വൈകി പോയ ജീവിതം

ചടങ്ങുകൾ അവസാനിച്ചു. എല്ലാവരും പിരിഞ്ഞു പോകാൻ തുടങ്ങി. മക്കളെ മുറ്റത്തിറക്കി വിട്ടു വീട്ടിലേക്കു ഉറങ്ങാൻ പോകാൻ പകലോൻ തയ്യാറെടുത്തു.
മൂത്തമകൾ അടുത്തെത്തി
“അച്ഛാ ഞങ്ങൾ പോകുന്നു. അച്ചുവിനെ നാളെ സ്കൂൾ ഉള്ളതാ, അടുത്താഴ്ച അവനു പരീക്ഷയാണ് , അതുമല്ല വീട്ടിൽ ആരുമില്ല ,വീട് പൂട്ടിയിട്ടു എങ്ങും പോകരുതേ എന്ന് ചേട്ടൻ ഇന്നലെയും വിളിച്ചപ്പോൾ പറഞ്ഞതാ”
എരിയുന്ന ചിത നോക്കി അയാൾ ജനൽ പടിയിൽ പിടിച്ചു നിന്നു.
“പോകട്ടെ അച്ഛാ ” മകൾ വീണ്ടും ചോദിച്ചു.
അയാൾ തലയാട്ടി .
നിന്നെ പത്തുമാസം ചുമന്നു , പ്രസവിച്ച നിന്റെ അമ്മയെയാണ് ആ തീനാളങ്ങൾ ആർത്തിയോട് ഭക്ഷിക്കുന്നതെന്നു പറയാൻ അയാൾക്ക്‌ തോന്നി.
പറഞ്ഞില്ല
അവളുടെ മനസ് വേദനിച്ചാലോ
വന്നവർ എല്ലാം പോയി .
ചിലർ പുറത്തുതട്ടി ദൈവവിധി എന്നും മറ്റുചിലർ കഷ്ടമായിപ്പോയി എന്ന് പറഞ്ഞു പിരിഞ്ഞു.
ആ വീട്ടിൽ അയാൾ ഒറ്റക്കായി
അവൾ വളർത്തിയ രണ്ടു പൂച്ചകൾ മുറ്റത്തിന്റെ മൂലയിൽ വിഷമിച്ചു കിടക്കുന്നതുപോലെ .

ഞാൻ ഏകനാണ്
ഇന്നലെ വരെ ചെറിയ പിണക്കങ്ങളും വലിയ സ്നേഹവുമായി ഞങ്ങൾ കഴിഞ്ഞു. ഇന്ന് എന്നെ തനിച്ചാക്കി എവിടേക്കോ പോയ് മറഞ്ഞു
താനും അങ്ങനെ ആയിരുന്നില്ലേ .
കല്യാണം കഴിഞ്ഞു പത്തു ദിവസത്തെ ദാമ്പത്യം.
കുവൈറ്റിലേക്ക് പറന്നു .
പണത്തിനു പുറകെയുള്ള ഓട്ടം.
രണ്ടുവർഷം കൂടുമ്പോൾ ഒരു മാസം അവധി.ഇരുപ്പത്തിയെട്ടു വർഷത്തിനിടയിൽ പതിനാലു മാസത്തെ ദാമ്പത്യം.
ഉറുമ്പുകൾ അരിമണികൾ കുട്ടിവെക്കുന്നത് പോലെ ഓരോ രൂപയും അവൾ കൂട്ടിവെച്ചു.
അച്ഛന്റെ കാര്യം നോക്കി
തളന്നു കിടന്നിരുന്ന അമ്മയെ നോക്കി
മകളെ പഠിപ്പിച്ചു .
എല്ലാ ദിവസവും ഫോണിലൂടെ തന്റെ കാര്യം നോക്കി .
സ്വയം നോക്കിയില്ല .

സന്ധ്യയായി
കുട്ടികളെ പുറത്താക്കി സൂര്യൻ ഉറങ്ങാൻ പോയി. കുട്ടികൾ ചാടി കളിച്ചു, അമ്മാവന്റെ കൂടെ .
അടുക്കളയുടെ പടിയിൽ കത്തുന്ന ചിതയിൽ നോക്കി ദാസൻ ഇരുന്നു. മുറിയിൽ വെട്ടം ഇല്ലായിരുന്നു. ഇന്നലെവരെ ഈ വീടിന്റെ വെട്ടമായിരുന്ന എന്റെ രുഗ്മിണിയെ അല്ലെ തീ നാളങ്ങൾ പുൽകുന്നത് .
ഇനിയും അവളെ കാണാൻ പറ്റില്ലാലോ എന്ന ചിന്ത അയാളിൽ ഞെട്ടലുണ്ടാക്കി.
അവളുടെ ഗന്ധം ഈ മുറിയിൽ കാണില്ല
അവളുടെ ശബ്ദം ഇനിയും കേൾക്കില്ല
അവൾ എല്ലാം കൊണ്ടുപോയിരിക്കുന്നു.

