കുഴൂർ വിത്സന്റെ പ്രണയ കവിതകളുടെ സമഹാരമായ വയലറ്റിനുള്ള കത്തുകൾക്ക് എം എൻ പ്രവീൺ കുമാറിന്റെ വായന
വരൂ, ഈ തെരുവുകളിലെ രക്‌തം കാണൂ’എന്ന് നെരൂദ പറയാനിടയായ സാമൂഹ്യസാഹചര്യത്തേക്കാള്‍ കടുപ്പമുള്ള ഒന്നാകാം ഇന്ന്. അതുകൊണ്ടുതന്നെ കവിത എന്തുകൊണ്ട്,സാമൂഹികതയെ,നൈതികതയെ മാറ്റിനിര്‍ത്തി ,പ്രണയം എന്ന കുറ്റിയില്‍ കെട്ടപ്പെട്ട് കറങ്ങുന്നു എന്ന അക്കാദമിയന്‍ സംശയങ്ങളാല്‍ ആകുലമാണ് ബൗദ്ധികലോകം.’എന്തിന് പ്രണയത്തേപ്പറ്റി ഇത്ര പറയാന്‍?’ എന്നവര്‍ ചോദിച്ചെങ്കില്‍ അവര്‍ പ്രണയിച്ചിട്ടേയില്ല എന്ന ഒറ്റവരി സമാധാനമാണതിന്റെ ആത്‌മഗത മറുകുറി.
മനോഹരമായി പറയാനാകുമെങ്കില്‍ ഇനിയുമിനിയും പറഞ്ഞുകൂടെ?
പ്രണയം വെറുമൊരുപൈങ്കിളിയല്ല,ഒരൊട്ടകപ്പക്ഷിയാണ്!
വയലറ്റിനുള്ള കത്തുകള്‍ ഒരു കവിതാസമാഹരമാണ്.അവളോടുള്ള പിറുപിറുക്കലുകളെ കവിതയെന്നല്ലാതെ എന്തു വിളിക്കണം?
വയലറ്റ് ആരാണ്?
എഴുത്താളന്റെ വരികളില്‍ അയാളെ വായിച്ചെടുക്കാനുള്ള മലയാളിയുടെ സഹജ കൗതുകം കൊണ്ട് നാം സ്വയവും,ഒരുപക്ഷേ കുഴൂര്‍ വില്‍സനോട് (Kuzhur Wilson) നേരിട്ടും ചോദിച്ചുപോയേക്കാം.മേല്‍പ്പറഞ്ഞ രണ്ടിനും വ്യക്‌തമായ മറുപടിയുണ്ടാകില്ല.
ഉണ്ടാകരുത്
വയലറ്റ് കാമുകിയാണോ,നിറമാണോ,മണമാണോ,വസ്തുവാണോ,അതോ ഇനി ഒരവസ്ഥ തന്നെയാണോ എന്നൊന്നും ഒരു നിശ്ചയവുമുണ്ടാകുമെന്ന് തോന്നുന്നില്ല.
ഇവിടെയാണ്,കവിതയുടെ എക്കാലത്തേയും വലിയ ആ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുന്നത്-വായനക്കാരന്‍ പൂരിപ്പിക്കുന്നതാണ് കവിത എന്നത്.
കവിതയുടെ ഒരു മാജിക്ക് ഉണ്ട്.കണക്കിലെ പൂജ്യത്തിന്റെ നേരെ വിപരീതമാണത്.പരശ്ശതം അക്കങ്ങളെ,ഒരൊറ്റ ഗുണനത്താല്‍ പൂജ്യം റദ്ദ് ചെയ്യുന്നുവെങ്കില്‍ അത്രതെന്നെ വരികളെ ഒരൊറ്റ വരികൊണ്ട് കവിതയാക്കിപ്പൊലിപ്പിക്കുന്ന വിദ്യ.അത്തരത്തില്‍ ഒരെണ്ണം ഓര്‍മ്മയിലെത്തുന്നത് സിവിക്- ന്റേതാണ്( Civic Chandran) .ഗൃഹപ്രവേശം എന്ന് ഷെല്‍ വിയുടെ മള്‍ബറി പ്രസിദ്ധീകരിച്ചതിലൊരു കവിത.വിഖ്യാതമാണത്.ഒരു മയില്‍പ്പീലിയെ പുസ്തകക്കാമ്പില്‍ മാനം നോക്കാതെ സൂക്ഷിക്കുന്ന പ്രത്യേകിച്ചൊരു വികാരവും തോന്നാത്ത ‘കോണ്‍ക്രീറ്റ്’വരികള്‍ക്കൊടുവില്‍’ഓര്‍ക്കാപ്പുറത്തൊരുമ്മകൊണ്ടവളെ മയില്‍പ്പീലിയാക്കുക’ എന്ന മാന്ത്രികത്വം നിറഞ്ഞ വരി വരുന്നു.വന്ന വരിയാകട്ടെ,മേലെഴുതിയതിനെയൊക്കേയും കവിതയിലേക്ക് മാര്‍ഗ്ഗവും കൂട്ടിക്കളഞ്ഞു!
