സുഭാഷ് ചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകമാണ് പാഠപുസ്തകം കഥകളിലും നോവലുകളിലും വായനക്കാരെ ആകർഷിക്കുന്ന അതേ മാന്ത്രിക ഭാഷ ഈ എഴുത്തുകാരന്റെ ലേഖന സമാഹാരങ്ങളിലും നമുക്ക് കാണാൻ കഴിയും. പുതിയ പുസ്തകത്തെപ്പറ്റി സുഭാഷ് ചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:
‘ജീവിതത്തോളം സൗന്ദര്യാനുഭൂതിയും ആനന്ദവും പകരുന്ന മറ്റൊരു കാവ്യമില്ല; അതിനോളം സംഘര്‍ഷവും ദുരന്തവും നിറഞ്ഞുതികഞ്ഞ നാടകമോ സിനിമയോ ഇല്ല; അതിലുള്ളിടത്തോളം പ്രതിജനഭിന്ന വിചിത്രമായ കഥാപാത്രങ്ങള്‍ ഏതുഭാഷയിലും എഴുതപ്പെട്ട ഒരു നോവലിലുമില്ല. അതിനോളം രസം പകരുന്ന മറ്റൊരു കഥയോ കഥാപ്രസംഗമോ ഇല്ല. അതിനേക്കാള്‍ ചിത്രവടിവോ ശില്പത്തികവോ ഉള്ള ഒരു കലാവസ്തുവും ആരും ഇന്നോളം സൃഷ്ടിച്ചിട്ടില്ല. അതിനേക്കാള്‍ മോഹനമായ ഒരു ഗാനവും ഇല്ലേയില്ല! സിദ്ധാന്തമായും പ്രയോഗമായും വെവ്വേറെ പഠിക്കാന്‍ പറ്റാത്ത ഒരു പാഠ്യവിഷയം കൂടിയാകുന്നു നമ്മുടെ ജീവിതം. മനുഷ്യനായി പിറന്ന ഏതൊരാളും ആ ക്ലാസ്സില്‍ ഇരുന്നേ പറ്റൂ. ക്ലാസ്സുമുറിയും അധ്യാപകനും പാഠപുസ്തകവുമെല്ലാം അവിടെ ഒന്നു തന്നെ! ആ മഹത്തായ പുസ്തകത്തില്‍നിന്ന്, വരാനിരിക്കുന്ന ഏതോ ഒരു മഹാപരീക്ഷയ്ക്കു കോപ്പിയടിക്കാനായി ഞാന്‍ എന്റെ തുണ്ടുകടലാസുകളില്‍ പകര്‍ത്തിവച്ച കുറേ പാഠഭാഗങ്ങളാണ് ഇവിടെ ഇപ്പോള്‍ ഒരു പുസ്തകമായി ഇറങ്ങുന്നത്. ജീവിതമെന്ന ആ വലിയ പാഠപുസ്തകത്തിലെ ചില ഏടുകള്‍ മാത്രം. അതിന് പാഠപുസ്തകം എന്ന പേരു കൊടുക്കുന്നതില്‍ ക്ഷമിക്കുക. ഇതുവായിക്കുന്നവരുടെ കൈവശമുള്ള നൂറു കണക്കിന് മഹത്തായ പാഠപുസ്തകങ്ങളില്‍ ഒന്നായി മാത്രം ഇതിനെ പരിഗണിച്ചാല്‍ മതിയാകും.സാഹിത്യമെഴുത്തും പത്രപ്രവര്‍ത്തനവുമായി പകര്‍ന്നാടുന്ന എന്റെ ദിനസരിക്കിടയില്‍ പലപ്പോഴായി എഴുതിവയ്ക്കാന്‍ സാധിച്ച എന്റെ ആത്മകഥാ ഭാഗങ്ങള്‍ നാളിതുവരെയായി നാലു പുസ്തകങ്ങളായി മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്. മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍, കഥയാക്കാനാവാതെ എന്നിങ്ങനെയുള്ള ആ നാലെണ്ണത്തിനെ അനുഗമിക്കുന്ന അഞ്ചാമനാണ് ഈ ‘പാഠപുസ്തകം’ഒറ്റയൊറ്റ ലേഖനങ്ങളായി അച്ചടിച്ചുവന്ന സമയത്ത് വായനക്കാരുടെ സ്‌നേഹം നിറഞ്ഞ ഫോണ്‍വിളികള്‍ കൊണ്ട് എന്റെ പ്രഭാതങ്ങളെ സന്തോഷഭരിതമാക്കുവാന്‍ തുണനിന്ന കുറിപ്പുകളാണ് ഇവയെല്ലാം. ഇപ്പോൾ അവ കൂട്ടിത്തുന്നി നിങ്ങൾക്ക് പുതുവൽസര സമ്മാനമായി സമർപ്പിക്കട്ടെ.
എഴുത്തുകാരന്‍ ഒരു ഖനിത്തൊഴിലാളിയെ ഓര്‍മിപ്പിക്കുന്നു. ജീവിതത്തിന്റെ ആഴങ്ങളില്‍നിന്ന് അയാള്‍ ഓര്‍മകളും സ്വപ്‌നങ്ങളും ഖനനം ചെയ്യുന്നു. ഭാഷയാണ് അയാളുടെ ഖനനായുധം. വികാരവിചാരങ്ങളുടെ മണ്ണും ചളിയും പുരണ്ട അനുഭവങ്ങളുടെ അയിരുകള്‍ അയാള്‍ സൂക്ഷ്മതയോടെ ശുദ്ധിചെയ്‌തെടുക്കുന്നു. അതുവൃത്തിയാക്കി, എക്കാലത്തേക്കും നിലനില്‍ക്കുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്ന ഒരു ലോഹമാക്കി, മാറ്റിയെടുക്കുന്നതില്‍ ക്‌ളേശമെന്നതുപോലെ നിര്‍വചനത്തിന് അതീതമായ ഒരു ആനന്ദവുമുണ്ട്. സര്‍ഗാത്മകസാഹിത്യ രചനയ്ക്കുമാത്രം ആവശ്യമെന്നു പറഞ്ഞുവരാറുള്ള അമ്മട്ടിലുള്ള ഒരു ക്‌ളേശവും ആനന്ദവും ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ എഴുതുന്ന വേളയിലും ഞാന്‍ അനുഭവിച്ചിട്ടുണ്ട് എന്ന സത്യവാങ്മൂലം മാത്രം ഇവിടെ രേഖപ്പെടുത്തട്ടെ. ഈ പുസ്തകത്തിലേക്കുള്ള ചിത്രങ്ങള്‍ വരച്ച ആര്‍ട്ടിസ്റ്റ് മദനൻ, ഷെരീഫ് എന്നിവരോടും ഇതിലേക്ക് ആവശ്യമുള്ള ഫോട്ടോകള്‍ അയച്ചുതന്ന് സഹായിച്ച സുഹൃത്തുക്കളോടും മധ്യവയസ്സിലെത്തിയ ഒരെഴുത്തുകാരന്റെ അഞ്ച് ആത്മകഥാപുസ്തകങ്ങള്‍ ഒന്നിനുപിന്നാലെ ഇങ്ങനെ പ്രസിദ്ധീകരിക്കുവാന്‍ താല്പര്യമെടുത്ത മാതൃഭൂമി ബുക്‌സിനും നന്ദി. പിന്നെ ഇതിനായി കാത്തിരുന്ന നിങ്ങള്‍ക്കോരോരുത്തര്‍ക്കും.’
സ്വന്തം
സുഭാഷ് ചന്ദ്രൻ