ഒട്ടേറെ പ്രതീക്ഷകളുമായിട്ടാണ് ഇരുപ്പത്തിയെട്ടു വർഷത്തെ കുവൈറ്റ് ജീവിതം അവസാനിപ്പിച്ചു നാട്ടിൽ എത്തിയത്.
മകളുടെ കല്യാണം
രുഗ്മിണിയുടെ കൂടെ ഇനിയുള്ള കാലം സുഖമായി കഴിയുക.
നാട്ടിലെത്തി
രണ്ടു മാസം സുഖമായി ജീവിച്ചു .
ഒരു ദിവസം രാവിലെ അവൾ പറഞ്ഞു
” ചേട്ടാ , കുറച്ചുദിവസമായി എന്റെ തൊണ്ടയിൽ വേദന തോന്നുന്നു , ഭക്ഷണം ഇറക്കാൻ പറ്റുന്നില്ല ”
പേടി തോന്നി .
അടുത്തുള്ള ആശുപത്രിയിൽ പോയി .
ഡോക്ടർ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചപ്പോൾ മനസ്സ് തളർന്നു.
” ദാസൻ , ഒരു കാര്യം പറഞ്ഞാൽ തങ്ങൾ വിഷമിക്കരുത് , നിങ്ങളുടെ ഭാര്യക്ക് അന്നനാളത്തിൽ കാൻസർ ആണ്. അഞ്ചു വര്ഷം പഴക്കമുണ്ട് എന്താ കൊണ്ടുവരാൻ താമസിച്ചത്.ഇത് അവസാന ഘട്ടമാണ് .”
ഡോക്ടർ ദേഷ്യപ്പെട്ടു
അവൾ ഞങ്ങളുടെ സുഖത്തിനു വേണ്ടി അവളുടെ വേദനകൾ മാറ്റിവെച്ചു.
ഒത്തിരി വഴക്കു പറഞ്ഞു എല്ലാം മറച്ചുവെച്ചതിനു
അവൾ ചിരിച്ചുകൊണ്ട് കരഞ്ഞു .
അവളോട് കാര്യം പറഞ്ഞു
ഒന്നും പറഞ്ഞില്ല
മരുന്നുകൾ കഴിച്ചുകൊണ്ടിരുന്നു .

“നമ്മുടെ മകളുടെ കല്യാണം കാണാൻ കൊതിയുണ്ട്,” അവൾ പറഞ്ഞു
സർക്കാർ ജോലിയുള്ള പയ്യനെ കിട്ടി.
ഒറ്റ മകൻ
മകളുടെ കല്യാണം കഴിഞ്ഞു.
അവൾ കരഞ്ഞു കൊണ്ട് ചിരിച്ചു .
ഒരുദിവസം അവൾ പറഞ്ഞു
“നമ്മുടെ അനുപ് അവധിയെടുത്തു ദുബായിൽ പോകുന്നു .”
“നമ്മുടെ മകളുടെ ജീവിതവും നമ്മുടെ പോലെ ആകുമോ ”
” പത്തു മാസത്തെ ദാമ്പത്യം അതല്ലെ ചേട്ടാ നമ്മുടെ ജീവിതം”
രുഗ്മിണി കരഞ്ഞു കൊണ്ട് കരഞ്ഞു .
പിന്നിലോട്ടു തിരിച്ചുപോകാൻ കഴിയില്ലലോ , കാലം താഴിട്ടു പൂട്ടിയ വാതിലുകൾ.
ഇന്നലെ പെട്ടെന്ന് രോഗം കൂടി
ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയിൽ അവൾ പറഞ്ഞു
“എനിക്ക് വലതും പറ്റിയാൽ ചേട്ടന് ആരുമില്ലലോ ”
“ഒന്നും സംഭവിക്കില്ല” അവളുടെ കൈ നെഞ്ചോട് ചേർത്ത് അയാൾ പറഞ്ഞു.
സംഭവിച്ചു
രാത്രിയോട് നില ഗുരുതരമായി
പിന്നെ ……

ഓർമകളിൽ നിന്നും ഞെട്ടിയുണർന്നു .
എങ്ങും ശൂന്യത
ഒറ്റപ്പെടൽ
ആർക്കോ വേണ്ടി നശിപ്പിച്ച ജീവിതം
എന്റെ രുഗ്മിണി , എന്റെ ഭാര്യ ഇന്നില്ല
ഇന്നലെ ഉണ്ടായിരുന്നു ,അവളെ സ്നേഹിക്കാൻ പറ്റിയില്ല
നാളെ അവളില്ല.
എന്റെ രുഗ്മിണിയില്ല
ഉറക്കെ കരയാൻ തോന്നി
വാതിലുകൾ അടച്ചു കട്ടിലിൽ കിടന്നു . അടുത്ത വീട്ടിലെ ടീവിയിൽ നിന്നും അവൾക്കിഷ്ടപെട്ട പരമ്പരയുടെ സംഗീതം.അയാളെ
ഒരു ചെറിയ മയക്കത്തിലേക്ക് തള്ളിവിട്ടു .
ആ മയക്കത്തിൽ രുഗ്മിണിയുടെ കൈ പിടിച്ചു വൃദ്ധസദനത്തിലേക്കു കയറിപ്പോകുന്ന ദാസനെ അയാൾ കണ്ടു .

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here