ലഹരി
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല
നിലാവത്തും രാത്രിമഴയത്തും
സ്വല്പം പോർട്ട് വൈൻ സേവ!
സ്വച്ഛന്ദലഹരിയില്‍നിന്നൊന്ന്
തെന്നിമാറാനാണത്. അല്ലെങ്കിൽ
അവധിയെടുക്കാൻ.
അന്യഥാ മനുഷ്യന്റെ നേർവാറ്റില്‍
ഒരു വിശ്വാസവുമില്ല.
സൺഫ്ലവർ
കോലായപ്പുറത്ത്
കണ്ടു മറന്ന ഒരു ബാല്യകാലസ്വപ്നം പോലെ
സൂര്യകാന്തിച്ചെടിയുടെ പച്ചപ്പര്‍ദ്ദ.
കുഞ്ഞിവീടിനു കണ്ണ് കൊള്ളാതിരിക്കാൻ
ഒരിക്കൽ അച്ഛൻ നട്ട സൂര്യകാന്തി.
പണ്ടൊക്കെ അത് പൂക്കാറുണ്ടായിരുന്നു.
സൂര്യകാന്തിപ്പൂവിന്റെ മത്തുപിടിക്കുന്ന
മണത്തിൽ ഞാൻ എന്നെത്തന്നെ
മറന്നുപോകുമായിരുന്നു.
കൂട്ടുകാർ, “എടാ, സൂര്യാക്രാന്തിമോനെ!”
എന്ന് വിളിച്ചു എന്നെ കളിയാക്കുമായിരുന്നു.
കൂടെ പഠിച്ചവളോട് പരിചയപ്പെടുത്തിയത്
ഇങ്ങനെയായിരുന്നു :
കപ്പാലത്തിനു വലതു വശത്തു സൂര്യകാന്തിച്ചെടിയുടെ
പച്ചപ്പര്‍ദ്ദയുള്ള കുഞ്ഞുവീടില്ലേ, അതാ എന്റെ വീട്. വെള്ളിയാഴ്ച
ഉച്ചയ്ക്ക് വാ. കുട്ടിക്കൊരു സൂര്യകാന്തിപ്പൂ കടം തരാം.
മുന്നിലൊരു മണിമേട
നില മൂന്നുയര്‍ത്തിയപ്പോള്‍
സൂര്യന്‍ വീട്ടിലേക്ക് വരാതെയായി;
എന്റെ സൂര്യകാന്തി പൂക്കാതെയുമായി.
ഗുണനം
ചെമ്പാവരിച്ചോറ്
മറുനാട്ടിലായിപ്പോയില്ലേ;
നാട്ടിലേക്കുള്ള ദൂരത്തെ
രണ്ടുകൊണ്ടു ഗുണിക്കാം.
തിരിച്ചു പോകരുതെന്ന്
പല വട്ടം കാതിലടക്കം
പറഞ്ഞവള്‍തന്നെവേണം ഒടുക്കം
വാഴയില മുറിച്ചു വാട്ടാൻ.
രണ്ടര ദിവസം തീവണ്ടിയിൽ
അവളുടെ കൈപ്പുണ്യത്തിന്റെ പൊതിച്ചോറുണ്ണാം.
പുളിയോദരച്ചോറിനു കാച്ചിയ മോരും
നെല്ലിക്ക അച്ചാറും കയ്പക്കകൊണ്ടാട്ടവും
നെല്ലിക്ക
പിന്നെ മധുരിക്കും.
ആദ്യരാത്രിയുടെ പുളകസ്മൃതി പോലെ.
കയ്പ്പക്ക
പിന്നെയും കയ്ക്കും.
വിരഹം പോലെ ആവർത്തനവിരസമായ ജീവിതം പോലെ
പിന്നെയും പിന്നെയും.
ഇറങ്ങാതെ പടിയിറങ്ങുമ്പോൾ
അകലത്തെ വീണ്ടും
രണ്ടുകൊണ്ടു ഗുണിക്കാം!
ലഹരിയും സൺ ഫ്ലവറും ഗുണനവും ചേർന്ന അക്ഷരക്കൂട്ടങ്ങളിൽ തെളിഞ്ഞു വരുന്ന മനുഷ്യർ… അവരുടെ ചെറു ചലനങ്ങളിൽ നിർമ്മിക്കുന്ന ആശയ ലോകം സൗമ്യവും മധുരവും ദീപ്തിവും ആണ്. അച്ഛൻ ഒരു കരുതൽ മാത്രമല്ല കപടതയില്ലായ്മ കൂടി ആണെന്ന് പറയാൻ സ്ഥാപിക്കാൻ കവിക്ക് ഒരു സൂര്യകാന്തി പൂവ് മതി. ആദ്യ പ്രണയം പറയാനും സൂര്യകാന്തി പൂവ് തന്നെ. പ്രവാസിയുടെ വ്യാകുലതകൾ ഗുണനം ചെയ്തു കവി ജീവിതത്തിന്റെ ഉത്തരം അന്വേഷിക്കുന്നു. പ്രവാസിയെ പറഞ്ഞു അയക്കുന്ന ഭാര്യ സൗമ്യമായ വേദനയാണ്. തിളങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ കഥയുണ്ടാക്കുന്ന കവിതകൾക്ക് നമോവാകം