ഗാലറി നിറയുന്നതിൻറെ ആരവം കേൾക്കാമായിരുന്നെങ്കിലും ആസ്വദിച്ച്, ശാന്തമായിട്ടാണ് ഭുപീന്ദർ സിംഗ് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. കൂടെയുള്ളവർ അതേസമയം പതിവിലും വളരെയേറെ പിരിമുറുക്കത്തിലായിരുന്നു. വേവലാതിയോടെ പരസ്പരം സംസാരിക്കുകയും ഭക്ഷണത്തിനിടയിലും പ്രാർത്ഥിക്കുകയും ചെയ്യുകയുമായിരുന്നു. അവർ രാഷ്ട്രത്തിൻറെ ക്രിക്കറ്റ് ടീം അംഗങ്ങളാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരത്തിൻറെ പകുതി പിന്നിട്ടു കഴിഞ്ഞിരുന്നു. ആശാവഹമായിരുന്നില്ല കാര്യങ്ങൾ. എതിർ ടീം ഉയർത്തിയ സ്ക്കോർ ആലോസരമുണ്ടാക്കാൻ പോന്നവിധം ഉയർന്നതാണ്. ഭുപീന്ദർ സിങ്ങിൻറെ ക്രിക്കറ്റ് ജീവിതം ഈ മത്സരത്തോടെ അവസാനിക്കുന്നു എന്ന വലിയ സംഭവം അദ്ദേഹത്തിൻറെ ചെറുപ്പക്കാരായ ചങ്ങാതിമാരുടെ നഖം കടികളിലും വേപഥു പൂണ്ട സംഭാഷണങ്ങളിലും മുങ്ങിപ്പോകാൻ തുടങ്ങിയിരുന്നു. ഇരുപത് സംവത്സരങ്ങൾ പിന്നിട്ട ഭുപീന്ദറിൻറെ കേളീയാത്രയെ എങ്ങനെയാകും ചരിത്രം രേഖപ്പെടുത്തുക? അദ്ദേഹം ദിവ്യമായ പദചലനങ്ങളാലും നിഷ്ക്കപടമായ പ്രഹരപ്രേരണയാലും അനുഗൃഹീതനായിരുന്നു. എങ്കിലും പ്രാധാന്യത്തെ കെടുത്തുന്ന എന്തോ ഒന്ന് അദ്ദേഹത്തെ സദാ ചൂഴ്ന്നു നിന്നിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം വിരളമായി മാത്രമേ വാർത്തകളിലും ചർച്ചകളിലും രംഗപ്രവേശം ചെയ്തിരുന്നുള്ളു..
ബാറ്റുമെടുത്ത് ഭുപീന്ദർ ഗ്രൗണ്ടിലേക്കു നടക്കുമ്പോൾ ആരവം വാനോളം ഉയർന്നു. കഴിഞ്ഞ എട്ടുപത്ത് വർഷങ്ങളായി അദ്ദേഹം ഇതൊന്നും കാര്യമാക്കാറില്ല. ഭാര്യയുമായി വേർപിരിഞ്ഞില്ലായിരുന്നെങ്കിൽ അദ്ദേഹം നേരത്തേ തന്നെ വിരമിച്ചേനെ. സമപ്രായക്കാരൊക്കെ നല്ലപ്രായത്തിൽ വിരമിച്ച് കൊള്ളാവുന്ന ഓരോരോ തൊഴിലുകളിലായിക്കഴിഞ്ഞു. മെർലിനുമായി പിരിഞ്ഞശേഷം കുറേ കാലം കൂടി ഈ പണി തന്നെ ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു. ഏറ്റവും വൈരുദ്ധ്യം നിറഞ്ഞ ഒരു കാര്യം കൂടി സംഭവിച്ചു. കളി യാന്ത്രികമാകുന്നതിന് അനുസരിച്ച് ഭുപീന്ദറിൻറെ പ്രകടനം കൂടുതൽ കൂടുതൽ മെച്ചപ്പെട്ടുവന്നു. ധ്യാനാത്മകമായ ബാറ്റിംഗ് എന്നും സംഗീതക്കച്ചേരിയുടെ രാഗവിസ്താരത്തെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗ് എന്നും നിരീക്ഷണങ്ങൾ വന്നുതുടങ്ങി. എങ്കിലും നേരത്തെ സൂചിപ്പിച്ചപോലെ അദ്ദേഹത്തിന് ആരാധകരൊന്നും കാര്യമായി ഉണ്ടായില്ല. ടീമിനുള്ളിലോ ‘കട്ടിലൊഴിയാത്ത കാരണവർ’ എന്ന സ്ഥാനം. പുതിയ കളിക്കാർ മാറിമാറി വന്നു. ഭുപീന്ദർ സ്ഥിരമായി നിന്നു.വന്നവർക്കൊ പോയവർക്കോ ഭുപീന്ദറുമായി ഒരടുപ്പവും ഉണ്ടായില്ല. ഇപ്പോഴുള്ളവർക്ക് നേരിയ ശത്രുതയുമുണ്ട്.
