ബ്രാഹ്മണ പൂജാരി രാജകുമാരിക്കും കുതിരക്കും സിന്ദൂരം ചാർത്തിക്കൊടുത്തു. അവർ അഗ്നികുണ്ഡത്തെ വലം വെച്ചു. കുല ദേവതയുട അനുഗ്രഹം വാങ്ങി. അവരിരുവരും രാജകൊട്ടാരത്തിന്റെ നടുക്കളത്തിലേക്ക് നീങ്ങി.
ഇപ്പോഴാണ് കുതിരക്ക് കുറച്ചു ബോധം ഉദിച്ചത്. ഇനിയങ്ങോട്ട് ജീവിതകാലം മുഴുവൻ രാജകുമാരി എന്നോടൊത്ത് ഉണ്ടാകും. ഇത്രയും കാലം തനിച്ചുള്ള ജീവിതം മടുത്തിട്ടാണല്ലോ ഞാൻ ഇതിന്ന് സമ്മതിച്ചത്. ഒന്ന് മിണ്ടാനോ, സുഖവിവരങ്ങൾ അന്വേഷിക്കാനോ എനിക്കാരും ഇല്ലായിരുന്നു. ഏകാന്തത ഒരുപാട് അനുഭവിച്ചു. ഏകാന്തത ഏറ്റവും ഭയാനകമാണെന്ന് കുതിര ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകാന്ത അകറ്റാൻ വേണ്ടി പലതും പരീക്ഷിച്ചു. ഒന്നിലും വിജയം കാണാൻ പറ്റിയില്ല. ഭക്ഷണവും ഉറക്കവുമാണ് ജീവിതമെങ്കിൽ മൃഗശാലയിലുള്ള മൃഗങ്ങൾ സന്തോഷത്തിൽ അല്ലെ ജീവിക്കേണ്ടത്. എന്നാൽ അവരുടെയൊക്കെ മുഖത്തു എന്നും ദുഃഖമാണെല്ലോ കണ്ടിട്ടുള്ളത്. അവർക്ക് പാർപ്പിടവും ഭക്ഷണവും കൊടുത്തിട്ടും അവർ ദുഖിതരാണ്. കാരണം എന്നും അവർ ബന്ധനത്തിലാണ് .
നാം വീട്ടിൽ വളർത്തുന്ന പശുക്കൾ ബന്ധനത്തിലാണെങ്കിലും അവർ സന്തോഷത്തിലാണ്. കുതിര കാരണങ്ങൾ ചിന്തിച്ചു. പശുക്കളെ സമയം വെച്ച് പരിപാലിക്കാൻ ആളുണ്ട് അവർക്കും രാജകുമാരിമാർ കൂടെയുണ്ട്. അവർ ഇടക്കൊക്കെ തലോടുന്നു. കൊഞ്ചിക്കുന്നു. ഉമ്മ കൊടുക്കുന്നു. പ്രതിഫലമായി തന്റെ കുഞ്ഞിന്ന് അർഹതപ്പെട്ട പാൽ കൊടുത്താൽ മതി. പാലിന്ന് പകരമായി മറ്റു ആഹാരങ്ങൾ തന്റെ കുഞ്ഞിന്ന് അവർ കൊടുക്കുന്നുണ്ട്. മാത്രമല്ല തന്റെ ഗർഭകാല ശുഷ്രൂഷയും ഒരു മടിയും കൂടാതെ അവർ ചെയ്തു കൊടുക്കുന്നു.
ഇതൊക്ക കൊണ്ടാവാം പശുക്കള്‍ ബന്ധനത്തിലാണെങ്കിലും അവർ സന്തോഷത്തോടെ ജീവിക്കുന്നത്. ഒരു കണക്കിനു പശുക്കൾ ഭാഗ്യവാന്മാരാണ്. ആരുടെയും ഭാരം ചുമക്കേണ്ട. ആരെയും ഭയപ്പെടേണ്ട.
കുതിര പല കാര്യങ്ങളും ഓർത്തു. രാജ സദസ്സിലാണ് നില്‍ക്കുന്നതെന്ന കാര്യം കുതിര മറന്ന് പോയെന്ന് തോന്നുന്നു.
ജാതക പൊരുത്തം, കുലമഹിമ, എല്ലാം നോക്കിയിട്ടാണല്ലോ രാജകുമാരിയെ എന്നോടൊത്ത് സവാരി രാജാവ് കല്പന പുറപ്പെടുവിച്ചത് ഇനിമുതൽ അവരുടെയിടയിൽ രാജകീയ സ്ഥാനമാണ് എനിക്ക്. കുതിര മനക്കോട്ടെ കെട്ടാൻ തുടങ്ങി. രാജകീയ ഭക്ഷണം, രാജകീയ താമസം, പരിപാലിക്കാൻ കുറേ ആളുകൾ. കുതിര പരിസര ബോധം മറന്നെന്നു തോന്നുന്നു. ഏതോ മുന്ജന്മ ഫലത്തിന്റെ ഫലമായാണ് തനിക്ക് രാജകുമാരിയെ കിട്ടിയത്.
