കുഴിയെത്രയുണ്ടെന്ന് ചോദിച്ചാൽ
പയർ മുന്നാഴിയെന്നുത്തരം
ഒരു കുന്നിന് ഒരു കുഴി
ഒരു റോട്ടിൽ നൂറ് കുഴി
മറ്റൊരു റോഡിൽ ആയിരം കുഴി
കുഴിയെത്രയുണ്ടായാലും
എനിക്കും കിട്ടണം കിഴി
കുഴി നോക്കിയോടിച്ചാൽ
കാണേണ്ട . ശവക്കുഴി
മിന്നൽവേഗത്തിൽ ഓട്ടുന്നോർക്ക്
വേഗബ്രേക്കർ വാരിക്കുഴി
മഴ ചെയ്ത കുറ്റത്തിനല്ലോ താൻ
പഴി കേൾക്കുന്നുവെന്ന് മന്ത്രിപുംഗവൻ
സവാരി ഗിരി ഗിരിയായാൽ പോരെ
വെറുതെ,യെന്തിനെണ്ണണം കുഴി
ഒരുത്തനപരനുവേണ്ടി കുഴിച്ചുവെച്ചതിലതാ വീണ് പൊട്ടുന്നു
മറ്റൊരപരന്റെ എല്ലുകൾ
ഇതിനെന്ത് ആദി
ഇതിനുണ്ടോ അന്തം
ചിലർ കാണുന്നു കുഴിയിൽ വേദാന്തം