“കാക്കത്തൊള്ളായിരം പുസ്തകങ്ങളെ
ജീവിതത്തോടു ഗാഢമായി ചേർത്ത
എല്ലാ നല്ല ലൈബ്രേറിയന്മാർക്കും
അവരെ സ്നേഹിക്കുന്നവർക്കും.”
ഇങ്ങനെ പറഞ്ഞു കൊണ്ടാണ് സി.വി.ബാലകൃഷ്ണൻ, “ലൈബ്രേറിയൻ” എന്ന പുസ്തകത്തിന്റെ സമർപ്പണം ചെയ്തിരിക്കുന്നത്.
2014 ൽ ആദ്യ പ്രതി പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ കാതൽ എന്ന് പറയുന്നത് തന്നെ, ഒരു പുസ്തകശാലയും ലൈബ്രേറിയനുമാണ്. അവിടെ വന്ന് നിറയുന്ന പുസ്തകങ്ങളും, ബാഹുലേയൻ എന്ന ലൈബ്രേറിയന്റ വിഭ്രാത്മക കാഴ്ചകളെന്നെ പോലെ, അയാളോട് സംവദിക്കുന്ന ഓരോരോ എഴുത്തുകാരും പുസ്തകത്തിലുടനീളം നിറഞ്ഞ് നിൽക്കുന്നു.
മലയാള സാഹിത്യത്തിന്റെ,ഉത്തരാധുനിക കാലഘട്ടത്തെ, തന്റെ രചനാശൈലികളുടെ പ്രത്യേകതകൾ കൊണ്ട്,വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് സി.വി. പതിനഞ്ചിലേറെ നോവലുകളും, നിരവധി കഥകളും നോവല്ലെകളും ഇദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.
അതിനുമപ്പുറം,എത്രയോ വലിയ ഒരു വായനക്കാരനാണ് ഗ്രന്ഥകർത്താവ് എന്ന് വെളിപ്പെടുത്തുന്ന ഒരു കൃതി കൂടിയാണ് “ലൈബ്രേറിയൻ ”
പുസ്തകങ്ങളും എഴുത്തുകാരുമെല്ലാം പരാമർശങ്ങളായി വരുന്ന കൃതികൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ, സംഗീത ശ്രീനിവാസന്റെ ” ശലഭം, പൂക്കൾ, എയ്റോ പ്ലെയ്ൻ ” പിന്നിട് വന്ന അജയ് പി. മങ്ങാടിന്റെ “സൂസന്നയുടെ ഗ്രന്ഥപ്പുര ” തുടങ്ങിയ കൃതികളിലൂടെ മലയാളി വായനക്കാർ വായിച്ചു.എന്നാൽ ” ലൈബ്രേറിയൻ ” അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വായനയാണ് കാഴ്ചവെച്ചത് എന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
ഒരു വായനക്കാരൻ പോലുമല്ലാതിരുന്ന, വേലുക്കുഞ്ഞ് – ബാഹുലേയൻറ അച്ഛൻ – ആ പേരില് “വേലുക്കുഞ്ഞ് സ്മാരക ഗ്രന്ഥാലയം” എന്ന പേരിൽ ഒരു വായനശാല തുടങ്ങുന്നു.
ഇരുപത്തിയഞ്ച് സെന്റ് സ്ഥലം വേറെ പലതിനും ഉപയോഗപ്പെടുത്താമെന്ന് കരുതുന്നവരും അത് വില കൊടുത്ത് കൈവശപ്പെടുത്താമെന്നും കരുതുന്നവർ ആ ഗ്രാമത്തിലുണ്ട്.
വായനയെ സ്നേഹിക്കുന്ന ഒരു പാട് പേരുണ്ട് അവിടെ.
ഷേക്സ്പിയർ സാഹിത്യത്തിൽ അഗാധമായ അറിവുള്ള ഡോ.മുകുന്ദരാജ ലൈബ്രറിയുടെ ഒരു വെൽവിഷർ ആണ്.
ആരൊക്കെയോ സംഭാവന ചെയ്ത, എവിടെ നിന്നൊക്കെയോ രണ്ടാം കൈപ്പുസ്തകമായി വാങ്ങിയ പുസ്തകങ്ങളായിരുന്നു, ഈ വായനശാലയുടെ മുതൽക്കൂട്ട്.
നാലപ്പാട്ട് നാരായണ മേനോൻ പരിഭാഷപ്പെടുത്തിയ ഹ്യൂഗോയുടെ “പാവങ്ങൾ മുതൽ തോമസ് ഹാർഡിയും ഷേക്സ്പിയറും ഷെല്ലിയും കീറ്റ്സും മോപ്പസാങ്ങും അലൻ പോയും എഞ്ചുവടിയുമൊക്കെയുണ്ട് അവിടെ.
ഒരേയൊരു വനിത മെമ്പർ, തങ്കമ്മ, അവളുടെ വായനാ വഴികൾ അത്ഭുതപ്പെടുത്തുന്നു. നൂൽനൂല്പു കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അവൾ, വായനയിലൂടെ കൈവരിക്കുന്ന വെളിച്ചം നോവലിൽ വെളിപ്പെടുന്നുണ്ട്.
രണ്ട് കാലും തളർന്ന്, ജീവിതം, മുച്ചക്രവണ്ടിയിലായിപ്പോയ ഉല്ലാസന് യാത്രാവിവരണങ്ങളായിരുന്നു ജീവൻ.
