ലഹരി

 

 

 

 

 

 

അറിവിന്‍റെയഴകറ്റ ബാല്യമേ നിന്നെയോര്‍-

ത്തുരുകുന്നിതമ്മമാരെത്രയേറെ..

ഇനിയില്ല ഹൃത്തില്‍ തുളച്ചിറങ്ങും കൂര്‍ത്ത

മുനയുള്ള ദുഃഖങ്ങളൊട്ടു വേറെ ..

മിഴികളില്‍ വജ്രത്തിളക്കം കൊഴിഞ്ഞു പോ-

യലയുന്ന യൗവ്വനത്താരങ്ങളേ..

അറിയുവിന്നഴലിന്‍റെ സിന്ദൂരമേന്തി-

പ്പിടഞ്ഞു തീരും നേര്‍ത്ത മോഹങ്ങളെ !

കൂന്തല്‍ക്കറുപ്പിന്‍റെ കാലമാം ശീലയില്‍

വെള്ളിനൂല്‍ തുന്നിയ വാര്‍ധക്യമേ ..

ഒത്തിരി ദൂരമില്ലിത്തിരിച്ചിന്തിയ്ക്ക

മാറേണ്ട ഭൂമിയ്ക്കു ഭാരമായ് നീ

എരിയുന്നു ജീവിതം ഇരുവിരല്‍ ബന്ധിച്ച

പുകയിലച്ചുരുളിന്‍റെയോരറ്റമായ്..

പ്രാണന്‍റെ വായുവിന്നിറ്റിനായ് കേഴുന്നു

അര്‍ബുദം പടരുന്ന ശ്വാസനാളം

ശോഷിച്ചുണങ്ങിയിപ്പീടികത്തിണ്ണയില്‍

കൂനിയിരിയ്ക്കുന്നു ജീവന്‍ പുകയ്ക്കുവോര്‍,

കൊക്കിക്കുരച്ചും കടും ചോര തുപ്പിയും

ശേഷിച്ച കാലം കഴിച്ചുകൂട്ടുന്നവര്‍..

വേറെച്ചിലരുണ്ടു വേര്‍പ്പു കൊടുത്തു

ലഹരിക്കലര്‍പ്പിന്‍ വിഷം വാങ്ങിയുണ്ണുവോര്‍

അന്ധത ചൂടിയ കണ്ണുകള്‍ക്കറിവില്ല

പെറ്റമ്മയാര് ……?

കൂടെപ്പിറന്നൊരപ്പെങ്ങളാര് …?

സഭ്യത തെറ്റിയ വാക്കുകള്‍ ചര്‍ദ്ദിലായ്

കോരിക്കമഴ്ത്തുന്ന ശാപജന്മങ്ങള്‍ ..

അജ്ഞത പേറുന്ന ലോകമേ നിന്നിലി-

ന്നെത്ര പാഴ്ജീവിതം ബാക്കി നില്പൂ..

വര്‍ജ്ജിക്ക നിന്നിലെ ലഹരിക്കൊഴുപ്പുകള്‍

ഉണരട്ടെ ജീവന്‍റെ സ്പന്ദനങ്ങള്‍ !!!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here