ട്രെയിൻ സ്റ്റേഷനിലേക്ക് വരുന്നു എന്ന അനൗൺസ്‌മെന്റ് കേട്ടപ്പോഴേ ആളുകൾ തിക്കി തിരക്കാൻ തുടങ്ങിയിരുന്നു.വണ്ടി സ്റ്റേഷനിൽ വന്നു നില്ക്കാൻ പിന്നെയും പത്തുമിനിറ്റ് സമയമെടുത്തു. ആളുകൾ മുൻപിൽ കാണുന്ന ഏതെങ്കിലും കമ്പാർട്മെന്റിൽ കയറിപറ്റാൻ തിക്കി തിരക്കിക്കൊണ്ടിരുന്നു.മണിക്കൂറുകളോളം കാത്തിരിക്കുകയായിരുന്നു അവർ. ആളുകളുടെ ആരവം
നോക്കി ആൾക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്നു വൃദ്ധൻ,എല്ലാം നോക്കി ആസ്വദിച്ചുകൊണ്ട് ,എന്നാൽ മ്ലാനമായ മുഖത്തോടെ.
വൃദ്ധന്റെ പുറകിൽ നിന്നിരുന്ന ചെറുപ്പക്കാരൻ ആ നിൽപ്പുകണ്ട് പറഞ്ഞു “വല്യപ്പാ,കയറിക്കോളൂ,ഇത് ലാസ്റ്റ് വണ്ടിയാ.”അപ്പോഴും അയാൾ ആളുകളെ ശ്രദ്ധിച്ചുകൊണ്ട് വണ്ടിക്കുള്ളിൽ കയറാനുള്ള യാതൊരു ശ്രമവുമില്ലാതെ നിന്നതേയുള്ളൂ..
“നോക്കി നിൽക്കാതെ കയറിക്കോളൂ”
അയാൾ ചിരിച്ചു,
അല്ല അത് ചിരിയല്ലല്ലോ.ഒരുതരം ഇതുവരെ കണ്ടിട്ടില്ലാത്ത അപരിചിതമായ ഒരു ഭാവം ആയിരുന്നു അത്.ചെറുപ്പക്കാരൻ എന്തുകൊണ്ടെന്നറിയില്ല,ചിലപ്പോൾ സഹതാപം തോന്നിയിട്ടാകണം,ആ മനുഷ്യനെ തള്ളി ട്രെയിനിന്റെ വാതിൽക്കൽ വരെ എത്തിച്ചു,എന്നിട്ടു പറഞ്ഞു “കയറൂ.ഈ സ്റ്റേഷനിൽ ഇനി ട്രെയിൻ വരില്ല.അവസ്സാനത്തെ വണ്ടിയാണ്.”
“അവസാനത്തെ വണ്ടിയോ?”
“അതെ ഇനി ഇവിടെ വണ്ടി വരില്ല.”
വൃദ്ധൻ ചോദ്യ ഭാവത്തിൽ ആ ചെറുപ്പക്കാരനെ നോക്കി.എന്നിട്ടു ചോദിച്ചു,”അവസാനത്തെ വണ്ടി എന്നാണോ പറഞ്ഞത് “?
” ഈ വണ്ടിയിൽ കയറിയില്ലങ്കിൽ ഇനി വേറെ വണ്ടിയില്ല.നാളെ കാലത്തു ഈ സ്റ്റേഷൻ ഇവിടെ ഉണ്ടാകില്ല.”
ആശ്ചര്യപരതന്ത്രനായി വൃദ്ധൻ യുവാവിന്റെ മുഖത്തേക്ക് നോക്കി.അക്ഷമരായി പുറകിൽ നിൽക്കുന്നവർ വിളിച്ചു പറഞ്ഞു, “ഒന്നുകിൽ കയറൂ,അല്ലെങ്കിൽ മാറി നിൽക്കൂ.”
“കണ്ടില്ലേ, അവിടെ രണ്ടു മലകൾ ഉയർന്നു നിൽക്കുന്നത്?അവിടെ പണിത അണക്കെട്ടു കമ്മീഷൻ ചെയ്യാൻ പോകുവാ.അപ്പോൾ ഇവിടെ വെളളം കയറും.നാളെ ഈ സ്റ്റേഷൻ പൊളിക്കും.പൊളിയാത്തതു തകർക്കും.”
