മനസ്സിനുള്ളിലെ
വിശാലമായ അറകളിൽ
വെറുപ്പിന്റെ
വെടിയുപ്പ് നിറക്കുമ്പോഴും
ഒരിത്തിരി സ്ഥലം
ബാക്കി വെക്കുക
കാലം തെറ്റിപ്പെയ്യുന്ന
മഹാമാരിയിൽ
കിടപ്പാടം മൂടി
മുങ്ങിത്താഴുമ്പോൾ
കച്ചിത്തുരുമ്പിനിരിക്കാൻ
ഒരിത്തിരി സ്ഥലം ബാക്കി വെക്കുക.
നാടു കത്തിക്കാൻ
വരണ്ട പ്രത്യയശാസ്ത്രങ്ങൾ
തിരക്കുകൂട്ടുമ്പോൾ
കനൽ തരികളെ
ഊതിക്കെടുത്താൻ
ഒരൽപ്പം നിശ്വാസവായു
കൂടെ കരുതുക.
വികൃതിയായൊരു
കാട്ടുതീ ദിശമാറി
കൂരകൾ തിന്നു തീർക്കുമ്പോൾ
കത്തിക്കരിഞ്ഞ ജഡങ്ങൾ
നോക്കിച്ചിരിക്കുമ്പോൾ
ഒരിറ്റ് കണ്ണുനീരെങ്കിലും
ബാക്കി വെക്കുക.
കല്ലുവെച്ച നുണകൾ
അലങ്കാരമായി
കഴുത്തിൽ തൂക്കി
ഉള്ളിലൂറിച്ചിരിക്കുമ്പോഴും
ഒരിത്തിരി നന്മ
ബാക്കി വെക്കുക.
കണ്ണുപൊത്തിയ കരങ്ങൾ
തളരുമ്പോൾ
നാമ്പുനീട്ടുന്ന കുഞ്ഞു സത്യങ്ങൾ
ഉള്ളിൽ തട്ടി വിളിക്കുമ്പോൾ
കണ്ണിമ തുറക്കാനെങ്കിലും.
കച്ചിത്തുരുമ്പിന്റെ
ഊരു തിരയാതിരിക്കുക
കണ്ണുനീരിന്റെ
ജാതി തിരക്കാതിരിക്കുക
ജീവജലത്തിന്റെ
ഉറവിടം തേടാതിരിക്കുക