ദസ്തേയേവ്സ്കിയുടെ “മരിച്ചവരുടെ വീട് ” ബാഹുലേയൻ, ഉല്ലാസന് വായിക്കാൻ കൊടുക്കുന്നുണ്ട്.
ചെസ്റ്റർടണിന്റെ ഫാദർ ബ്രൗണിന്റെ പുസ്തകങ്ങൾക്കിടയിലൂടെ നോക്കുമ്പോൾ, കുന്തിച്ചിരുന്ന് പെടുക്കുന്ന പൊൻകുന്നം വർക്കിയെ കാണുന്ന ബാഹുലേയൻ, പിന്നീട് അവരുമായി സംഭാഷണത്തിലേർപ്പെടുന്നു. ഇങ്ങനെ തകഴിയുമായി സംസാരിക്കുന്നുണ്ട് നോവലിന്റെ തുടക്കത്തിൽ.
വിപ്ലവം ചിന്തയിലേറി നടക്കുന്ന സോമവ്രതൻ, മറ്റൊരു കഥാപാത്രമാണ്.
ലളിതാംബിക അന്തർജ്ജനം,മാധവിക്കുട്ടി, ആൻ ഫ്രാങ്ക്, ബോർഹെസ് അങ്ങിനെ നിരവധി എഴുത്തുകാർ ഈ പുസ്തകത്തിൽ കഥാപാത്രങ്ങളായി വരുന്നു.
അവർ പലപ്പോഴും ബാഹുലേയനുമായി സംഭാഷണങ്ങളിലേർപ്പെടുന്നു. ഇതെല്ലാം വളരെ കൗതുകത്തോടെ വായിച്ചിരിക്കാൻ പറ്റുന്ന, ബോറടിപ്പിക്കാത്ത ആഖ്യാനശൈലിയോടെയാണ് സി.വി. എഴുതിയിരിക്കുന്നത്.
വായനയെ അത്രത്തോളം സ്നേഹിക്കുന്ന ഒരാൾ, അയാളുടെ ഉപബോധമനസ്സിൽ ആഴപ്പെട്ടു പോയ എഴുത്തുകാരുമായുള്ള താദാത്മ്യപ്പെടൽ, അതായിരിക്കും, ഒരു സാധാരണ സംഭവം പോലെ, ഇയാൾക്ക്, എഴുത്തുകാരെ കാണാനും സംസാരിക്കാനുമൊക്കെയുള്ള ഒരു മാനസികാവസ്ഥ, ഒരു പക്ഷേ, വിഭ്രമാത്മകമായ ഒരു മാനസികാവസ്ഥ ഉണ്ടാക്കി കൊടുത്തത്.
സിദ്ധപ്പമല്ലർ എന്ന വില്ലൻ കഥയിൽ കടന്നു വരികയും, നോവൽ സംഭവബഹുലമായ മറ്റ് സംഭവങ്ങൾക്ക് വേദിയാവുകയും ചെയ്യുന്നു.
ഒട്ടനവധി മലയാള എഴുത്തുകാരും വിദേശീയരായ എഴുത്തുകാരും അവരുടെ പുസ്തകങ്ങളും, അവരുടെ ജീവിതവുമായി ബന്ധപ്പെട്ട ചെറിയ രസകരമായ സംഭവങ്ങളും ബാഹുലേയനിലൂടെ വായനക്കാരനിലേയ്ക്കും എത്തുന്നു.
അത് മാത്രമല്ല, ഒരു ഗ്രാമ്യാന്തരീക്ഷത്തിൽ, നടക്കുന്ന ഒരു കഥ വളരെ സൗമ്യമായി, കെട്ടുറപ്പോടെ, ഒരു ലൈബ്രറിയെയും ലൈബ്രേറിയനെയും കേന്ദ്രീകരിച്ച്, ഒട്ടനവധി കഥാപാത്രങ്ങളോടെ പറഞ്ഞിരിക്കുന്നു.
തുരുത്തിക്കാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വീടുകളിൽ നിന്ന് ശേഖരിച്ച പുസ്തങ്ങളുമായി, “പബ്ലിക് ലൈബ്രറി തുരുത്തിക്കാട്” എന്ന പേരിൽ ഒരു സംരംഭം തുടങ്ങുകയും, അതിലേയ്ക്കായി സ്വന്തം രണ്ട് സെൻറ് ഭൂമി വിട്ടുകൊടുക്കുകയും ചെയ്ത്, ദീർഘകാലം ലൈബ്രേറിയനായി ജോലി ചെയ്ത, പി.പി.നാരയണക്കുറുപ്പ് എന്ന വ്യക്തിയെക്കുറിച്ച് മനോരമ ഓൺലൈനിൽ വായിച്ചതോർക്കുന്നു.
ഇത്തരം പുസ്തക സ്നേഹികളായ ഒത്തിരി പേരുടെ കഥകൾ, സി.വി.യുടെ ഈ പുസ്തകം വായിക്കുമ്പോൾ ഓർമ്മയിൽ വന്നു പോകും.
ലൈബ്രറി തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സംഭവം ഈ പുസ്തകത്തിലുണ്ട്. പക്ഷേ, വായന കത്തി നശിക്കുകയില്ല എന്ന് ആർക്കാണ് അറിയാത്തത്?
പേജ്: 111
DC Books – 110 രൂപ.
ദിവ്യ ജോൺ ജോസ്
Click this button or press Ctrl+G to toggle between Malayalam and English