“എല്ലാം തകർക്കാൻ കഴിയുമോ?വെള്ളത്തിനടിയിൽ ഒരു റെയിൽവേ സ്റ്റേഷൻ ഉള്ളതു നല്ലതല്ലേ?”
“മീനുകൾക്ക് ഒരു റെയിൽവേ സ്റ്റേഷൻ.?”
“നാളെ എന്റെ ജന്മദിനമാണ്. അറുപത്തി അഞ്ച് വയസ്സ്….. “
“വല്യപ്പാ,നാളേക്ക്, ഇന്നേ ഞാൻ ഒരു ഹാപ്പി ബർത്‌ഡേ പറയട്ടെ?”
“വേണ്ട,നാളെ ഞാനില്ല.ഞാൻ ഞാൻ അല്ലാതെ ആകുന്ന ദിവസമാണത്.”.
ചെറുപ്പക്കാരൻ ഒന്നും മിണ്ടിയില്ല.
“എന്താണെങ്കിലും ഉപേക്ഷിച്ചു പോകാൻ മനസ്സ് അനുവദിക്കുന്നില്ല.”
“എവിടെ മക്കൾ ?
“അവർ ഉറങ്ങുന്നു.അവരെ ഉണർത്തണം ”
ഈ മനുഷ്യന് എന്തെങ്കിലും തകരാറു കാണും .പരസ്പര ബന്ധമില്ലാതെ ഇങ്ങനെ സംസാരിക്കുന്നത് അതുകൊണ്ടായിരിക്കും.
“അറുപത്തി അഞ്ചു വർഷങ്ങൾ ”.
വൃദ്ധൻ നിശബ്ദനായി.പുറകിൽ നിന്ന് ആളുകൾ വിളിച്ചു പറഞ്ഞു,”ഒന്നുകിൽ വണ്ടിയിൽ കയറൂ,അല്ലെങ്കിൽ വാതിൽക്കൽ നിന്നും മാറി നിൽക്കൂ”.
ജനം ലൊട്ടുലൊടുക്ക് സാധനങ്ങളുമായി എങ്ങിനെയും വണ്ടിയിൽ കയറി പറ്റാൻ ശ്രമിക്കുകയാണ്.അതിനിടക്ക് പ്രതിബന്ധമായി നിൽക്കുന്ന വൃദ്ധനെയും ചെറുപ്പക്കാരനെയും ദേഷ്യത്തോടെ നോക്കി. യുവാവിന് സഹതാപം തോന്നി.ഈ വൃദ്ധൻറെ മനസ്സിന്റെ സമനില തെറ്റിയിരിക്കുന്നു.വേണമെങ്കിൽ ഇയാളെ ഇവിടെ ഉപേക്ഷിച്ചു തന്റെ വഴിക്കുപോകാം.എങ്കിലും എന്തുകൊണ്ടോ മനസ്സ് അനുവദിക്കുന്നില്ല.
അയാളെ താങ്ങി വണ്ടിയിൽ കയറ്റുവാൻ ശ്രമിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു,”ചെറുപ്പക്കാരാ ,കാത്തുനിൽക്കാതെ പൊയ്ക്കൊള്ളുക.ഇത് അവസാനത്തെ വണ്ടിയാണന്ന് അല്ലെ പറഞ്ഞത്?
“അതെ:”
“ചൂളം വിളി കേൾക്കുന്നു.ഇനി സമയമില്ല.”
ചെറുപ്പക്കാരൻ വണ്ടിയിൽ കയറി.
അവസാനത്തെ വണ്ടി.
യാത്രക്കാർ സഹതാപത്തോടെ വൃദ്ധനെ നോക്കി.
അതെ ആ ചെറുപ്പക്കാരൻ തന്നെ വിളിച്ചത് വല്യപ്പൻ എന്നാണല്ലോ?
ഇനി ഒരു വണ്ടി വരില്ല?
ഇല്ല,അവസാനത്തെ വണ്ടിയും പോയിക്കഴിഞ്ഞരിക്കുന്നു.
വൃദ്ധൻ തന്നെത്താൻ പറഞ്ഞു,ഞാൻ ഞാനല്ല.പിന്നെ എന്തിന് വണ്ടിയിൽ കയറണം?