കുരങ്ങ് മദ്യം കുടിച്ചപ്പോള്‍

വടാട്ടുപാറ വനം. അവിടെ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് നാലു നായാട്ടുകാര്‍ മദ്യപിച്ചു. മദ്യപാനം കഴിഞ്ഞ് അവര്‍ നായാട്ടിനു പോയി. അരക്കുപ്പി മദ്യം അവിടെ മറന്നു വച്ചു. നായാട്ടുകാര്‍ പോകുന്നതും അരക്കുപ്പി മദ്യം അവിടെ ഇരിക്കുന്നതും ഒരു കുരങ്ങു കണ്ടു.

കുരങ്ങ് മദ്യം എടുത്തു കഴിച്ചു. കുപ്പി വലിച്ചെറിഞ്ഞു. മദ്യം ഉള്ളില്‍ ചെന്നപ്പോള്‍ കുരങ്ങിന്റെ സ്വബോധം നഷ്ടപ്പെട്ടു. കുരങ്ങ് ഓടാനും തലകുത്തി മറയാനും തുടങ്ങി. അപ്പോള്‍ ഒരു വെടി ഒച്ചയും പട്ടിയുടെ കുരയും കേട്ടു. കുരങ്ങ് പേടിച്ച് ഓടി. ഓട്ടത്തിനിടയില്‍ വിളിച്ചു പറഞ്ഞു.

” ഓടിക്കോ … ഓടിക്കോ..
നായാട്ടുകാര്‍ വരുന്നുണ്ടേ
കൂടെ വേട്ടനായുമുണ്ടേ
ജീവന്‍ വേണമെങ്കില്‍ ഓടി രക്ഷപ്പെട്ടോ”

ഇങ്ങനെ വിളീച്ചു പറഞ്ഞു കൊണ്ട് കുരങ്ങ് ഓടി. കുരങ്ങ് ഓടുന്നത് കുരങ്ങിന്റെ ഭാര്യയും മക്കളും കണ്ടു അവര്‍ പിറകെ ഓടി. കുരങ്ങുകള്‍ നായാട്ടുകാര്‍ വരുന്നുണ്ടേ ഓടിക്കോ എന്നു പറഞ്ഞു ഓടുന്നതു കണ്ട് വനത്തിലുള്ള മറ്റു കുരങ്ങുകളും പിറകെ ഓടി. കുരങ്ങുകള്‍ കൂട്ടത്തോടെ ഓടുന്നതു വനത്തില്‍ മേഞ്ഞു നടന്ന കോലാടുകള്‍ കണ്ടൂ.

ആടുകള്‍ ചോദിച്ചു.

” നിങ്ങള്‍ കൂട്ടത്തോടെ അന്തം വിട്ട് ഓടുന്നത് എന്താണ്?”

” ജീവന്‍ വേണമെങ്കില്‍ ഓടിക്കോ
വരുന്നുണ്ട് പിറകെ
നായാട്ടുകാരും നായാട്ടു നായും”

മുന്‍പേ ഓടിയ കുരങ്ങ് വിളീച്ചു പറഞ്ഞു. കേട്ടപാടെ ആടുകള്‍ കൂട്ടത്തോടെ കുരങ്ങുകളുടെ പിറകെ ഓടി. അവരും വിളീച്ചു പറഞ്ഞു.

” ജീവന്‍ വേണമെങ്കില്‍ ഓടിക്കോ
ജീവന്‍ വേണമെങ്കില്‍ ഓടിക്കോ
വരുന്നുണ്ട് പിറകെ
നായാട്ടുകാരും നായാട്ടു നായയും”

ഇതു കേട്ടപ്പോള്‍ മുള്ളന്‍ പന്നി പറഞ്ഞു.

”നില്‍ക്കു എവിടെയാണ് നായാട്ടുകാരും നായാട്ടു നായയും ? നിങ്ങള്‍ പിറകോട്ട് തിരിഞ്ഞു നോക്ക് നോക്കത്താ ദൂരത്തില്‍ ആരേയും കാണുന്നില്ലല്ലോ?”

കുരങ്ങുകളും ആടുകളും നിന്നു പിറകോട്ട് തിരിഞ്ഞു നോക്കി. ആരെയും കണ്ടില്ല. മുള്ളന്‍ പന്നി ചോദിച്ചു.

” ആരാണ് നായാട്ടുകാരും നായാട്ടു നായയും വരുന്നുണ്ടെന്നു പറഞ്ഞത്? ”

ആടുകള്‍ പറഞ്ഞു.

” ഈ കുരങ്ങുകളാണ് പറഞ്ഞത് അവര്‍ ഓടുന്നതു കണ്ടാണ് ഞങ്ങള്‍ ഓടിയത് ”

മുമ്പില്‍ ഓടിയ കുരങ്ങു പറഞ്ഞു.

” നായാട്ടുനായയുടെ കുരയും വെടിയൊച്ചയും കേട്ടാണ് ഞാന്‍ ഓടിയത്. ഓടുന്ന വഴി എന്റെ ഭാര്യയും മക്കളും പിന്നാലെ ഓടി ഞങ്ങള്‍ ഓടുന്നതു കണ്ടാണ് മറ്റു കുരങ്ങുകള്‍ ഓടിയത്”

” ഏതായാലും നില്‍ക്കു. നായാട്ടുകാര്‍ വരുന്നുണ്ടോ എന്നു നോക്കാം ” മുള്ളന്‍ പന്നി പറഞ്ഞു.

മുള്ളന്‍ പന്നി പറഞ്ഞതു കേട്ട് മറ്റ് മൃഗങ്ങളെല്ലാം നായാട്ടുകാരുടേ വരവു കാത്തു നിന്നു. നായാട്ടുകാരും നായാട്ടു നായയും വന്നില്ല.

മൃഗങ്ങള്‍‍ പരസ്പരം കുറ്റം ചാരി ലഹള കൂടി. അവസാനം ആദ്യം ഓടിയവനെ എല്ലാവരും കൂടി പിടി കൂടി ചോദിച്ചു.

” എന്തിനാടാ നുണ പറഞ്ഞ് ഞങ്ങളെയെല്ലാവരേയും പേടിപ്പിച്ച് ഓടിച്ചത്?”

” എനിക്ക് ഒരബദ്ധം പറ്റിയതാണ്. ഞാന്‍ കുറച്ച് മദ്യം കഴിച്ചു അപ്പോള്‍‍ എന്റെ സ്വബോധം നഷ്ടപ്പെട്ടു അങ്ങനെ സംഭവിച്ചു പോയതാണ്”

കുരങ്ങന്റെ വെളീപ്പെടുത്തലുകള്‍ കേട്ടപ്പോള്‍‍ എല്ലാവരുടേയും ഭയവും ഉത്കണ്ഠയും മാറീ ഓരോരുത്തരും അവരവരുടെ വഴിക്കു പോയി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here