുറിച്ചു നോക്കി.സെക്യൂരിറ്റി നവപ്രീത് സിങിന്റെ കുട്ടികൾ !ഒന്നിന് പുറകെ ഒന്നായി ബൈസിക്കിൾ കിക്കുകൾ ഗോൾ പോസ്റ്റിലേക്ക് തൊടുക്കുകയാണവർ .പീറ കുട്ടികൾ !ഔട്ട് പെറുക്കികൾ. ഇതെങ്ങനെ സംഭവിച്ചു?എന്റെ തലയിൽ തട്ടി അവരുടെ ഒരു ബൈസിക്കിൾ കിക്ക് ഗോളായി. ഞാൻ സ്വപ്നം കാണുകയാണോ ? എന്നെ വിറക്കുന്നു .ശരീര ഊഷ്മാവ് കൂടുന്നു.അങ്ങനെ എനിക്കും ഇനി ക്വറന്റീൻ .
Click this button or press Ctrl+G to toggle between Malayalam and English