ലക്ഷപ്രഭു

lakshaprabhu

 

പള്ളിക്കടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നാണ് അശോകന് ആ ബാഗ് കിട്ടിയത്. തുറന്ന് നോക്കിയപ്പോള്‍ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍.

കൂടുതലൊന്നും ആലോചിക്കാതെ സ്ഥലം കാലിയാക്കിയ അയാള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അംഗീകൃതവും അല്ലാത്തതുമായ വഴികളിലൂടെ ആ നോട്ടുകെട്ടുകളെ വെളുപ്പിച്ച് കുട്ടപ്പനാക്കി. ലോട്ടറി കച്ചവടവും അല്ലറ ചില്ലറ സ്ഥലമിടപാടുകളും ഉണ്ടായിരുന്നത് കൊണ്ട് അയാള്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

വയസ് നാല്‍പ്പത് കഴിഞ്ഞെങ്കിലും കുടുംബ പ്രാരാബ്ധങ്ങള്‍ കാരണം അവിവാഹിതനായി തുടരുകയായിരുന്ന അശോകന്‍ ഇഷ്ടപ്പെട്ട പെണ്ണിനോട് മനസ്സില്‍ ഒളിപ്പിച്ചിരുന്ന സ്നേഹം തുറന്ന് പറയാനും മടിച്ചില്ല. അവളുടെ സമ്മതം കൂടി കിട്ടിയതോടെ അയാള്‍ വീട് പുതുക്കി പണിയാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിനായി വാസുദേവന്‍ മേസ്ത്രിക്ക് അഡ്വാന്‍സും കൊടുത്തു മടങ്ങുമ്പോഴാണ് ഒരു പോലിസ് ജീപ്പ് അയാള്‍ക്ക് മുന്നില്‍ സഡന്‍ ബ്രേക്കിട്ടത്. വന്നത് കേരള പോലിസല്ലെന്നും കര്‍ണ്ണാടകയാണെന്നും കണ്ണടച്ച് തുറക്കും മുമ്പ് അശോകന് മനസിലായി.

കാസര്‍ഗോഡ്‌ ടു ബെല്ലാരി, മംഗളൂരു ടു മൈസൂര്‍ റൂട്ടില്‍ പൊലിസിന്‍റെ ഷട്ടില്‍ സര്‍വിസിന്‍റെ ഭാഗമായതോടെ അയാള്‍ക്ക് ഒരു കാര്യം മനസിലായി. ദക്ഷിണ കന്നഡയിലെ ഏതോ ഒരു വലിയ നേതാവിനെ കൊലപ്പെടുത്തിയതിന് പകരമായി കൊട്ടേഷന്‍ സംഘത്തിന് കൈമാറിയ പണമാണ് അന്ന് അയാള്‍ക്ക് കിട്ടിയത്. പോലിസ് പിടിയിലാകുമെന്ന് കണ്ട് അവര്‍ ആരെങ്കിലും ഒളിപ്പിച്ചു വച്ചതായിരിക്കും അത്. പക്ഷെ നോട്ടിന്‍റെ നമ്പര്‍ പിന്തുടര്‍ന്ന് പോലിസ് എത്തിയത് അശോകനിലേക്കായിരുന്നു എന്ന് മാത്രം. അയാള്‍ക്ക് നേരത്തെ അല്ലറ ചില്ലറ തട്ടിപ്പുകള്‍ ഉണ്ടായിരുന്നു എന്നു കൂടി അറിഞ്ഞതോടെ പോലിസ് പിന്നെയൊന്നുമാലോചിച്ചില്ല.

കൊലപ്പെടുത്താന്‍ ഏല്‍പ്പിച്ചവര്‍ രാജ്യം വിടുകയും കൊലപ്പെടുത്തിയവര്‍ ഇരുട്ടിലുമായതോടെ പോലിസ് സംരംക്ഷണത്തിലായി അശോകന്‍റെ ജീവിതം. കൂടെക്കൂടെയുള്ള കന്നഡ നാട്ടിലെ യാത്രകളെ കുറിച്ച് ഒരു പുസ്തകം എഴുതാനുള്ള ആലോചനയിലാണ് ഇപ്പോള്‍ അദ്ദേഹം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here