തട്ടിയുണർത്താതെ,
ഒന്നുറക്കെ വിളിച്ചു നോക്കാതെ
ഞാൻ മരിച്ചെന്ന്
നിങ്ങൾ കരുതുന്നു…
എന്റെ മനോഗതങ്ങളിൽ
നിങ്ങളില്ലായെന്നും
ആത്മഗതങ്ങൾ
നിങ്ങളല്ലായെന്നും വിശ്വസിക്കുന്നു
എന്റെ ഹൃദയത്തിലെ നിങ്ങളെ
ഈ ലോകത്തിൽ നിന്നു
മറയ്ക്കാൻ
കരുണയില്ലായ്മയെ
ഞാനിന്നു കൂട്ടുപിടിക്കുന്നു
(എന്നിൽ നിന്ന് നിങ്ങളെ ഞാനിനിയെങ്ങിനെ മറയ്ക്കും, എങ്ങിനെ മറക്കും… – ആത്മവിചാരം )
തൂലികകളിൽ നിങ്ങളെ
വരിച്ചിടാതിരിക്കാൻ
മാത്രം ഞാനൊരു ക്രൂരയാകുന്നു
എങ്കിലും ചിന്തകളുടെ
തുടക്കവും ഒടുക്കവും
നിങ്ങളറിയാതെ
നിങ്ങൾ മാത്രമാകുന്നു
ഒരിറ്റു സ്നേഹം കാത്തിരുന്നു
നിദ്രയിലാഴ്ന്ന എന്നെ നോക്കി
മരിച്ചു പോയതായി നിങ്ങൾ
അനുതപിക്കുന്നു,
സ്നേഹം,
ഒരിറ്റ് സ്നേഹം,
എനിക്കായി ഒരു പിടി സ്നേഹം
ആഹ്…ഞാനിന്ന് പിടയുന്നു !