ക്രീസിലെത്തി ആർത്തിരമ്പുന്ന കാണികളെ പുച്ഛത്തോടെ നോക്കിയ ശേഷം ഗാർഡെടുക്കുമ്പോഴും ഭുപീന്ദറിൻറെ മനസ്സ് അടുത്ത ദിവസം മുതലുളള ഹരിത സങ്കൽപങ്ങളിൽ ആമഗ്നമായിരുന്നു. ചോളം വയലിന്റെ ചൂളമടി എക്കാലവും ഹൃദയത്തിൽ നിറഞ്ഞു നില്ക്കുന്ന സംഗീതമാണ്.സരയൂ തീരത്തുള്ള പാടങ്ങളിൽ അച്ഛനൊപ്പം എന്നും പണിക്കിറങ്ങുമായിരുന്നു. അസ്തമയ സൂര്യൻറെ പ്രഭയിൽ ചോളം വയലുകൾ തിളങ്ങുമ്പോൾ അച്ഛൻ പണിനിറുത്തിച്ച് പാട്ട് പാടിക്കും. ആഹ്ലാദത്തോടെ പാട്ടുതുടങ്ങും.വീട് എത്തുന്ന വരെ പാടും..പണി ഇല്ലാത്തപ്പോൾ കളിക്കാൻ വിടും. പശ്ചാത്താപം തോന്നേണ്ട കാര്യമൊട്ടുമില്ല.നാളെ മുതൽ സ്വന്തം പാടശേഖരത്തിലേക്കാണ് ഇറങ്ങുന്നത് ,സിംഗിൾ എടുക്കാൻ മെല്ലെ ഓടുമ്പോൾ ഭുപീന്ദറിന് അച്ഛനെക്കുറിച്ച് ബഹുമാനം തോന്നി.
രണ്ട് വിക്കറ്റുകൾ തുടരെ വീണപ്പോൾ ഗാലറികൾ മ്ലാനമായി. ദൃക് സാക്ഷി വിവരണക്കാർ ഭുപീന്ദറിന്റെ വിരമിക്കലിലേക്ക് തിരിഞ്ഞു. ആഴക്കടൽ പോലെ ശാന്തമായി ഭുപീന്ദർ കളിക്കുന്നതിനെ അവർ വാഴ്ത്തി. അതേസമയം അവസാന മത്സരത്തിന്റെ നിലവിലുള്ള സ്ഥിതി വെച്ച് ഭുപീന്ദറിൽ നിന്ന് വിശേഷിച്ച് അവർ ഒന്നും പ്രതീക്ഷിച്ചില്ല .”ഏ യങ്ങർ ഭുപീന്ദർ പെർഹാപ്സ് ……..”.
പെട്ടെന്ന് അസാധാരണമായ ചലനം കാണികളിലുണ്ടായി. കളി കാണാൻ എത്തിയ ഒരു പഴയ പ്രമുഖ താരത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി.അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോയി.കളി താല്ക്കാലികമായി നിറുത്തി വെച്ച് അമ്പയർമാർ കളിക്കാർക്ക് പാനീയങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. താരത്തിനെ കൊണ്ടുപോകുന്നത് ഭുപീന്ദർ ശ്രദ്ധിച്ചു.”ചാകട്ടെ”, വെള്ളം കുടിക്കാൻ നടക്കുമ്പോൾ ഭുപീന്ദർ മനസ്സിൽ പറഞ്ഞു. ഭുപീന്ദർ ടീമിലെത്തുമ്പോൾ വിരമിക്കാൻ തയാറായി നിന്ന സാധനമാണ്. തലയിൽ കളി എന്ന കാര്യം മാത്രമേയുള്ളൂ ,അന്നും ഇന്നും. അടുക്കാൻ പോയിട്ടേയില്ല.
വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോളാണ് കാണികൾക്കിടയിൽ മെർലിനെ കണ്ടത്. പുതിയ ഭർത്താവ് സിനിമാ താരവും കൈക്കുഞ്ഞുമൊത്ത് കളികാണുന്നു. തന്നെ ശ്രദ്ധികകുന്നതേയില്ല. പന്ത്രണ്ടു വർഷങ്ങൾക്ക് മുമ്പ് തൻറെ മഴവിൽ ഷോട്ടുകളെക്കുറിച്ചുള്ള ഒരു കവിതയുമെഴുതിക്കൊണ്ടാണ് മെർലിൻ ആദ്യമായി കാണാൻ വന്നതെന്ന് അയാൾ ഓർത്തു.
അടുത്ത ഓവറുകളിൽ ഭുപീന്ദർ പല തവണ മഴവില്ല് വിരിയിച്ചു. സ്റ്റെഡിയം പൊട്ടിത്തെറിച്ചു.ഭുപീന്ദറിന്റെ വിഖ്യാതമായ ‘റെയിൻ ബോ ഷോട്ടുകൾ’ ഒരു ദശാബ്ദത്തിനു ശേഷം തിരികെയെത്തിയതിനെക്കുറിച്ച് കമൻറ്ററി പറയുന്നവർ വാചാലരായി. ഭുപീന്ദർ മെർലിനെ നോക്കി. ഭർത്താവിൻറെ ചുമലിലേക്ക് ചാരിയിരിക്കുകയാണ്. വെറുതെ ഒരു രസത്തിന് രണ്ടുമൂന്ന് മഴവില്ലുകൾ കൂടി വിരിയിച്ചു. ട്രങ്കിനകത്ത് അവളുടെ ഒരു പടം ഇരിപ്പുണ്ട്. കളയണം.
മറുവശത്തു നിന്ന ചെക്കനും തകർക്കുകയാണ്. തെക്കനാണ്. ഇവനുമായുള്ള കശപിശയാണ് പ്രശ്നമായത്. മടക്കുപിച്ചാത്തി കൊണ്ട് കാലിലെ നഖം വെട്ടിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് മുറിതെറ്റി കതക് തള്ളിത്തുറന്ന് ചെക്കൻ കയറി വന്നത്. കാലുമുറിഞ്ഞതിൻറെ ദേഷ്യത്തിൽ കരണത്ത് പൊന്നീച്ച പാറിച്ചു.
പണ്ടൊക്കെ തെക്കന്മാരെ വിളയാൻ ആരും സമ്മതിക്കില്ല. ഇപ്പോൾ അതൊക്കെ പോയി.ആട്ടവും പാട്ടും ഒക്കെയായി തെക്കനേത് വടക്കനേത് എന്ന് അറിയാൻ പറ്റില്ല. നമുക്ക് നമ്മുടെ ചോളവും കരിമ്പും മാത്രമേ ഒക്കുകയുള്ളു. . കരിമ്പിൻറ്റെ കാര്യം ഓർത്തപ്പോഴാണ് രായ്ചരണിനെ ഓർമ്മവന്നത്.പത്ത് സെൻറ് പാടം അവൻ കവർന്നിട്ടുണ്ട്. വീണ്ടും തുരക്കാൻ തുടങ്ങിയ വിവരം ഹസ്ര കഴിഞ്ഞയാഴ്ച വിളിച്ചു പറഞ്ഞതാണ്. പെട്ടെന്ന് കൈകാര്യം ചെയ്തേ തീരൂ.ഭുപീന്ദർ പന്ത് ഉയർത്തിയടിച്ചു. ആരവം വാനോളം ഉയർന്നു.തെക്കൻ പയ്യൻ വന്ന് ബാറ്റിൽ തട്ടിയപ്പോഴാണ് പരിസരബോധം വന്നത്.ഇന്നോടെ ഇവനൊക്കെ തൻറെ ശല്യം ഒഴിയും.എന്തെങ്കിലുമാകട്ടെ.
