ഇന്ദു കലയിൽ
ലയിച്ചു ഞാനൊരു
ഇന്ദുവാകാൻ കൊതിച്ചു.
പോക്കുവെയിൽ
മെഴുകിയ പുഴ കണ്ട്
പോക്കുവെയിലായെങ്കിലെന്നും
കൊതിച്ചു, ഞാൻ .
മുളങ്കാടിന്റെ
വേണു തരംഗിണികൾ
എൻ കരൾ നിറച്ചതാകാമെന്ന്
നിനച്ചു …
പല മലരുകൾ ചേർന്ന്
പാറിയ സുഗന്ധം
എൻ ചിറകുവിരിച്ച
മാരുതനെന്നും
കരുതി ഞാൻ ….
കടലലകൾ ചുഴറ്റിയ
ഞൊറിച്ചുരുളുകൾ
എൻ സിരകളുയർത്തിയ
പ്രവാഹമെന്നുമുറച്ചു.
രാപ്പകലുകൾ
വിരിയുന്നതെന്റെ
കണ്ണുകൾ കൊണ്ടെന്നും
കരുതി ഞാൻ….
ഒരമ്പലത്തിന്റെ
ആമ്പൽ നിറഞ്ഞൊരു
പൊയ്കയിൽ
ഒരു തണ്ടു പൊട്ടിയ്ക്കവേ
വഴുതി ഞാൻ താഴുമ്പോൾ
ജീവവായുപോൽ
ഒരു കരമെന്നെ കോരിയെടുത്തു..
കഴകത്തിന്റെ
മകൻ
കറുമ്പനെന്നു
വിളി കൊണ്ടവൻ,
ജീവൻ.