രാജാവും മന്ത്രിമാരുമൊക്ക രാജകുമാരിയുടെ പിറകിൽ നിൽപ്പുണ്ട്. കുതിര സ്വയം മറന്ന് സന്തോഷിക്കുകയാണ്. കുതിരക്ക് സ്വബോധം നഷ്ടപ്പെട്ടു. രാജാവ് കുതിരയെ അനുഗ്രഹിച്ചു. തുടർന്ന് രാജപത്നി കുതിരയെ തലോടികൊണ്ട് പറഞ്ഞു. മകളെ ഒരാപത്തും വരുത്താതെ അവളുടെ ആഗ്രഹത്തിന്ന് അനുസരിച്ച് സവാരി നടത്തണമെന്ന്.
തുടർന്ന് മന്ത്രിമാർ, മറ്റുള്ളവർ എല്ലാവരും കുതിരയെ അനുഗ്രഹിച്ചു. കുതിര ഒരു ഭാവവ്യത്യാസവുമില്ലാതെ ഒരേ നിൽപ്പാണ്.
കുതിരയുടെയും രാജകുമാരിയുടെയും ഇടതും വലതും വശത്തായി രാജാവും പത്നിയും കുറച്ചു നേരം നിന്നു. ആ സമയത്ത് കുതിരയുടെ മുഖത്തു അഹങ്കാരഭാവം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു . രാജകുമാരിയുടെ മുഖത്തു സന്തോഷവും.
കുതിര പരിസരബോധം വീണ്ടെടുത്തു. ചുറ്റും നോക്കി. രാജാവും പരിവാരങ്ങളും ചുറ്റിലും ഉണ്ട്. കുറച്ച് അകലെ രാജാവിന്റെയും മന്ത്രിമാരുടെയും കുതിരകൾ നിൽപ്പുണ്ട്. ആ കുതിരകളുടെ മുഖത്തൊന്നും സന്തോഷം കാണുന്നില്ല കുതിര ചിന്തിച്ചു. ചില കുതിരകളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നുണ്ട്. ഇതൊക്ക കണ്ടിട്ട് കുതിരക്ക് ഒരു സഹതാപവും തോന്നിയില്ല. രാജ പത്നിയിൽ മകളെ കുറിച്ചുള്ള വേവലാതി കുതിര കണ്ടു. അതിനുള്ള കാരണങ്ങൾ കുതിരക്കറിയില്ലായിരുന്നു. ചോദിക്കുവാനുള്ള ധൈര്യം കുതിരക്കില്ലായിരുന്നു രാജകുമാരിയുടെ ചെവിയിൽ അവളുടെ ബന്ധുക്കൾ എന്തൊക്കെയോ പറയുന്നുണ്ട്. അവൾ ഇടക്കിടക്ക് തലയാട്ടുന്നുണ്ട്. അവൾ സന്തോഷത്തിലാണ്. രാജകുമാരിക്ക് ഭയപ്പെടേണ്ടതായൊന്നുമില്ല. തന്നെ ചതിക്കുമോ എന്ന ഭയം മാത്രമേ അവൾക്കുള്ളൂ. അതിനുള്ള പരിഹാരം മുൻകൂട്ടി കാണാതെ അവൾ സവാരിക്ക് മുതിരില്ല.
എന്നാൽ കുതിരയുടെ കാര്യം അങ്ങിനെയല്ല. ഇനിയുള്ള ജീവിതകാലം മുഴുവൻ രാജകുമാരിയെ ചുമക്കണം. അത് സന്തോഷക്കളേറെ ദുഃഖം നിറഞ്ഞതാണ്. തന്റെ സഹന ശക്തിയെ മരണംവരെ അവൾ പരീക്ഷിച്ചു കൊണ്ടേയിരിക്കും. ഇതിലൊന്ന് പതറിയാൽ അവിടെ സംഘർഷം ഉറപ്പാണ്. സംഘര്‍ഷമില്ലാതെ ആരും ആരുടേയും ഭാരം ചുമക്കാറില്ല മറ്റു കുതിരകളുടെ അനുഭവത്തിലൂടെ ആ സത്യം കുതിര തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്നെ എന്ത്കൊണ്ട് ആ ഭാരം ചുമക്കാൻ ഞാൻ തയ്യാറായി. അതിനുള്ള ഉത്തരം കുതിരക്കറിയില്ലായിരുന്നു.
തുടരും……