പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ വിടവാങ്ങി. കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു വരികയായിരുന്നു. സംവിധായകനും തിരക്കഥകൃത്തും ആയിരുന്നു ലെനിൻ രാജേന്ദ്രൻ. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകരിൽ ഒരാളായിരുന്നു അദ്ദേഹം.1985 ൽ ഇറങ്ങിയ “മീനമാസത്തിലെ സൂര്യൻ” എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. 1992 ൽ സംവിധാനം ചെയ്ത “ദൈവത്തിന്റെ വികൃതികൾ” എം.മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു . കമലാ സുറയ്യയുടെ “നഷ്ടപ്പെട്ട നീലാംബരി” എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ “മഴ” എന്ന ചിത്രം. 2003 ലെ “അന്യർ” എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ അപകടകരമായ വർഗീയ ധ്രുവീകരണത്തെയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.