ഫിലഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ ഇന്ത്യന്‍ യുവജന പരിപാടികളിലെ നിറസാന്നിധ്യവും, സൗമ്യ വ്യക്തിത്വവുമായ കുരുവിള ജയിംസിനെ (ജെറി പെരിങ്ങാട്ട്) ഫോമ യൂത്ത് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് കല നോമിനേറ്റ് ചെയ്തു.
സ്കൂള്‍ തലം മുതല്‍ അക്കാഡമിക് വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തിയിരുന്ന ജെറി, ഫിലഡല്‍ഫിയ നഗരപ്രാന്തങ്ങളിലെ ഭവനരഹിതര്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കുന്നതിന് നേതൃത്വം നല്‍കിയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. ഇന്‍ഡോ- പാക് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സംയുക്ത സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ വര്‍ണ്ണബബളമായി സാംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ച് മികച്ച സംഘാടകന്‍ എന്ന ഖ്യാതിയും നേടി. മാസ്മരിക പ്രകടനംകൊണ്ട് പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച ‘പുണ്യാളന്‍സ്’ സ്റ്റേജ് പെര്‍ഫോമന്‍സ് ഗ്രൂപ്പിലൂടെ കലാരംഗത്ത് ചുവടുറപ്പിച്ച ജെറി, ഒരു ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്.
ഫിലഡല്‍ഫിയയിലെ തന്റെ ഇടവക ദേവാലയത്തിലെ സജീവ പങ്കാളിയായ ജെറിയുടെ പത്രധിപത്യത്തില്‍ ‘ഇയര്‍ബുക്ക്’ എന്ന പ്രസിദ്ധീകരണവും പുറത്തിറങ്ങിയിട്ടുണ്ട്.
കോട്ടയം തെള്ളകം പെരിങ്ങാട്ട് ജയിംസ് – റോസമ്മ ദമ്പതികളുടെ സീമന്തപുത്രനാണ് ഈ ടെമ്പിള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി. റിസ്ക് മാനേജ്‌മെന്റ് ആണ് ഐശ്ചിക വിഷയം. നര്‍ത്തകി കൂടിയായ മരിയ ജയിംസ് ഏക സഹോദരിയാണ്.