ജീവിതം…. ഒരു മിഥ്യ

 

ഇരുട്ടിന്റെ ആത്‌മാവിനെ തൊട്ടുണർത്തി അനന്തമാം ആകാശഗോപുരങ്ങൾ..
നിശബ്ദവീചികൾ തൻ ഭയാനകമൂകതയിൽ ആരോ കൈ പിടിച്ചെന്നോണം നടന്നകന്ന്..
ജന്മനിയോഗമാം വേഷങ്ങൾ തകർത്താടി തീർന്നൊരു ശരീരമുപേക്ഷിച്ചങ്ങിനെ കാണാലോകത്തേക്കു യാത്രയാവുന്നു നിശ്ചലം,
വെള്ളപുതച്ചൊരു മാംസപിണ്ഡത്തിൻ ചുറ്റുമിരുന്നു നിലവിളിക്കുന്നു ഉറ്റോരും ഉടയോളും…

ഒരായിരം സ്വപ്നനൈരാശ്യങ്ങൾ തൻ ഭാണ്ഡവും പേറി, ജീവിതമെന്നൊരു ദുർഘടപാതയും താണ്ടി എത്തിച്ചേരുന്നു നിൻ അന്ത്യമലക്ഷ്യത്തിൽ, സ്വയം ലയിച്ചില്ലാതാകുന്നു നിൻ ഭൗതികശരീരം…

ആണ്ടുതോറും പിറന്നാളൂട്ടി, വർഷങ്ങളോരാന്നായി കാത്തിരുന്നൊരു യാത്ര അവസാനിക്കുന്നതിവിടമാണല്ലോ…

എന്തൊക്കെയോ വെട്ടിപിടിച്ചെന്നഹങ്കരിച്ചങ്ങിനെ, ജന്മസാഫല്യം പൂണ്ടെന്ന നിർവൃതിയടയുന്നു നാം..
വിലക്കുവാങ്ങുവാനായില്ല ഒരിറ്റു ശ്വാസവും..
കടം കൊള്ളാനായില്ല ഒരൊറ്റ നിമിഷവും…
ഈ പണവും പ്രശസ്‌തിയും ജലരേഖകളായിടുന്നു….
സർവ്വതുമുപേക്ഷിച്ചങ്ങനെ യാത്രായാവുന്നു…
രണ്ടറ്റം മുട്ടാത്ത കണക്കുപുസ്തകം നിൻ ബാക്കിപത്രം…

കാലനെ കണ്ടു പേടിച്ചരണ്ടവണ്ണം ഓരിയിടും നായ്ക്കളും, രക്തച്ചുവപ്പിൻ കണ്ണുകളുമായ് മൂങ്ങകളും, കാതിൽ പെരുമ്പറ മുഴക്കും വവ്വാൽ ചിറകടികളും മാത്രം നിനക്കകമ്പടിയാവുന്നു…

എന്തെന്നറിയില്ല…. മരണത്തെ പുല്കിയവരാരും തിരിച്ചു വരാത്തതെന്തേ..
അത്രകണ്ട് സുന്ദരമാണെന്നറിയില്ല ഈ സംഗംമം..

ജനനമെന്നതു സത്യമെങ്കിൽ, മരണമെന്നതൊരു പരമാർത്ഥമത്രേ..
ഉറക്കം പാതി മരണമെങ്കിൽ, മരണം നിത്യനിദ്രയത്രേ..
ജനനമരണങ്ങൾ സത്യമെങ്കിൽ, ഈ ജീവിതം ഒരു മിഥ്യയത്രേ….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English