കൊടുങ്കാറ്റിന്
സംഹാരശക്തി കൊടുത്തത്
അടിച്ചു വീശുന്നതിന് മുമ്പുള്ള
ശാന്തതയായിരുന്നു.
അഗ്നിക്ക്
തിളക്കവും താപവും കൂട്ടിയത്
ആളിക്കത്തുന്നതിന് മുമ്പുള്ള
പുകച്ചിലായിരുന്നു.
പ്രളയത്തിന്
കുത്തൊഴുക്കിന്റെ ബലം കൊടുത്തത്
മാനത്തിന്റെ നിശ്ശബ്ദമായ
കണ്ണീർ പെയ്ത്തായിരുന്നു.
പ്രണയത്തിന്
തീവ്രത നൽകിയത്
സംഗമത്തിന് മുമ്പുള്ള
വിരഹമായിരുന്നു.
ചങ്ങലക്കണ്ണികൾക്ക്
ഉറപ്പ് നൽകിയത്
ബന്ധനത്തിന് മുമ്പുള്ള
സ്വാതന്ത്ര്യമായിരുന്നു.
വാർധക്യത്തിന്
നിരാശകൊടുത്തത്
തൊട്ടുമുമ്പിലെ
ബാല്യവും യുവത്വവുമായിരുന്നു.
സ്വപ്നങ്ങൾക്ക്
വർണ്ണം കൊടുത്തത്
ഉറക്കത്തിന് മുമ്പുള്ള
യാഥാർത്ഥ്യങ്ങളായിരുന്നു.
അധികാരത്തിന്
അഹങ്കാരം നൽകിയത്
പ്രജകളുടെ
മൗനമായിരുന്നു.
നിന്റെയും എന്റെയും
മൗനമായിരുന്നു.