എനിക്കറിയാം
ഈ പടർപ്പിനുള്ളിൽ
പ്രേതങ്ങൾ നിവസിക്കാത്തൊരു
മന്ദിരമുണ്ടെന്ന്
ആകാശച്ചെരുവിൽ
ആഴക്കടലിനു തൊട്ടുമുകളിൽ
നീ കാത്തിരിക്കുന്നതെന്നെ മാത്രമാണെന്നും എനിക്കറിയാം
ഇന്ന് നിന്റെ മിഴിയിറമ്പിൽ മഴയിരമ്പുമ്പോൾ
നിനക്ക് വഴി പിണങ്ങുമ്പോൾ
കനിവറിഞ്ഞെൻ കരം പിടിക്കുകെന്നോ നിന്റെ കരിഞ്ഞ പൂമാലയെനിക്കു നൽകുകെന്നോ
ഞാൻ പറയേണ്ടതാണ്
പക്ഷേ,
പുഴയൊഴുകുന്നത് തീരം തേടിയല്ല,
വാക്കിനും വിരാമത്തിനുമിടയ്ക്ക്
ദൈവം മനപ്പൂർവ്വം മറന്നുവെച്ച വിള്ളലിലേക്ക്
ഒഴുകി നിറയാനാണ്
അവളുടെ വിധി
പ്രണയം പോലെ
(1999)