ഗ്യാലറിയിൽ പാട്ടും മേളവും മുറുകിയപ്പോഴാണ് ഭുപീന്ദർ അവരെക്കണ്ടത്. ഹസ്രയും സംഘവും! സവാദും നാരായണും ഒക്കെയുണ്ട്. മുമ്പും മുന്നറിയിപ്പില്ലാതെയാണ് വരാറുള്ളത്. ഇന്ന് പക്ഷെ വരില്ലെന്നറിയിച്ചിട്ട് എല്ലാവരും കൂട്ടമായി വന്നിരിക്കുകയാണ്. മതിയാക്കാൻ സമയമായി.ഇനി വയ്യ.എതിർ ടീമിൻറെ ഘോഷം ഉയർന്നു.വീണുകിടക്കുന്ന സ്റ്റമ്പിൽ ഭുപീന്ദർ നോക്കി.ഒരു കരിമ്പ് ചെത്തിയിട്ടപോലെയുണ്ട്. കാണികൾ ഒന്നടങ്കം എഴുന്നേറ്റു കരഘോഷം ഉയർത്തി. ക്യാമറകൾ മിന്നിപ്പൊലിഞ്ഞു. ഭുപീന്ദർ ഹസ്രയുടെ കരവലയത്തിലേക്ക് ചാഞ്ഞു.സവാദാണ് കാലിൽ യുനാനി എണ്ണ തേച്ചത്. പറങ്ങാപ്പഴം വാറ്റിയ നാടൻ മദ്യം നാരായണിൻറെ പെട്ടിയിൽ നിന്നു പുറത്തുവന്നു. ക്രമേണ ചർച്ച ഗൗരവരൂപം പൂണ്ടു.
“ഭായി കെട്ടണം”,സവാദ് പറഞ്ഞു.
“കശ്യപ്മഹാജൻറെ മകൾ മിടുക്കിയാണ്.നല്ല വൈഭവമുള്ള പെണ്ണ്.ഭായിക്ക് ചേരും.”
“കൃഷിയൊക്കെ അറിയുമോ?”,ഭുപീന്ദർ പതിഞ്ഞ ശബ്ദത്തിൽ നിർവ്വികാരം ആരാഞ്ഞു.
“രണ്ടു പാടം തനിച്ചു കൊയ്യും.”
“നമ്മൾ ജയിച്ചെന്ന് തോന്നുന്നു”,ആരവം ഉയരുന്നത് കേട്ട് നാരായണ്‍ അഭിപ്രായപ്പെട്ടു.
“കൊച്ചിന് ക്രിക്കറ്റും പരിഷ്ക്കാരവുമൊക്കെ ഇഷ്ടമാണോ? നമുക്കതൊന്നും ശരിയാകില്ല.” ഭുപീന്ദർ കർശനമായി പറഞ്ഞു.
“അല്ലേയല്ല.വീട് വിട്ടാൽ പാടം.പണി കഴിഞ്ഞാൽ വീട്.അങ്ങനെയാണ് കശ്യപ് കുട്ടികളെ വളർത്തിയത്.”
ആരോ മുറിയുടെ വാതിലിൽ മുട്ടി. കളിയുടെ വോളണ്ടിയർമാരാണ്. “സാബിനെ വിളിക്കുന്നു”.
“ആര്?”,ഭുപീന്ദർ മുരണ്ടു.
“ചെല്ലൂ.ഇന്നു കൂടിയല്ലേയുള്ളൂ.വൃത്തിയായി അവസാനിക്കട്ടെ.”,ഹസ്ര നിർബ്ബന്ധിച്ചു.
ആഘോഷങ്ങൾക്കിടയിലേക്ക് ഭുപീന്ദർ കടന്നുചെന്നപ്പോൾ കാണികൾ വീണ്ടും എഴുന്നേറ്റു നിന്ന് കരഘോഷം ഉയർത്തി. പെരുമ്പറകൾ ഉച്ചത്തിൽ ശബ്ദിച്ചു നൊടിയിടക്കുള്ളിൽ ഭുപീന്ദർ ടീമംഗങ്ങളുടെ കൈകളിലായി.അവർ അയാളെ എടുത്തുയർത്തിക്കൊണ്ട് മൈതാനത്തിനു വലം വെക്കാൻ തുടങ്ങി..കൊടിയ വിരസതയോടെ ഭുപീന്ദർ അവരുടെ പാണികളുടെ മുകളിൽ കിടന്നു.