വേണുവിന്റെ വീട്ടിൽ ഒരു കൊമ്പാടിപ്പശുവുണ്ട്.
അങ്ങേരുടെ ‘ഹംബെ’ കേട്ടാൽ
അയാൾക്ക് അമ്മയെ ഓർമ്മ വരും.
എൺപത് ഓണമുണ്ട അമ്മ കഴിഞ്ഞ വിഷുത്തലേന്ന് പോയി;
മൂന്നു ദിവസം അന്നം കിട്ടാതെ, കൃത്രിമശ്വാസം വലിച്ച്,
ആദ്യം ഐ സി യുവിൽ പിന്നെ വെന്റിലേറ്ററിൽ…..
ഓർമ്മ കീറിയ ചാലുകളിൽ മറവി മണ്ണിടും മുമ്പെപ്പോഴോ
അമ്മ ഓർമ്മിപ്പിച്ചിരുന്നു :
അറത്തു തിന്നണ്ട, മോനെ!
വേണ്ടത് കറന്നെടുത്താൽ പോരെ?
വേണുവിന്റെ വീട്ടിൽ കോഴിയില്ല
സ്മാർട്ട് ഫോണിലെവിടെയോ
അദൃശ്യനായ ഒരു പൂവനുണ്ട് .
അദ്ദേഹത്തിന്റെ കൂവൽ കേട്ടാണ്
നിത്യവും അയാൾ കൺ തുറക്കുക.
വേണുവിന്റെ വീട്ടിൽ പൂത്ത കറൻസിപോലും!
ഉള്ളിലൊ, അയാൾ ഒരു ദരിദ്രവാസി!!
ഓണക്കാലത്തു വേണുവിന് ആരാണ് ചാർത്തുന്നത് ഈ പബ്ലിസിറ്റി?
ചോദിച്ച കടം റൊക്കമായി കിട്ടാത്ത അയല്പക്കത്തെ
എ പി ൽ – ബി പി ൽ കൂട്ടായ്മയോ!
വേണുവിന്റെ വീട്ടിൽ ഇരുചക്ര-നാൽചക്ര-വാഹനങ്ങളൊന്നുമില്ല..
അലസസവാരികൾക്കു ഇന്നും അയാൾ മുഴകളുള്ള കുറിയ കാലുകൾ ഉപയോഗിക്കുന്നു.അവയ്ക്കു ബ്രേക്കിന്റെയോ ക്ലച്ചിന്റെയോ ആവശ്യമില്ല.
“എല്ലാ വീടുകളിലും കാറുണ്ട്. ഈ മുറ്റത്തും ഒരു കാർ വേണ്ടേ, അച്ഛാ?” അഹിംസാവാദിയായ അയാൾ അപ്പോൾ, മക്കളോട് കണ്ണുരുട്ടിക്കാണിക്കും:
“മറ്റു വീടുകളെപ്പോലെയാണോ ഈ വീട്? നിങ്ങളുടെ പ്രതാപിയായ മുത്തശ്ശൻ ഒരു ടോയ് കാർപോലും വാങ്ങിച്ചു തന്നിട്ടില്ല. നിങ്ങളൊക്കെ ഒരു
കാര്യം ഓർക്കണം; അങ്ങോട്ടൊന്നുംതന്നെ യാചിച്ച ചരിത്രം ഈ അച്ഛനില്ല.”
വേണുവിന്റെ വീട്ടിൽ കിളയും വിതയുമില്ല. പാട്ടും കൂത്തുമില്ല. പക്ഷെ ആവേഗമറിയാത്ത തെളിമയുണ്ട്; ഉള്ളളവിനു അതീതമായി ഉയരുന്ന ആഴവും പരപ്പുമാർന്ന മൗനമുണ്ട്. ചുറ്റിലും ചിതകൾ ആളിക്കത്തുന്പോഴും ഇടയ്ക്കൊക്കെ വീട്ടുകിണർ, താപസന്റെ ഒരറ്റംമാത്രം തുറന്ന തുരങ്കത്തെപ്പോലെ, ആവേശരഹിതമായ ശാന്തത പകരുന്നു.
വേണുവിന്റെ വീട്ടിൽ ഒഴിയാബാധയായി നാഗത്താന്മാർ; മരണത്തിന്റെ പര്യായമാണ് തലയിൽ മണി കെട്ടിയ ആ സർപ്പങ്ങൾ! മരണത്തിൽ കൃത്യമായ അകലം പാലിക്കുവാൻ ആർക്കു കഴിയും? ഒരു കൂട്ട ആത്‌മഹത്യയിൽ അത് അസാധ്യവുമാണ്. ആറേ കാലടി നീളവും അഞ്ചടി വീതിയുമുള്ള ഡബിൾകട്ടിലിൽ കിടപ്പ് പക്ഷെ കൃത്യമായ അകലം പാലിച്ചുതന്നെ. ഈ വീട്ടിൽ കൊറോണക്ക് അനുകൂലമായി ആരും ഒന്നും ചെയ്യുന്നില്ല. രാത്രിയിൽ പോലും അവൾ മാസ്ക് കെട്ടുന്നു. ഒരു ചുംബനത്തിന്റെയോ ആശ്ലേഷത്തിന്റെയോ ഓർമ്മ ആരെയും ഹർഷപുളകിതരാക്കുന്നില്ല.ദേഹങ്ങൾ ഫ്രീസറിൽ മറന്നുപോയ പച്ചയിറച്ചിയായിതീർന്നിരിക്കുന്നു! ദേഹികൾ കരിമേഘരൂപികളായി കൂരിരുളിൽ ………………
പ്രത്യാശയോടെ കാത്തിരിക്കുന്ന വെളിച്ചം എവിടെയാണ്? അകലെയോ കാണാമറയത്തോ…?