മറവി തിന്നുതീർത്ത
കുട്ടിക്കാലത്തിന്റെ
താളുകൾക്കിടയിലും
തിന്നാതെ ബാക്കി വെച്ച
ചില അക്ഷരക്കൂട്ടുകളുണ്ട്.
മയിൽപ്പീലിക്കഷ്ണങ്ങൾ
മാനം കാണിക്കാതെ
തുറന്നു നോക്കിയതും
ചെറുവിരൽ വലിപ്പത്തിലുള്ള
സ്ലേറ്റ് പെൻസിൽ
കടിച്ചു പൊട്ടിച്ച്
മയിൽപ്പീലിക്ക് വേണ്ടി
കൂട്ടുകാരന് കൊടുത്തതും.
കണക്കു മാഷ് വരാതിരിക്കാൻ
നേർച്ചപ്പെട്ടിയിൽ
പത്തു പൈസയിട്ടതും
അടികിട്ടാതിരിക്കാൻ
സത്യപ്പുല്ലിന്റെ ഇല രണ്ടായി മുറിച്ച്
നാക്കിനിടയിൽ ഒളിപ്പിച്ച് വെച്ചതും.
എ ക്ലാസും ബി ക്ലാസും
പന്തുകളിച്ചാൽ
ബി ക്ലാസ് മാത്രം ജയിച്ചതും
വീരപ്പന്റെ തലയുടെ വില കേട്ട് ഞെട്ടി
സ്ലേറ്റിൽ തലയില്ലാത്ത
വീരപ്പനെ വരച്ചു വെച്ചതും.
കാലൻ കുട കൊണ്ട്
കലിയൻ പോകുന്നതും കാത്ത്
കർക്കിടത്തിന്റെ
മഴയെ തോൽപ്പിച്ചതും
പുസ്തകത്തിനിടയിൽ വെച്ച
ഇലമുളച്ചിയില മുളക്കാതെ
കരിഞ്ഞു പോയതും.
വെള്ളത്തിന് മുകളിലോടുന്ന
എഴുത്തച്ഛനെ പിടിക്കാൻ
ചെളിവെള്ളം തേവി വറ്റിച്ചതും
മൂക്കിന് മുകളിൽ
നൂറ് വട്ടം ചൂണ്ടുവിരൽ കൊണ്ട്മാന്തി
ദൈവത്തെ കാണാൻ കാത്തിരുന്നതും…….