അത്തരത്തില്‍ ഒന്നിലധികമുണ്ട്,കവിതകള്‍,ഇപ്പുസ്തകത്തില്‍.
പ്രിയപ്പെട്ടത് ഇങ്ങിനെയാണ്.
ഏതെങ്കിലും ജന്മത്തിലെ
ഏതെങ്കിലും ഞായറാഴ്ച്ച
നമുക്ക്
ഒരു പുരാതന നസ്രാണിത്തറവാട്ടിലെ
അപ്പനും അമ്മയുമാകണം
എന്നു പറഞ്ഞാന്‍` കവിതതുടങ്ങുന്നത്.
ഞാന്‍ ഇറച്ചിനുറുക്കും
നീ അമ്മിയില്‍ അരപ്പ് അരക്കും
ഞൊറിഞ്ഞുടുത്ത അവളുടെ ചേലയില്‍ അപ്പന്‍ മുഖം തുടയ്ക്ക്ം,ആ ചന്തികളില്‍ പെട്ടെന്നു താളമിടും.പണികളോട് പണികളാണ്…
ഇങ്ങിനെ പറഞ്ഞു പറഞ്ഞ് ഒടുവില്‍ ഈ വരികള്‍കാണൂ..
വീണുകിട്ടിയ
ഒരു ഞായറാഴ്ച്ച
പിശുക്കി പിശുക്കി
ചെലവഴിച്ച നമ്മള്‍
അതിന്റെകുറച്ചു വിത്തുകള്‍
അടുത്ത ജന്മത്തിലേക്ക് മാറ്റിവയ്ക്കും
ഹോ! നമസ്കരിച്ചു!
ഭൂപടത്തില്‍ ‘കുഴൂര്‍’ എവിടെയെന്ന് വേവലാതിപ്പെട്ട ആ കുട്ടി ഏറെയൊന്നും മുതിര്‍ന്നിട്ടില്ല.മുതിരുകയും വേണ്ട എന്ന് നാമാഗ്രഹിക്കുന്നു.വയലറ്റിനുള്ള കത്തുകളുടെ പ്രൂഫ് വായിക്കാന്‍ വന്നപ്പോള്‍,ഞങ്ങളൊരുമിച്ച് പൂയംകുട്ടിയില്‍പ്പോയി.ചൗരസ്യമട്ടില്‍ ഒഴുകിയിറങ്ങിയ പുഴയുടെ കുളിരില്‍,അത്രനഗ്നനല്ലാത്ത കവി തിമിര്‍ക്കുന്നത് കണ്ടപ്പോള്‍,ഇത് അമ്മിണിയുടേയും മകനാണ് എന്നാണ് തോന്നിയത്.അതേ ചിണുക്കം,കുറുമ്പ്,കൊഞ്ചല്‍ എല്ലാമുണ്ട് വയലറ്റിനുള്ള കത്തുകളില്‍.വില്‍സന്റെ കാഴ്ച്ചകള്‍ ഇങ്ങിനെയൊക്കെ ആയിരിക്കണം.എവിടെ,നീ എന്നാര്‍ത്തു കരയുന്ന,മഴയിലും മിന്നലിലും അവളെ തിരയുന്ന ..അങ്ങിനെയൊരുവന്‍….
വേണമെങ്കില്‍ അവള്‍ പോയ/പോകാനിടയുള്ള/ വഴിയിലെ ഓരോ വെട്ടുകല്ലിന്‍ പരലുകലെയും ഉമ്മ വച്ച് ഉമ്മ വച്ച് പോകാന്‍ മടിയില്ലാത്ത ഒരുവന്‍!
കവിത ഇതൊക്കെ ആയാല്‍പ്പോരേ സര്‍?
വായനക്കാരന് ഫീല്‍ ചെയ്യുന്നതിലപ്പുറം മറ്റൊരുപാടൊരുപാട് സാമൂഹ്യമാനങ്ങള്‍ അതിലുണ്ടാകണമെന്നുള്ളവര്‍ കൂടെ ദസ് കാപ്പിറ്റലും വായിക്കട്ടെ.
മേഘമായി
അയാള്‍ പോവുകായാണ്
ഒറ്റയ്ക്ക്
വഴിക്കെങ്ങാന്‍
നിന്നെ കണ്ടാല്‍
പെയ്റ്റുപോയേക്കുമോ
എന്ന് പേടിയുണ്ട്.
ചാലക്കുടി ബസ്സ്റ്റാന്റില്‍ അവളെ യാദൃശ്ചികമായി ഇനിയെങ്ങാനും കാണാനിടവന്നാല്‍ ഒട്ടും നാണിക്കാതെ പെയ്തുപോയേക്കാവുന്ന ഉഗ്രനൊരു കരിമേഘത്തെ,ഈ വരികള്‍ക്കൊപ്പം നെഞ്ചിലെടുത്തു വയ്ക്കുന്നു
മേശപ്പുറത്തുണ്ടാകണം,നിങ്ങള്‍ പ്രണയിയെങ്കില്‍,അക്ഷര വിരോധിയല്ലെങ്കില്‍,ഇപ്പുസ്തകം.
നന്ദിയില്ല,കവേ
ചുണ്ടില്‍ത്തന്നെ ഒരുമ്മ!